പരിചിതമായ പ്രണയസങ്കൽപ്പങ്ങളെ മാറ്റി മലയാളസിനിമയിൽ സ്വവർഗപ്രണയം പ്രമേയമാക്കിയ ആദ്യചിത്രമായിരുന്നു മോഹൻ സംവിധാനം ചെയ്ത “രണ്ട് പെൺകുട്ടികൾ’. വി ടി നന്ദകുമാർ അതേപേരിൽ രചിച്ച നോവൽ സിനിമയാക്കുകയായിരുന്നു. സുരാസുവാണ് തിരക്കഥ ഒരുക്കിയത്. 1978ലാണ് ചിത്രം പുറത്തിറങ്ങിയത്.
നാൽപ്പത്തഞ്ചുവർഷത്തിനുശേഷം പുറത്തിറങ്ങിയ “കാതൽ’ ചിലർക്കുണ്ടാക്കിയ അലോസരം നോക്കുമ്പോൾ വിപ്ലവകരമായ ചുവടുവയ്പായിരുന്നു “രണ്ട് പെൺകുട്ടികൾ’. സ്കൂളിൽ പഠിക്കുന്ന കോകിലയുടെയും ഗിരിജയുടെയും പ്രണയകഥയാണ് ചിത്രം പറയുന്നത്. ഇരുവരും അടുപ്പത്തിലായിരിക്കുമ്പോൾത്തന്നെ ഗിരിജയ്ക്ക് ഒരു പുരുഷനോടും പ്രണയം തോന്നുന്നുണ്ട്. ജീവിതം പലദിശകളിലായ ഇരുവരുടെയും പ്രണയം ഇല്ലാതായി. സാധാരണ ദാമ്പത്യജീവിതത്തിന് കോകിലയും ഗിരിജയും തയ്യാറാകുന്നു. ശോഭയും അനുപമയുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അനുപമ പിന്നീട് മോഹന്റെ ജീവിതസഖിയായി.
പത്മരാജൻ സംവിധാനം ചെയ്ത് 1986ൽ പുറത്തിറങ്ങിയ “ദേശാടനക്കിളി കരയാറില്ല’ ആയിരിക്കും ലെസ്ബിയൻ പ്രണയം പറഞ്ഞ ചിത്രമായി പലരുടെയും മനസ്സിലുണ്ടാകുക. കാർത്തികയും ശാരിയുമായിരുന്നു ഇതിൽ നായികമാർ. 2004ൽ ലിജി ജെ പുൽപ്പള്ളി സംവിധാനം ചെയ്ത “സഞ്ചാരം’ രണ്ട് പെൺകുട്ടികളുടെ പ്രണയം അവതരിപ്പിക്കുന്നതായിരുന്നു. സുഹാസിനി വി നായരും ശ്രുതി മേനോനും ആയിരുന്നു ഇതിൽ താരങ്ങൾ. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം “മുംബൈ പൊലീസി’ലും സ്വവർഗപ്രണയം പ്രമേയമായി. 2014ൽ എം ബി പത്മകുമാർ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ “മൈ ലൈഫ് പാർട്ണർ’, ജയൻ ചെറിയാൻ സംവിധാനം ചെയ്ത “ക ബോഡി സ്കേപ്സ്’, ഗീതു മോഹൻദാസിന്റെ നിവിൻപോളി ചിത്രം മൂത്തോൻ തുടങ്ങിയ സിനിമകളും സ്വവർഗപ്രണയം പ്രമേയമാക്കിയവയാണ്.
സ്ത്രീ–-പുരുഷ പ്രണയമല്ലാതെ മറ്റൊരു പ്രണയം പ്രേക്ഷകന് ചിന്തിക്കാനാകാത്ത കാലത്താണ് മോഹൻ ലെസ്ബിയൻ പ്രമേയവുമായി എത്തിയത്. തുടക്കക്കാരനായിരുന്ന മോഹന്റെ രണ്ടാം ചിത്രമായിരുന്നു ‘രണ്ട് പെൺകുട്ടികൾ’. മോഹന്റെ മൂന്നാം ചിത്രമായ ‘ശാലിനി എന്റെ കൂട്ടുകാരി’യിൽ രണ്ട് കോളേജ് കുമാരികൾ തമ്മിലുള്ള തീവ്രസൗഹൃദമായിരുന്നു പ്രമേയം.