ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കാതിരിക്കാനുള്ള ഗൂഢാലോചനയാണ് സർക്കാർ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പുതിയ പുതിയ വിവാദങ്ങളുടെ മറവിൽ യഥാർത്ഥ പ്രശ്നത്തിൽ നിന്നും ഒളിച്ചോടാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അന്തസത്തയെ പൂർണ്ണമായും തള്ളിക്കളയുന്നതാണ് സർക്കാറിന്റെ നിലപാടെന്നും കോന്നിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
കമ്മീഷൻ പരാമർശിച്ചിട്ടുള്ള ഗുരുതരമായ വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള ആർജ്ജവം സർക്കാറിനില്ല. ഇപ്പോൾ ഉയർന്നുവരുന്ന മറ്റു വിവാദങ്ങൾ സർക്കാർ ഒളിച്ചോടാനുള്ള അവസരമാക്കി മാറ്റുകയാണ്. സർക്കാർ നിയോഗിച്ചിട്ടുള്ള സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ഉപാധി മാത്രമാണ്. സർക്കാറിന് ആത്മാർത്ഥതയുണ്ടെങ്കിൽ ആദ്യം നടപടിയെടുക്കേണ്ടത് കൊല്ലം എംഎൽഎ മുകേഷിനെതിരെയാണ്. ഗുരുതരമായ ആരോപണങ്ങളാണ് മുകേഷിനെതിരെ ഉയർന്നുവന്നിരിക്കുന്നത്.
അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുന്നതിലൂടെയാണ് സർക്കാരിന്റെ ആത്മാർത്ഥത ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത്. മുകേഷിനെതിരെ കേസ് എടുക്കണം അദ്ദേഹത്തെ ചോദ്യം ചെയ്യണം. അറസ്റ്റ് ചെയ്യുകയും വേണം. സിപിഐ നേതാക്കന്മാർ പോലും മുകേഷ് രാജിവെക്കണമെന്ന് പരസ്യമായി ആവശ്യപ്പെടുകയാണ്. എന്നിട്ടും സിപിഎമ്മും സർക്കാറുമാണ് മുകേഷിന് സംരക്ഷണ കവചം ഒരുക്കുന്നത്.
മുകേഷിനെ വെച്ചുകൊണ്ട് എങ്ങനെയാണ് ഒരു ചലച്ചിത്ര കോൺക്ലേവ് നടത്തുക എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഷാജി എൻ കരുണിനെ പറ്റിയും ആരോപണം ഉയർന്നിരിക്കുകയാണ്. അടിയന്തരമായി കോൺക്ലേവ് നിർത്തിവെക്കാൻ സർക്കാർ തയ്യാറാവണം. വേട്ടക്കാർ എല്ലാം കൂടി ചേർന്ന് എന്ത് കോൺക്ലേവാണ് നടത്താൻ ഉദ്ദേശിക്കുന്നതെന്നും കെ. സുരേന്ദ്രൻ ചോദിച്ചു.