Monday, October 28, 2024
Homeഇന്ത്യകേന്ദ്രസർക്കാർ അവതരിപ്പിച്ച യുപിഎസ് നടപ്പിലാക്കാൻ സംസ്ഥാന സർക്കാരുകളും തയ്യാറാകുന്നു: ആദ്യം തീരുമാനമെടുത്തത് മഹാരാഷ്ട്ര സർക്കാർ

കേന്ദ്രസർക്കാർ അവതരിപ്പിച്ച യുപിഎസ് നടപ്പിലാക്കാൻ സംസ്ഥാന സർക്കാരുകളും തയ്യാറാകുന്നു: ആദ്യം തീരുമാനമെടുത്തത് മഹാരാഷ്ട്ര സർക്കാർ

ന്യൂഡൽഹി: കേന്ദ്രസർക്കാർ അവതരിപ്പിച്ച യൂണിഫൈഡ് പെൻഷൻ സ്കീം (യുപിഎസ്) നടപ്പിലാക്കാൻ സംസ്ഥാന സർക്കാരുകളും തയ്യാറാകുന്നു. മഹാരാഷ്ട്ര സർക്കാർ ആണ് ആദ്യം തീരുമാനമെടുത്തത്. ഞായറാഴ്ച ചേർന്ന ഏക്നാഥ് ഷിൻഡെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

2024 മാർച്ച് മുതൽ മുൻകാല പ്രാബല്യത്തോടെ സില പരിഷത്ത് ജീവനക്കാർക്കടക്കം മുഴുവൻ സംസ്ഥാന സർക്കാർ ജീവനക്കാർക്കുമായി പുതിയ പെൻഷൻ പദ്ധതി നടപ്പിലാക്കും. ഏക്നാഥ് ഷിൻഡെ സർക്കാരിൻ്റെ കാലാവധി ഈ വർഷം നവംബറിൽ അവസാനിച്ചു നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മഹാരാഷ്ട്ര കടക്കാനിരിക്കെയാണ് സുപ്രധാന പ്രഖ്യാപനം.

ഇക്കഴിഞ്ഞ ദിവസമാണ് നരേന്ദ്ര മോദി മന്ത്രിസഭ കേന്ദ്രസർക്കാർ ജീവനക്കാർക്കായി യൂണിഫൈഡ് പെൻഷൻ സ്കീം അവതരിപ്പിച്ചത്. നിലവിലെ നാഷണൽ പെൻഷൻ സ്കീമി (എൻപിഎസ്) നെതിരെ ബിജെപി ഇതര സംസ്ഥാനങ്ങളിൽനിന്ന് പ്രതിഷേധം ഉയരുന്നതിനിടെയാണ് കേന്ദ്രസർക്കാരിൻ്റെ പ്രഖ്യാപനം. കൂടാതെ, ജമ്മു കശ്മീർ, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകൾക്കു മുന്നോടിയാണ് സർക്കാർ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.

2025 ഏപ്രിൽ ഒന്നുമുതൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന യുപിഎസിലൂടെ ജീവനക്കാർക്ക് ഉറപ്പായ പെൻഷൻ, കുടുംബ പെൻഷൻ, മിനിമം പെൻഷൻ എന്നിവ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നു. വിരമിക്കുന്നതിന് മുൻപുള്ള 12 മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിൻ്റെ 50 ശതമാനം തുക പെൻഷനായി നൽകുന്നമെടക്കം ആകർഷകമാണ് യുപിഎസ്.23 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്ക് പുതിയ പെൻഷൻ പദ്ധതി പ്രയോജനപ്രദമാകുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.

കൂടാതെ, സംസ്ഥാന സർക്കാരുകളും പദ്ധതി നടപ്പിലാക്കണമെന്ന ആഗ്രഹവും കേന്ദ്രത്തിനുണ്ട്. സംസ്ഥാന സർക്കാരുകൾ കൂടി പദ്ധതി നടപ്പിലാക്കിയാൽ യുപിഎസ് ഗുണഭോക്താക്കളുടെ എണ്ണം 90 ലക്ഷമായി ഉയരും. എൻപിഎസ് ഗുണഭോക്താക്കൾക്ക് യുപിഎസിലേക്ക് മാറാനുള്ള അവസരവും കേന്ദ്രം നൽകുന്നുണ്ട്.

പഴയ പെൻഷൻ പദ്ധതി (ഒപിഎസ്) പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി ബിജെപി ഇതര സർക്കാരുകൾ രംഗത്തെത്തിയത് രാഷ്ട്രീയമായി തിരിച്ചടി നൽകുമെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാരിൻ്റെ നീക്കമെന്നാണ് സൂചന. ജീവനക്കാരനിൽ നിന്ന് വിഹിതം പിടിക്കാത്ത ഒപിഎസ് നടപ്പിലാക്കണമെന്നായിരുന്നു ആവശ്യമെങ്കലും ഇതിനു പകരം പുതിയൊരു പദ്ധതി അവതരിപ്പിക്കാനാണ് കേന്ദ്രം തയ്യാറായത്.

ധനകാര്യ സെക്രട്ടറി ടിവി സോമനാഥൻ്റെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ രൂപീകരിച്ച സമിതിയുടെ ശുപാർശകളാണ് കേന്ദ്രസർക്കാർ നടപ്പിലാക്കുന്നത്. അതേസമയം യുപിഎസ് നടപ്പിലാക്കുന്നതിലൂടെ പെൻഷൻ വിതരണത്തിന് ഏകദേശം 6250 കോടി രൂപ കേന്ദ്രസർക്കാരിന് അധികമായി വകയിരത്തേണ്ടിവരുമെന്ന റിപ്പോർട്ടുണ്ട്. നടപ്പു സാമ്പത്തിക വർഷത്തിലെ പെൻഷൻ വിതരണത്തിന് (പ്രതിരോധം, റെയിൽവേ എന്നിവ ഒഴിച്ച്) 79,241 കോടി രൂപ ചെലവഴിക്കേണ്ടി വരുമെന്നാണ് കേന്ദ്രസർക്കാർ കണക്കാക്കുന്നത്. മുൻവർഷത്തേക്കാൾ 6.1 ശതമാനം വർധനയാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments