Monday, November 25, 2024
Homeസിനിമമധുരമൂറുന്ന പാലും പഴവും.

മധുരമൂറുന്ന പാലും പഴവും.

ഇൻസ്റ്റക്ക് മുൻപുള്ള ഫെയ്സ്ബുക്ക് കാലത്തെ ഒരു പ്രണയ അപാരത! ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ പാലും പഴവും എന്ന വി.കെ.പ്രകാശ് ചിത്രത്തെ ഇങ്ങനെ വിവരിക്കാം. മീര ജാസ്മിൻ നായികയായെത്തിയ കോമഡി ഫൺ സിനിമ അൽപം ചിരിപ്പിക്കും, കുറച്ചു ചിന്തിപ്പിക്കും, ഒടുവിൽ സിനിമയിൽ അശ്വിൻ ജോസ് അവതരിപ്പിക്കുന്ന കഥാപാത്രം പറയുന്ന പോലെ, ‘അവരും പറക്കട്ടെ’ എന്നു തോന്നിപ്പിക്കും. വളരെ ഗൗരവമായ ഒരു വിഷയത്തെ നർമത്തിൽ പൊതിഞ്ഞാണ് പ്രേക്ഷകർക്കു മുൻപിൽ അവതരിപ്പിക്കുന്നത്. മെലോഡ്രാമയിലേക്ക് വഴുതി വീഴാതെ സരസമായി ആ വിഷയം അവതരിപ്പിക്കാൻ കഴിഞ്ഞുവെന്നതാണ് സിനിമയുടെ ഏറ്റവും വലിയ പൊസിറ്റീവ്.

രണ്ടു ട്രാക്കുകളിലാണ് സിനിമയുടെ കഥ തുടങ്ങുന്നത്. നായകന്റെയും നായികയുടെയും ജീവിതത്തെക്കുറിച്ചുള്ള ആ ഫ്ലാഷ്ബാക്ക് രംഗങ്ങളിൽ നിന്നു തന്നെ രണ്ടു കഥാപാത്രങ്ങളുടെയും സ്വഭാവസവിശേഷതകൾ വെളിപ്പെടും. ഈയടുത്ത കാലത്ത് ഹിറ്റായ പല സിനിമകളിലും വർക്കായ അലസനും പ്രത്യേകിച്ച് ഒന്നിനോടും ആത്മാർഥതയില്ലാത്ത നായകനാണ് ഈ സിനിമയിലും. പഠിപ്പിസ്റ്റായ ചേട്ടനെക്കൊണ്ട് പൊറുതിമുട്ടി നടക്കുന്ന, പ്രത്യേകിച്ചങ്ങനെ ലക്ഷ്യങ്ങളൊന്നുമില്ലാതെ ഫ്രീക്കായി നടക്കുന്ന സുനിൽ! അമ്മയുടെ വാവ! അതേസമയം, മറുവശത്ത് സീൻ അൽപം ഡാർക്കാണ്. നല്ല വിദ്യാഭ്യാസവും ജോലിയും കിട്ടിയിട്ടും തന്റേതല്ലാത്ത കാരണങ്ങളാൽ വീട്ടിലിരിക്കേണ്ടി വന്ന സുമി, വയസ്സ് 33! ഇവരുടെ ട്രാക്കുകൾ കൂടിച്ചേരുന്നിടത്താണ് ശരിക്കും സിനിമ തുടങ്ങുന്നത്. പെട്ടെന്നുള്ള എടുത്തുചാട്ടത്തിന്റെ പേരിൽ വിവാഹിതരാകുന്ന 33കാരിയായ സുമിയും 23കാരനായ സുനിലും ഒരുമിച്ചൊരു ജീവിതം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ്. അവരുടെ സംഭവബഹുലമായ മധുവിധുകാലമാണ് സിനിമ പ്രേക്ഷകർക്കു മുൻപിൽ തുറന്നു വയ്ക്കുന്നത്.
ഒരു പ്രായം കഴിഞ്ഞാൽ സ്ത്രീകളെ പലരും വിശേഷിപ്പിക്കുക ‘ചേച്ചി’, ‘ആന്റി’ എന്നൊക്കെയാണല്ലോ. ആണുങ്ങളാണെങ്കിൽ ചേട്ടനും അങ്കിളുമൊക്കെയാകും. അതൊരു നാട്ടുനടപ്പായി സംഭവിക്കുന്ന കാര്യങ്ങളാണ്. പക്ഷേ, സ്ത്രീകൾ വളരെ പെട്ടെന്ന് ചേച്ചിയും അമ്മച്ചിയും ആന്റിയുമൊക്കെയാകുന്നതാണ് പൊതുവെ കാണാറുള്ളത്. മുപ്പതു കഴിഞ്ഞാൽ മുതുക്കിയെന്ന് വിളിച്ച് പരിഹസിക്കുന്ന അത്തരം ചില കൂട്ടങ്ങളുടെ മനോവ്യാപാരങ്ങളെ തുറന്നു കാട്ടുകയാണ് സിനിമ. പ്രായം വെറും നമ്പറാണെന്നു പറയുമെങ്കിലും കാര്യത്തോട് അടുക്കുമ്പോൾ ആ ‘നമ്പർ’ വെറും നമ്പറല്ലെന്നു വരും. ഇതിന്റെ ഉള്ളുകള്ളികളെ ഒരു വിവാഹത്തിന്റെ പശ്ചാത്തലത്തിൽ തുറന്നു കാണിക്കുകയാണ് സിനിമ. അതിൽ ചർച്ചയാകുന്നത് ജൻഡറാണ്. അതിന്റെ സാമൂഹ്യനിർമിതിയാണ്.

‘ഇയാൾക്ക് ഭർത്താവിന്റെ ലുക്കില്ലല്ലോ’ എന്ന് സിനിമയിൽ ഒരു ഭാഗത്ത് ഒരു കഥാപാത്രം ചോദിക്കുന്നുണ്ട്. ‘ഭർത്താവിന് അങ്ങനെ ലുക്കുണ്ടോ?’ എന്നൊരു മറുചോദ്യത്തിലൂടെയാണ് അതിനെ സിനിമ അഭിസംബോധന ചെയ്യുന്നത്. ഭാര്യ, ഭർത്താവ്, സ്ത്രീ, പുരുഷൻ എന്നിങ്ങനെ ഓരോ റോളുകൾക്കുമുണ്ട് ചില ചിട്ടവട്ടങ്ങൾ, വാർപ്പുമാതൃകകൾ! അതിൽ നിന്നു മാറി നടക്കുന്നവരെ പരിഹാസം കൊണ്ടാകും സമൂഹം നേരിടുക. സ്ത്രീ–പുരുഷ ബന്ധങ്ങളിലെ ഈ നാട്ടുനടപ്പിനെയാണ് സിനിമ ചോദ്യം ചെയ്യുന്നത്. നാട്ടുനടപ്പിനെക്കാൾ പ്രധാനം, പരസ്പരമുള്ള ആദരവും മതിപ്പുമാണെന്ന് സിനിമ പറഞ്ഞു വയ്ക്കുന്നു.

മീര ജാസ്മിന്റെയും അശ്വിൻ ജോസിന്റെയും ഗംഭീര പ്രകടനങ്ങളാണ് സിനിമയെ ആസ്വാദ്യകരമാക്കുന്നത്. അൽപം സിനിമാറ്റിക് ആയ കഥ പറച്ചിലിനെ രസകരമായ കാഴ്ചയാക്കുകയാണ് ഇരുവരും. മലയാളികൾക്ക് ഇഷ്ടമുള്ള ഒരു മീര ജാസ്മിൻ ഫാക്ടറില്ലേ! അത് ഈ സിനിമയിൽ അനുഭവിക്കാം. അത്രയും നിറഞ്ഞു നിൽക്കുന്നുണ്ട് മീര ഈ സിനിമയിൽ. അതിനൊപ്പം നിൽക്കുന്നുണ്ട് അശ്വിൻ ജോസിന്റെ സുനിലും. ഇരുവരും തമ്മിലുള്ള കെമിസ്ട്രി വളരെ ‘സ്വീറ്റ്’ ആയി സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്. അതിന് കയ്യടി നേടുന്ന് സംവിധായകൻ വി.കെ.പ്രകാശ് ആണ്. വൈവിധ്യമേറിയ ധാരാളം പ്രണയജോടികളെ മലയാളത്തിന് സമ്മാനിച്ച സംവിധായകനാണ് വി.കെ.പി. ആ പട്ടികയിലേക്കുള്ള മറ്റൊരു എൻട്രിയാണ് സുമിയും സുനിലും!

ശാന്തികൃഷ്ണ, അശോകൻ, മണിയൻപിള്ള രാജു, നിഷ സാരംഗ്, മിഥുൻ രമേശ്, ആദിൽ ഇബ്രാഹിം, രചന നാരായണൻകുട്ടി, ഷിനു ശ്യാമളൻ, ചൂരൽ ഫെയിം ഷമീർ ഖാൻ തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട് സിനിമയിൽ. എല്ലാവരും മികച്ച പ്രകടനങ്ങളാണ് കാഴ്ച വച്ചത്. പ്രത്യേകിച്ചും ശാന്തികൃഷ്ണ! ഒരൽപം നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെ അസ്സലായി ചെയ്തിട്ടുണ്ട്. സിനിമയുടെ ഒരു പോയിന്റിൽ കരയിപ്പിച്ചു ചിരിപ്പിക്കുന്നുണ്ട് അവർ. രചന നാരായണൻകുട്ടിയുടെയും ഒരു മികച്ച കഥാപാത്രത്തെ സിനിമയിൽ കാണാം. അൽപം ലൗഡ് ആയ കഥാപാത്രത്തെയാണ് അശോകൻ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.

നവാഗതനായ ആഷിഷ് രജനി ഉണ്ണികൃഷ്ണനാണ് ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സ്ത്രീപക്ഷം പറയാൻ അത്ര വലിയ മസിൽ‍പ്പിടുത്തമൊന്നും ആവശ്യമില്ലെന്ന് ഈ സിനിമയിലൂടെ ആഷിഷ് തെളിയിക്കുന്നു. രാഹുൽ ദീപിന്റെ ക്യാമറ സിനിമയ്ക്ക് അനുയോജ്യമായ ദൃശ്യലോകം മികവോടെ ഒരുക്കിയിട്ടുണ്ട്. പ്രവീൺ പ്രഭാകറിന്റെ എഡിറ്റും സിനിമയ്ക്ക് ഒഴുക്കുള്ള കാഴ്ച സമ്മാനിച്ചു. പശ്ചാത്തലസംഗീതം നിർവഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്. ഒരുപിടി സംഗീത സംവിധായകർ ഒരുക്കിയിരിക്കുന്ന ഗാനങ്ങൾ ചിത്രത്തിലുണ്ട്. ഗോപി സുന്ദർ, സച്ചിൻ ബാലു, ജോയൽ ജോൺസ്, ജസ്റ്റിൻ–ഉദയ് എന്നിവരാണ് സിനിമയ്ക്കായി ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ പശ്ചാത്തലത്തോടു യോജിക്കുന്ന ഗാനങ്ങളായിരുന്നെങ്കിലും തിയറ്ററിനു പുറത്തേക്ക് പ്രേക്ഷകർക്കൊപ്പം അവ വരുന്നില്ല.

ചുരുക്കത്തിൽ, ടു ക്രിയേറ്റീവ് മൈൻഡ്സിന്റെ ബാനറിൽ വി.കെ.പ്രകാശ് ഒരുക്കുന്ന പാലും പഴവും ഒരു ഫൺ എന്റർടെയ്നറാണ്. എന്നാൽ, വെറുതെ ചിരിച്ചു കളയാനുള്ളതല്ല ഈ പാലും പഴവും. ഒരൽപം മധുരം പ്രേക്ഷകരുടെ ഉള്ളിൽ നിറക്കുന്നുണ്ട് ഈ സിനിമ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments