നേപ്പാളില്‍ ഇന്ത്യക്കാരുമായി പോയ ബസ് നദിയിലേക്ക് മറിഞ്ഞ് 14 പേര്‍ മരിച്ചു.
തനാഹൂന്‍ ജില്ലയിലെ മര്‍സ്യാങ്ഡി നദിയിലേക്കാണ് ബസ് മറിഞ്ഞത്. അപകടത്തില്‍ 16 പേര്‍ക്ക് പരിക്കുണ്ട്. പൊഖ്രയില്‍ നിന്നും കാത്മണ്ഡുവിലേക്ക് പോയ ബസാണ് അപകടത്തില്‍പെട്ടത്. അപകട സമയം ബസില്‍ 40 ഇന്ത്യക്കാരുണ്ടായിരുന്നുവെന്നാണ് വിവരം
45 അംഗ പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സംഭവ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ആംഡ് പൊലീസ് ഫോഴ്‌സ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ട്രെയിനിങ് സ്‌കൂളില്‍ നിന്നെത്തിയ മാധവ് പൗഡലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
ഉത്തര്‍പ്രദേശ് രജിസ്‌ട്രേഷനിലുള്ള ബസാണ് അപകടത്തില്‍പ്പെട്ടത്. സംസ്ഥാനത്ത് നിന്നുള്ള ആരെങ്കിലും ബസിലുണ്ടായിരുന്നോ എന്നത് കണ്ടെത്താന്‍ ശ്രമിക്കുകയാണെന്ന് ഉത്തര്‍പ്രദേശ് റിലീഫ് കമ്മീഷണര്‍ അറിയിച്ചു.
കഴിഞ്ഞ മാസവും സമാനമായ ഒരു അപകടം നേപ്പാളില്‍ ഉണ്ടായിരുന്നു. ത്രിശൂലി നദിയില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ അമ്പതിലധികം പേരാണ് മരിച്ചത്. ഇതില്‍ ഏഴ് ഇന്ത്യക്കാരും ഉള്‍പ്പെട്ടിരുന്നു.