തിരുമല തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവി. തന്റെ 69-ാം ജന്മദിനത്തോടനുബന്ധിച്ചാണ് താരം തിരുമലയിലെ ശ്രീ ബാലാജി സന്നിധിയിലെത്തിയത്. ഭാര്യ സുരേഖ കൊനിഡേലയും അമ്മയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് അദ്ദേഹം ക്ഷേത്ര ദര്‍ശനം നടത്തിയത്.
ചിരഞ്ജീവി ക്ഷേത്രദര്‍ശനം നടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്. പരമ്പരാഗത ഓഫ്-വൈറ്റ് സില്‍ക്ക് മുണ്ടും കുര്‍ത്തയും കസവു ബോര്‍ഡറുള്ള ഷോളും ധരിച്ചെത്തിയ അദ്ദേഹം ആരാധകരെ അഭിവാദ്യം ചെയ്ത ശേഷമാണ് ക്ഷേത്രത്തിലേക്ക് പ്രവേശിച്ചത്. ക്ഷേത്ര ഭാരവാഹികള്‍ ഊഷ്മള സ്വീകരണമാണ് അദ്ദേഹത്തിന് നല്‍കിയത്.
1978-ല്‍ ‘പുനദിരല്ലു’ എന്ന ചിത്രത്തിലൂടെയാണ് ചിരഞ്ജീവിയുടെ സിനിമാജീവിതത്തിന് തുടക്കം കുറിക്കുന്നത്. തുടര്‍ന്ന് ‘വിജയ’, ‘ഇന്ദ്ര’, ‘ശങ്കര്‍ ദാദ എംബിബിഎസ്’, ‘ഭോലാ ശങ്കര്‍’ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ അദ്ദേഹം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചു. സിനിമയിലെ അദ്ദേഹത്തിന്റെ സംഭാവനകളെ മാനിച്ച് കേന്ദ്രസര്‍ക്കാര്‍ ഈ വര്‍ഷം ഇന്ത്യയിലെ രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു.