Monday, October 28, 2024
Homeകഥ/കവിതബൗണ്ടറികൾ'. (തുടർക്കഥ - Part - 4) ✍ പ്രതാപ് ചന്ദ്രദേവ്.

ബൗണ്ടറികൾ’. (തുടർക്കഥ – Part – 4) ✍ പ്രതാപ് ചന്ദ്രദേവ്.

പ്രതാപ് ചന്ദ്രദേവ്.

കഥ ഇതുവരെ:
താൻ ഒരു ഹൃദ്രോഗി ആണെന്ന് മനസ്സിലാക്കിയ രാഹുൽ തൻ്റെ എല്ലാമായ ലക്ഷ്മിയുടെ ഭാവിയെ പരിഗണിച്ച് കല്യാണത്തിനു താല്പര്യമില്ലെന്ന് പറയുന്നു. അതു നിമിത്തം അയാൾക്ക് തൻ്റെ അച്ഛനെയും അമ്മയെയും നഷ്ടമാകുന്നു. ലക്ഷ്മിയുടെ കല്യാണം കഴിയുന്നു. ശിഷ്ടകാലം ഹിമാലയസാനുക്കളിൽ ചിലവഴിക്കാൻ തീരുമാനിക്കുന്നു. അവിടെവച്ച് അയാൾ ഹരീഷ്ജി എന്ന ഭിഷഗ്വരനെ പരിചയപ്പെടുന്നു.അദ്ദേഹത്തിൻ്റെ പരിചരണത്തിൽ, മാറില്ല എന്ന് വിശ്വസിച്ചിരുന്ന രോഗം മാറുന്നു. പുസ്തകം പബ്ലിഷ് ചെയ്ത വകയിൽ കിട്ടിയ ഭീമമായ തുക അനിയനും കുടുംബത്തിനും കൊടുക്കാനായി അയാൾ നാട്ടിലെത്തുന്നു.

തുടർന്ന് വായിക്കുക.

റെയിൽവേ സ്റ്റേഷൻ്റെ നേരെ എതിർ വശത്താണ് ബസ് സ്റ്റാൻ്റ്. ടാക്സി പിടിക്കാതെ നേരെ അങ്ങോട്ടു നടന്നു. എൻ്റെ നാട്ടിലേയ്ക്കുള്ള ബസ്സ്, സ്റ്റാൻ്റിൽ കിടപ്പുണ്ട്. ബസ്സിൽക്കയറി, സൈഡ് സീറ്റിൽ ഇരുന്നു. ബസ്സിൽ ഒന്നു രണ്ടു നാട്ടുകാരുണ്ടായിരുന്നെങ്കിലും അവരുടെ ഭാവങ്ങളിൽ നിന്ന് എന്നെ അവർ തിരിച്ചറിഞ്ഞിട്ടില്ല എന്ന് മനസ്സിലായി. ഈ നാട്ടിൽ നിന്ന് പോയിട്ട്, ആറേഴ് വർഷങ്ങളായിരിക്കുന്നു. വല്യ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടുണ്ടാകില്ല. എന്നാലും ബസ്സ് മുന്നോട്ടു പോയപ്പോൾ, ചില പരിചയമുള്ള കെട്ടിടങ്ങളുടെ സ്ഥാനത്ത് കൂടുതൽ വലിയ നിലകളുള്ള കെട്ടിടങ്ങൾ കണ്ടു.

ഇളം ചൂടുള്ള കാറ്റ്, മെല്ലെ തഴുകിയപ്പോൾ, അറിയാതെ കണ്ണടഞ്ഞു പോയി. കവലയിൽ വണ്ടി നിന്നപ്പോഴാണ് പെട്ടെന്ന് ഞെട്ടി ഉണർന്നത്. അവിടെ വല്യ മാറ്റമൊന്നും കണ്ടില്ല. ജോത്സ്യൻ രാജേന്ദ്രൻ ചേട്ടൻ്റെ പഴയ ജ്യോതിഷാലയം ഇരുന്ന സ്ഥാനത്ത്, മൂന്നു നിലയിലുള്ള ഒരു വലിയ കെട്ടിടം. താഴത്തെ നില ഒരു ബ്ലേഡ് കമ്പനിയും ബേക്കറിയും കൂടെ പകുത്തെടുത്തിരിക്കുന്നു. രണ്ടാമത്തെ നിലയിൽ രാജേന്ദ്രൻ ചേട്ടൻ്റെ പടമുള്ള ഒരു കൂറ്റൻ ഫ്ലക്സ് വച്ചിരിക്കുന്നു. ബാൽക്കണിയിലിട്ടിരിക്കുന്ന കസേരകളിൽ കുറച്ചുപേർ തങ്ങളുടെ ഭാവി ഫലമറിയാനായി ഊഴവും കാത്തിരിക്കുന്നു.
പണ്ട് വല്ലപ്പോഴും ഒന്നോ രണ്ടോ കസ്റ്റമേഴ്സ് മാത്രമേ വഴിതെറ്റിയതു പോലെ വരുമായിരുന്നുള്ളു. ബോറടിച്ചിരിക്കുമ്പോൾ, അതു വഴി പോകുന്ന എന്നെക്കാണുമ്പോൾ പിടിച്ചിരുത്തി സംസാരിച്ചുകൊണ്ടേയിരിക്കും. ബിസിനസ്സ് കുറവാണെന്നും ഇങ്ങനെ പോയാൽ വേറെന്തെങ്കിലും പണി നോക്കേണ്ടി വരുമെന്നും രാജേന്ദ്രൻ ചേട്ടൻ പറയും. ഇനി പഴയതുപോലെയൊന്നും കക്ഷിയെ കാണാൻ കിട്ടില്ല എന്ന് തോന്നുന്നു. എന്തായാലും സന്തോഷം, രാജേന്ദ്രൻ ചേട്ടൻ രക്ഷപ്പെട്ടല്ലോ.

മണിയൻ പിള്ളയുടെ റേഷൻ കടയുടെ സൈഡിലൂടെയുള്ള റോഡിലൂടെ വീട്ടിലേയ്ക്ക് നടന്നു. രണ്ടു വശത്തുമുള്ള മന്ദാരകൾ മാറി മതിലുകൾ രൂപം കൊണ്ടിരിക്കുന്നു. പഴയതുപോലെ വഴിയിലൊന്നും ആരുമില്ല. കണ്ടവരൊന്നും എന്നെ തിരിച്ചറിയുന്നുമില്ല. ഇത്രയ്ക്ക് ഞാനങ്ങ് മാറിയോ?! താടിയിലും കാവിയിലും പഴയ ആ പ്രസരിപ്പുള്ള ചെറുപ്പക്കാരൻ മറഞ്ഞു പോയതാകണം.

ഞങ്ങളുടെ വീടിനു മുന്നിലും വലിയൊരു മതിലും ഗേറ്റും! പഴയ ഓടിട്ട തറവാടിൻ്റെ മുൻവശം കുറച്ചു ഭാഗം ഇടിച്ചു കളഞ്ഞ് ഒരു ഇരുനില ബിൽഡിംഗ് വച്ചിരിക്കുന്നു. എല്ലാ കാര്യങ്ങളും അപ്പോഴപ്പോൾ അറിയിച്ചു കൊണ്ടിരുന്ന അനിയൻ എന്തേ ഇക്കാര്യം പറഞ്ഞില്ല! ഗേറ്റ് അകത്തുനിന്ന് കുറ്റിയിട്ടിരിക്കുന്നു. പുറത്ത് ബെല്ലൊന്നും കണ്ടില്ല. ഗേറ്റിൻ്റെ വിടവിലൂടെ വിരൽ കടത്തി ഗേറ്റു തുറന്നു. കാർ ഷെഡ്ഡിൽ ഒരു ചുവന്ന പുതിയ കാർ കിടപ്പുണ്ട്. ഗേറ്റ് തുറന്ന ശബ്ദം കേട്ടിട്ടാകണം വാതിൽ തുറന്ന് ഒരു യുവതി പുറത്തുവന്നു. ഉണ്ണിമായയാണെന്ന് ഒറ്റനോട്ടത്തിൽത്തന്നെ മനസ്സിലായി. എന്നെക്കണ്ട അവളുടെ മുഖത്ത് ദേഷ്യം ഇരമ്പിക്കയറുന്നു !

“എന്താ? എന്തിനാ ഗേറ്റു തുറന്നത് ? ഗേറ്റിൽ തട്ടിക്കൂടായിരുന്നോ ? ഇവിടെ പട്ടിയെ അഴിച്ചുവിളിരിക്കയാ. ഇനി അതിനെ പിടിച്ചു മാറ്റാൻ രണ്ടാളു വേണം. പെട്ടെന്ന് വെളിയിലിറങ്ങിക്കോ.”

അവൾ പറഞ്ഞു തീരുംമുമ്പേ ഒരു കൂറ്റൻ നായ കുരച്ചു കൊണ്ട് അങ്ങോട്ട് പാഞ്ഞുവന്നു. അത് എൻ്റെ അടുത്തെത്തിയതും കുര നിറുത്തി എൻ്റെ കാലിൽ സ്നേഹത്തോടെ നക്കാൻ തുടങ്ങി. അതു കണ്ട് അതിശയിച്ചു പോയ അവൾ അകത്തേയ്ക്ക് നോക്കി രാജീവേട്ടാ എന്നു വിളിച്ചു. പുറത്തേയ്ക്കിറങ്ങി വന്ന അനുജൻ, എന്നെക്കണ്ട് അതിശയം പൂണ്ടു.

“ചേട്ടൻ എത്താറായപ്പോൾ ഒന്നു വിളിക്കാത്തതെന്താ ?”

“ഞാൻ മൊബൈൽ ഫോണൊന്നും ഉപയോഗിക്കാറില്ലെന്ന് നിനക്കറിയാമല്ലോ. ട്രെയിനിൽ നിന്ന് ഇറങ്ങി, ബസ്സ്റ്റാൻ്റിലെത്തിയപ്പോൾ ഇങ്ങോട്ടുള്ള ബസ്സ് കിടക്കുന്നതു കണ്ടു, അതിൽ കയറി. ”

ഇപ്പോഴാണ് ഉണ്ണിമായയുടെ മുഖത്തെ ഗൗരവഭാവം മാറിയത്.

“ങേ! രാഹുലേട്ടനായിരുന്നോ ? സത്യമായിട്ടും എനിക്ക് ആളെ മനസ്സിലായില്ല കേട്ടോ. ഇതെന്തൊരു വേഷാ…?”

അവളുടെ ആ വാക്കുകൾക്ക് തല കുലുക്കിക്കൊണ്ട് അനുജനും പറഞ്ഞു:

“അതെ,അതെ ചേട്ടനെന്താ സന്ന്യസിക്കാൻ പോകയാണോ ? ട്രെയിനിലും ബസ്സിലുമൊക്കെ വന്ന്, എന്തിനാ ശരീരം ഇളക്കിയത്? ഒരു ടാക്സി പിടിക്കാമായിരുന്നില്ലേ ? കാശു ഞാൻ കൊടുക്കുമായിരുന്നല്ലോ.”

മറുപടി ഒരു പുഞ്ചിരിയിൽ മാത്രം ഒതുക്കി.
ഉണ്ണിമായ അതിശയം കൊള്ളുന്നതുപോലെ പറഞ്ഞു;

“ഈ ടോണി പരിചയമില്ലാത്തവരെക്കണ്ടാൽ കടിക്കാൻ ചാടുന്നതല്ലേ, ചേട്ടനോട് നല്ല പരിചയമുള്ള പോലെയല്ലേ പെരുമാറുന്നത്!”

അനുജൻ പറഞ്ഞു:

“അത് , ചേട്ടൻ്റെ അടുത്തുവന്നപ്പോൾ, എൻ്റെ രക്തത്തിൻ്റെ മണമാണെന്ന് അവന് മനസ്സിലായിക്കാണും.”

അപ്പോഴാണ് പിള്ളേർ ഓടി വന്നത്. ആദ്യം സംശയിച്ചു നിന്നെങ്കിലും വല്യച്ഛനാണെന്നറിഞ്ഞപ്പോഴുള്ള മക്കളുടെ സ്നേഹം, എൻ്റെ കണ്ണു നനയിപ്പിച്ചു. സഞ്ചിക്കകത്ത് അവർക്കായി വാങ്ങിവച്ചിരുന്ന ചോക്ലേറ്റ്സും മറ്റും എടുത്തു കൊടുത്തപ്പോൾ സഞ്ചി ഏറെക്കുറെ കാലിയായി. നോക്കി നിന്ന ഉണ്ണിമായയോടു പറഞ്ഞു:

“വേറെയാർക്കും ഒന്നും വാങ്ങിയില്ല.”

“ആകെ ഈ ഒരു സഞ്ചി മാത്രമാണോ രാഹുലേട്ടൻ കൊണ്ടുവന്നത്? ഡ്രസ്സ് ഒന്നും എടുത്തില്ലേ?”
തുടരും.

✍ പ്രതാപ് ചന്ദ്രദേവ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments