കോട്ടയ്ക്കൽ.-“ബഹാരോ ഫൂൽബർ സാവോ, മേരാ മെഹബൂബ് ആയാ ഹെ, മേരാ മെഹബൂബ് ആയാഹേ”…….
പ്രായം 73 പിന്നിട്ടിട്ടും ശബ്ദത്തിനു ഇടർച്ചയില്ല., താളം തെറ്റുന്നുമില്ല. നാടൊട്ടുക്കും ഇമ്പമാർന്ന ഹിന്ദിപ്പാട്ടുകൾ പാടി സഞ്ചരിക്കുകയാണ് പൂക്കയിൽ അബൂബക്കർ.
തിരൂരങ്ങാടി കൊടിഞ്ഞി സ്വദേശിയായ പിതാവ് അബ്ദുറഹിമാൻ മുംബൈയിൽ വ്യാപാരിയായിരുന്നു. അബൂബക്കറും സഹോദരങ്ങളും ജനിച്ചതും പഠിച്ചതുമെല്ലാം അവിടെയാണ്. അബൂബക്കർ പഠിച്ച കല്യാണിലെ സ്കൂളിൽ മുഹമ്മദ് റഫിയും മറ്റും പാടാൻ വരുമായിരുന്നു. അങ്ങനെയാണ് സംഗീതത്തോടു താൽപര്യം തോന്നിയത്. എന്നാൽ, മകനെ പാട്ടു പഠിപ്പിക്കാൻ പിതാവിന്റെ സാമ്പത്തിക പിന്നാക്കാവസ്ഥ തടസ്സമായി. ഹിന്ദുസ്ഥാനി സംഗീത ക്ലാസുകളിൽ കേൾവിക്കാരനായി പോയി നിന്ന അനുഭവവും അബൂബക്കറിനുണ്ട്. റേഡിയോ പാട്ടുകളും ഗസലുകളും കേട്ടാണ് വളർന്നത്.
മുംബൈയിലെയും ചെന്നൈയിലെയും കോളജ് വിദ്യാഭ്യാസത്തിനുശേഷം ജോലി ആവശ്യാർഥം കുവൈറ്റിൽ എത്തിയത് ജീവിതം മാറ്റിമറിച്ചു.
എം.എസ്.ബാബുരാജിന്റെ തബലിസ്റ്റ് നല്ലളം റസാഖിനെ പരിചയപ്പെട്ടതുവഴി ലഭിച്ചത് ഒട്ടേറെ അവസരങ്ങൾ. റഫി, മന്നാഡേ, കിഷോർകുമാർ തുടങ്ങിയവരുടെ പാട്ടുകളുമായി അനവധി വേദികളിലെത്തി.
30 വർഷം മുൻപ് നാട്ടിൽ തിരിച്ചെത്തിയ അബൂബക്കർ പിന്നീട്, കോട്ടയ്ക്കലിലായി താമസം. “ഖയാൽ” എന്ന സംഗീത കൂട്ടായ്മ വഴി മലപ്പുറം, കോഴിക്കോട്, കൊല്ലം തുടങ്ങിയ ഇടങ്ങളിലെ ഒട്ടേറെ വേദികളിൽ
സജീവമായി. മുഖ്യമന്ത്രി പിണറായി വിജയൻ, ശത്രുഘ്നൻ സിൻഹ തുടങ്ങിയവർക്കൊപ്പമെല്ലാം വേദികൾ പങ്കിട്ടിട്ടുണ്ട്.