തിരുവനന്തപുരം: തിരുവനന്തപുരത്തു മർദനത്തെ തുടർന്ന് ചികിത്സയിലിരിക്കെ വയോധികൻ മരിച്ച കേസിൽ രണ്ടുപേര്‍ അറസ്റ്റിൽ. നെടുമങ്ങാട് പൂവത്തൂർ ചുടുകാട്ടിൻ മുകൾ വിഷ്ണു ഭവനിൽ മോഹനൻ ആശാരി (62) ആണ് മർദനമേറ്റ് മരിച്ചത്.
ഒന്നാംപ്രതി നെടുമങ്ങാട് ചെല്ലാംങ്കോട് നടുവന്തല സ്വദേശി പെരുക്കം മോഹനൻ എന്ന മോഹനൻ നായർ (67), രണ്ടാം പ്രതി നെടുമങ്ങാട് ചെല്ലാംകോട് വേണു മന്ദിരത്തിൽ ചൊട്ട വേണു എന്ന വേണു (63) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 17ന് രാതി 8.30 ഓടെ മുക്കോല ജംഗ്ഷനിൽ വച്ചാണ് സംഭവം. ഇരട്ട പേര് വിളിച്ചതിനെ തുടർന്ന് മൂവരും തമ്മിലുള്ള തർക്കെത്തെ തുടർന്ന് കയ്യാങ്കളിയാവുകയും, ഒന്നാം പ്രതിയായ മോഹനൻ, മോഹനൻ ആശാരിയെ പിടിച്ച് തള്ളുകയായിരുന്നു.
തുടർന്ന് വെയിറ്റിംഗ് ഷെഡ്ഡിന്റെ അരച്ചുമരിൽ വന്ന് വീണ് പുറകു വശത്തെ കഴുത്തിന്റെയും തലയുടെയും ഭാഗത്ത് ഇടിക്കുകയായിരുന്നു. തുടർന്ന് പ്രതികൾ സംഭവ സ്ഥലത്ത് നിന്നും പോയി.അബോധാവസ്ഥയിൽ മൂന്ന് മണിക്കൂറോളം മുക്കോലയിൽ മഴ നനഞ്ഞ് കിടന്ന ഇയാളെ വിവരമറിഞ്ഞ മകൻ വിഷ്ണുവും അമ്മയും ചേർന്ന് രാത്രി വീട്ടിൽ കൊണ്ടുവന്നു. ഇവരോട് തന്നെ മർദിച്ച രണ്ടു പേരുടെ വിവരങ്ങൾ മോഹനൻ ആശാരി പറഞ്ഞു.
ആശുപത്രിയിൽ പോകേണ്ടതില്ലെന്ന് പറഞ്ഞ് കിടക്കുകയായിരുന്നു. കാല് തണുപ്പ് ബാധിച്ചു ചലിക്കാതായതിനെ തുടർന്ന് 18 ന് രാവിലെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ഐസിയുലും പ്രവേശിപ്പിച്ചു.
സ്പൈനൽ കോഡ് തകർന്നിരുന്നു എന്നാണ് ഡോക്ടർമാർ പറഞ്ഞത്. തുടർന്ന് മെഡിക്കൽ കോളേജിൽ വച്ച് മരിക്കുകയായിരുന്നു. പ്രതികൾ കുറ്റസമ്മതം നടത്തിയതായി നെടുമങ്ങാട് പോലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യ്തു.
ഡിവൈഎസ്പി അരുൺ കെ എസിന്റെ നിർദ്ദേശാനുസരണം എസ് എച്ച് ഒ മിഥുൻ ടി, എസ് ഐ മാരായ സന്തോഷ് കുമാർ, ഓസ്ലിൻ ടെന്നിസൺ, നിസാറുദ്ദീൻ, എസ് സി പി ഒ ബിജു, രാജേഷ് കുമാർ, ബിജു സി, ജവാദ് ,വിഷ്ണു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.