കൊച്ചി: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ആഞ്ഞുവീശിയത് അസാധാരണ കാറ്റ്. പുലർച്ചെ പെയ്ത് മഴയ്ക്കിടെയാണ് ഇരമ്പലോടെ കാറ്റ് ആഞ്ഞുവീശിയത്. തെക്കൻ കേരളത്തിലെ വിവിധ ജില്ലകളിൽ ശക്തമായ കാറ്റ് അനുഭവപ്പെട്ടു. വിവിധയിടങ്ങളിൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴയ്ക്കൊപ്പം ശക്തമായ കാറ്റ് ആഞ്ഞുവീശിയത്. ആലപ്പുഴയിൽ പലയിടത്തും മരം കടപുഴകി വീണു. തകഴി, ഓച്ചിറ എന്നിവിടങ്ങളിൽ ട്രാക്കിലേക്ക് മരം വീണതോടെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. പാലരുവി എക്സ്പ്രസും ആലപ്പുഴ വഴി പോകേണ്ട ഏറനാട് എക്സ്പ്രസും ഏറെ നേരം പിടിച്ചിട്ടു.
രാവിലെ ഏഴു മണിയോടെ ട്രാക്കിലെ മരം മുറിച്ചു മാറ്റിയശേഷം ഗതാഗതം പുനസ്ഥാപിച്ചു. കരുമാടി, പുറക്കാട്, ചെങ്ങന്നൂർ മുളക്കുഴ, ചെറിയനാട് , കൊറ്റുകുളങ്ങര എന്നിവിടങ്ങളിലും മരം കടപുഴകി വീണു.കൊല്ലം ഹാർബർ മേഖലയിൽ ശക്തമായ കാറ്റ് വീശിയതോടെ മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും കരയ്ക്ക് കയറ്റി. പത്തനംതിട്ട പന്തളം ചേരിക്കലിൽ മരം വീണു.
കോട്ടയത്ത് മരം വീണ് വ്യാപക നാശം ഉണ്ടായിട്ടുണ്ട്. കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡ്, പള്ളം, പുതുപ്പള്ളി, എംജി യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലാണ് മരം വീണത്. തിരുവനന്തപുരത്ത് പൊന്മുടി – വിതുര റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കെഎസ്ആർടിസി ബസ് ഉൾപ്പെടെ നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. ഫയർ ഫോഴ്സിൻ്റെ നേതൃത്വത്തിൽ മരം മുറിച്ചു മാറ്റാനുള്ള ശ്രമം തുടരുകയാണ്.
ഇടുക്കിയിൽ കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ വാളറയ്ക്ക് സമീപം ചീയപ്പാറയിലും മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.തൃശൂരിൽ അതിരപ്പിള്ളി മലക്കപ്പാറ റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. രണ്ടുമണിക്കൂറിൽ അധികം ഗതാഗതം തടസ്സപ്പെട്ടു. വനപാലകരും നാട്ടുകാരും ചേർന്ന് റോഡിലേക്ക് വീണ മരം വെട്ടി മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. അതിരപ്പിള്ളി ടിക്കറ്റ് കൗണ്ടറിന് സമീപമാണ് മരം കടപുഴകിയത്.
സംസ്ഥാനത്ത് ഇന്ന് ചില അവസരങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ന് രാവിലെ 7:15ന് പുറപ്പെടുവിച്ച മുന്നറിയിപ്പ് പ്രകാരം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ ഏതെങ്കിലും അപകടം ശ്രദ്ധയിൽപെട്ടാൽ ഉടൻതന്നെ കെഎസ്ഇബിയുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കാം.