ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന ഗുരുതരമായ പ്രശ്നങ്ങളെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കേട്ടു കേള്‍വി മാത്രമുണ്ടായിരുന്ന വിഷയത്തെക്കുറിച്ച് വ്യക്തമായി പഠിച്ചും സിനിമയില്‍ പ്രവര്‍ത്തിക്കുന്നവരുടെ മൊഴിയെടുത്തും അഭിപ്രായങ്ങള്‍ ശേഖരിച്ചും ഒരു ഔദ്യോഗിക രേഖ പുറത്ത് വിട്ടിരിക്കുകയാണ് ഹേമാ കമ്മിറ്റി.
233 പേജുള്ള റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കിയാണ് റിപ്പോര്‍ട്ട് എത്തിയത്. ഇതില്‍ ആളുകളുടെ സ്വകാര്യതയെ ബാധിക്കുന്നതും ആളുകളെ തിരിച്ചറിയുന്നതുമായ വിവരങ്ങള്‍ പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്. 49ാം പേജിലെ 96ാം പാരഗ്രാഫും 81 മുതല്‍ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. 165 മുതല്‍ 196 വരെയുള്ള പേജുകളില്‍ ചില പാരഗ്രാഫുകള്‍ വെളിപ്പെടുത്തിയിട്ടില്ല. മൊഴികള്‍ അടക്കമുള്ള അനുബന്ധ റിപ്പോര്‍ട്ടും പുറത്തുവിട്ടിട്ടില്ല.
മലയാള സിനിമയിലെ പുരുഷന്മാരായ എല്ലാ സിനിമാപ്രവര്‍ത്തകരും ചൂഷകരല്ല എന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വ്യക്തമായി പറയുന്നു. സ്ത്രീകളോട് മാന്യമായും മര്യാദയോടും പെരുമാറുന്ന ഒരുപാട് സിനിമാപ്രവര്‍ത്തകരുണ്ട്. അവര്‍ക്കൊപ്പം ജോലി ചെയ്യുന്നതില്‍ സ്ത്രീകള്‍ വലിയ സുരക്ഷിതത്വമാണ് അനുഭവിക്കുന്നത്. അവര്‍ നല്കിയ മൊഴിയില്‍ ഛായാഗ്രാഹകരും സംവിധായകരുമെല്ലാം ഉള്‍പ്പെടുന്നുന്നു.
തന്റെ സിനിമയില്‍ ജോലി ചെയ്യുന്ന എല്ലാവരുടെയും സുരക്ഷാ ഉത്തരവാദിത്തത്തോടെ നോക്കി കാണുന്ന ഒരു ഛായാഗ്രാഹകനെക്കുറിച്ചും സംവിധായകനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു. അവരുടെ സെറ്റുകളില്‍ എല്ലാവരും അച്ചടക്കത്തോടെയാണ് പെരുമാറുന്നത്.
ഇന്റിമേറ്റ് രംഗങ്ങള്‍ ചിത്രീകരിക്കേണ്ട അവസരങ്ങളില്‍ അത്യാവശ്യമുള്ളവരെ മാത്രമേ സെറ്റില്‍ നില്ക്കാന് അനുവദിക്കൂ. മാത്രവുമല്ല മറ്റുള്ളവര്‍ കാണാതെ സെറ്റ് കവര്‍ ചെയ്യും. അത് അഭിനയിക്കുന്നവരില്‍ കൂടതല്‍ സുരക്ഷിതത്വം തോന്നിപ്പിക്കും. സിനിമയിലെ വ്യത്യസ്ത ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ധാരാളം പുരുഷന്മാര് സൗഹാര്‍ദ്ദത്തോടെയും ബഹുമാനത്തോടെയുമാണ് പെരുമാറുന്നത്. അങ്ങനെ ഒരുപാട് നല്ല സിനിമാപ്രവര്‍ത്തകര്‍ എല്ലാ കാലത്തും സിനിമയിലുണ്ടായിട്ടുണ്ട്.
പുതിയ തലമുറയിലെയും പലതലമുറയിലെയും സ്ത്രീകളും പുരുഷന്മാരുമായ സിനിമാപ്രവര്‍ത്തകരുമായി ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി സംസാരിക്കുകയുണ്ടായി. സിനിമുടെ ആദ്യകാലം മുതല്‍ തന്നെ സ്ത്രീകള്‍ നിരവധിപ്രശ്നങ്ങള്‍ നേരിടുന്നു. ബ്ലാക്ക് ആന്റ് വൈറ്റ് കാലഘട്ടം മുതല്‍ തന്നെ. ഇത്തരം വിഷയങ്ങളില്‍ ഇടപെടാനും നിയന്ത്രണം ഏറ്റെടുക്കാനും പ്രത്യേക അധികാര കേന്ദമില്ലാത്തതും ഒരു പോരായ്മയാണ്.