ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ശാഖയിൽ നിന്ന് സ്വർണവുമായി മുങ്ങിയെന്ന് സംശയിക്കുന്ന മുൻ മാനേജർ പിടിയിൽ. തമിഴ്നാട് സ്വദേശി മധ ജയകുമാറിനെയാണ് കർണാടക തെലുങ്കാന അതിർത്തിയിൽ വച്ച് പിടികൂടിയത്. ഇയാളെ കസ്റ്റഡിയിലെടുക്കാൻ കേരള പോലീസ് പുറപ്പെട്ടു.
തട്ടിപ്പിനു പിന്നാലെ ഒളിവിലായിരുന്ന പ്രതി മധ ജയകുമാറിനെയാണ് കർണാടക- തെലങ്കാന അതിർത്തിയിൽ വച്ച് കർണാടക പോലീസ് പിടികൂടിയത്.സിം കാർഡ് എടുക്കുന്നതിനായി കടയിലെത്തിയ ഇയാളെ സംശയം തോന്നി കടയുടമ പോലീസിൽ ഏൽപ്പിച്ചു എന്നാണ് വിവരം. പ്രതിക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ശാഖയിൽ നിന്ന് 17 കോടി വിലമതിക്കുന്ന 26 കിലോ സ്വർണത്തിന് പകരം മുക്കുപണ്ടം വെച്ച് മുൻ മാനേജർ ആയിരുന്ന മധ ജയകുമാർ മുങ്ങി എന്നായിരുന്നു പരാതി.
പുതുതായി ചുമതലയേറ്റ മാനേജർ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചത്. പിന്നീട് കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. അതിനിടെ താൻ നിരപരാധിയെന്ന് അവകാശപ്പെട്ട് മധ ജയകുമാർ വീഡിയോ സന്ദേശവും പുറത്തുവിട്ടു.
അയൽ സംസ്ഥാനങ്ങളിലേക്ക് ഉൾപ്പെടെ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. തെലുങ്കാനയിൽ എത്തുന്ന കേരള പോലീസ് മധ ജയകുമാറിനെ കസ്റ്റഡിയിൽ എടുക്കും. ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ ആകും തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ പുറത്തു വരിക.