Monday, November 25, 2024
Homeഅമേരിക്ക"ലോകം പോയ വാരം" ✍സ്റ്റെഫി ദിപിൻ

“ലോകം പോയ വാരം” ✍സ്റ്റെഫി ദിപിൻ

സ്റ്റെഫി ദിപിൻ

1. റഷ്യയുടെ അതിർത്തി ലംഘിച്ച് കർസ്ക് പ്രവിശ്യയിൽ 20 കിലോമീറ്റർ അകത്തേക്കു മുന്നേറി യുക്രെയ്ൻ സൈന്യം മിന്നലാക്രമണം നടത്തി. 2022 ൽ യുദ്ധം ആരംഭിച്ചതിനുശേഷം റഷ്യൻ പ്രദേശത്തു കടന്നുള്ള യുക്രെയ്നിന്റെ ഏറ്റവും വലിയ ആക്രമണമാണിത്. മേഖലയിൽ നിന്ന് 76,000 ജനങ്ങളെ ഒഴിപ്പിച്ചു. കർസ്ക് പടിഞ്ഞാറൻ മേഖലയിൽ വൻസന്നാഹത്തോടെ കടന്നുകയറിയ യുക്രെയ്ൻ സേനയെ തടഞ്ഞുനിർത്തിയെന്നാണു റഷ്യൻ സൈനിക നേതൃത്വം പറഞ്ഞത്. എന്നാൽ അവരെ തുരത്താനായിട്ടില്ല. റഷ്യൻ അതിർത്തിപ്പട്ടണമായ സൂച്ചയിലെ പ്രകൃതിവാതക വിതരണകേന്ദ്രം യുക്രെയ്ൻ സൈന്യം പിടിച്ചതായി റിപ്പോർട്ടുണ്ട്. ഇവിടെനിന്നാണു യൂറോപ്പിലേക്കുള്ള പ്രകൃതിവാതക പൈപ്പുലൈനുകൾ പോകുന്നത്. റഷ്യയിലെ 4 വൻകിട ആണവ നിലയങ്ങളിലൊന്നു സ്ഥിതി ചെയ്യുന്നതും കർസ്കിലാണ്. ദക്ഷിണ റഷ്യയിലേക്കുള്ള വൈദ്യുതി വിതരണം ഇവിടെനിന്നാണ്. കർസ്ക് നഗരത്തിൽനിന്ന് 60 കിലോമീറ്റർ അകലെയാണിത്. ഈ മേഖലയിൽ ശക്തമായ ഡ്രോൺ ആക്രമണങ്ങൾ നടക്കുന്നതായി റഷ്യൻ അധികൃതർ സ്ഥിരീകരിച്ചു. ആണവ നിലയത്തിനു സമീപം സൈനിക നീക്കം ഒഴിവാക്കണമെന്ന് രാജ്യാന്തര ആണവോർജ ഏജൻസി (ഐഎഇഎ) ഇരുരാജ്യങ്ങളോടും ആവശ്യപ്പെട്ടു.

92,000 ചതുരശ്ര കിലോമീറ്റർ വരുന്ന കർസ്ക്, ബ്രാൻസ്ക്, ബെൽഗൊറാദ് എന്നീ മേഖലകളിൽ റഷ്യ ഭീകരവിരുദ്ധ നിയമം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ സുരക്ഷാസേനയ്ക്ക് ഇവിടെ ലോക്ഡൗൺ അടക്കം ഏർപ്പെടുത്താൻ അധികാരം ലഭിക്കും. അതിർത്തിപട്ടണം പിടിച്ചതിന്റെ വിഡിയോ യുക്രെയ്ൻ പുറത്തുവിട്ടു. ഹൈവേയിൽ മിസൈലാക്രമണത്തിൽ കത്തിയമർന്ന 15 റഷ്യൻ സൈനിക ട്രക്കുകളുടെ വിഡിയോയും പുറത്തുവന്നു. സൂച്ച പട്ടണം പിടിച്ചെന്നു റഷ്യ സമ്മതിച്ചിട്ടില്ല. അയൽരാജ്യവും റഷ്യയുടെ സഖ്യകക്ഷിയുമായ ബെലാറൂസ് കൂടുതൽ സൈന്യത്തെ അതിർത്തിയിൽ വിന്യസിച്ചു. വ്യോമാതിർത്തി കടന്ന അര ഡസനോളം ഡ്രോണുകൾ വെടിവച്ചിട്ടതായും ബെലാറൂസ് സൈന്യം അറിയിച്ചു. അതിനിടെ, യുദ്ധമേഖലയായ കിഴക്കൻ യുക്രെയ്നിലെ ഡോണെറ്റ്സ്കിൽ ഷോപ്പിങ് മാളിൽ റഷ്യൻ മിസൈലാക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു.

നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് വിജയിക്കുകയാണെങ്കിൽ യുഎസ് പിന്തുണ ദുർബലമാകുമെന്ന ആശങ്ക യുക്രെയ്നിനുണ്ട്. ജയിച്ചാൽ യുദ്ധം അവസാനിപ്പിക്കുമെന്നു ട്രംപ് പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പിനുശേഷം വെടിനിർത്തൽ ചർച്ച ഉണ്ടായാൽ വിലപേശലിനുവേണ്ടിയാകാം യുക്രെയ്ൻ കടന്നാക്രമണത്തിനു തുനിഞ്ഞതെന്നു വിലയിരുത്തലുണ്ട്. നിലവിൽ യുക്രെയ്നിന്റെ 18% ഭൂപ്രദേശം റഷ്യയുടെ അധീനതയിലാണ്.

യുക്രെയ്നിലെ സാപൊറീഷ്യ ആണവനിലയത്തിനു നേരെ ഡ്രോൺ ആക്രമണം.
ഡ്രോൺ ആക്രമണത്തിൽ വൻതീപിടിത്തം ഉണ്ടാകുകയും ശീതീകരണ ടവർ തകർന്നതായും നിലയത്തിന്റെ ഒരുഭാഗത്തുനിന്നു കനത്ത പുക ഉയരുന്നതായും ജീവനക്കാരെ ഉദ്ധരിച്ചു രാജ്യാന്തര ആണവോർജ ഏജൻസി (ഐഎഇഎ) ഏജൻസി മേധാവി റാഫേൽ ഗ്രോസി സ്ഥിരീകരിച്ചു. യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ സാപൊറീഷ്യ നിലവിൽ റഷ്യൻ സൈനിക നിയന്ത്രണത്തിലാണ്. ഒന്നിലധികം സ്ഫോടനങ്ങളെത്തുടർന്നുണ്ടായ തീപിടിത്തം 3 മണിക്കൂർ നീണ്ടുനിന്നെന്നു റഷ്യൻ ആണവ കോർപറേഷൻ വ്യക്തമാക്കി. യുക്രെയ്ൻ നടത്തിയ 2 ഡ്രോൺ ആക്രമണങ്ങളാണു തീപിടിത്തമുണ്ടാക്കിയതെന്നും റഷ്യ ആരോപിച്ചു. നിലയത്തിന്റെ ശീതികരണ ടവറിനു തകരാർ സംഭവിച്ചെന്ന് യുക്രെയ്ൻ ആണവ കോർപറേഷനും സ്ഥിരീകരിച്ചു. നിലയത്തിൽ റഷ്യ ആയുധങ്ങൾ സംഭരിച്ചതാണു സ്ഫോടനമുണ്ടാക്കിയതെന്നു യുക്രെയ്ൻ ആരോപിച്ചു.ആണവനിലയത്തിലെ സ്ഥിതി പരിശോധിക്കാൻ അനുവദിക്കണമെന്ന് ഇരുരാജ്യങ്ങളോടും ഐഎഇഎ ആവശ്യപ്പെട്ടു. അതിനിടെ, മറ്റൊരു അതിർത്തിപ്രവിശ്യയിൽനിന്നു കൂടി റഷ്യ ജനങ്ങളെ ഒഴിപ്പിക്കാൻതുടങ്ങി. ബെൽഗൊറാദ് പ്രവിശ്യയിലെ ചില ജില്ലകളിലാണ് ഒഴിപ്പിക്കൽ നടപടി. റഷ്യയുടെ പ്രദേശങ്ങളിലേക്ക് കടന്നാക്രമണം നടത്തിയത് അവർക്കുമേൽ സമ്മർദം ചെലുത്താനും അങ്ങനെ നീതി പുനഃസ്ഥാപിക്കാനുമാണെന്നു യുക്രെയ്ൻ പ്രസിഡന്റ് വൊളിഡിമിർ സെലെൻസ്കി പറഞ്ഞു.

2. ബംഗ്ലദേശിലെ പ്രക്ഷോഭത്തിനും അട്ടിമറിക്കും പിന്നിൽ യുഎസ് ആണെന്നു മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. പ്രക്ഷോഭത്തെ തുടർന്ന് രാജിവച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്യുന്നതിന് മുമ്പ് ബംഗ്ലദേശ് ജനതയെ അഭിസംബോധന ചെയ്യാൻ തയാറാക്കിയിരുന്ന പ്രസംഗത്തിലാണ് ഹസീനയുടെ ആരോപണം. ഈ പ്രസംഗത്തിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തായത്. പ്രക്ഷോഭകാരികൾ ധാക്കയിലെ ഔദ്യോഗിക വസതിയിലേക്ക് എത്തുമെന്ന് ഉറപ്പായതോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം അഭിസംബോധനാ പ്രസംഗം ഹസീന ഒഴിവാക്കിയതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സെന്റ് മാർട്ടിൻസ് ദ്വീപിന്റെ പരമാധികാരം യുഎസിന് കൈമാറാനും ബംഗാൾ ഉൾക്കടലിൽ അവരുടെ അപ്രമാദിത്വം തുടരാനും അനുവദിച്ചിരുന്നെങ്കിൽ തനിക്ക് ഭരണത്തിൽ തുടരാൻ സാധിക്കുമായിരുന്നുവെന്നും ഹസീന പ്രസംഗത്തിൽ ആരോപിക്കുന്നു. ‘‘രാജ്യത്ത് ഭരണമാറ്റമുണ്ടാകാൻ യുഎസ് ഗൂഢാലോചന നടത്തി. മൃതദേഹങ്ങളുടെ ഘോഷയാത്ര കാണാൻ താൽപര്യമില്ലാത്തതിനാലാണ് ഞാൻ രാജിവച്ചത്. വിദ്യാർഥികളുെട മൃതദേഹങ്ങൾക്കു മുകളിലൂടെ അധികാരം പിടിച്ചെടുക്കാനാണ് അവർ ആഗ്രഹിക്കുന്നത്. അത് ഞാൻ അനുവദിക്കില്ല. ഞാൻ പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കുന്നു. മതമൗലികവാദികളുടെ കൗശലങ്ങളിൽ വീണുപോകരുതെന്ന് രാജ്യത്തോട് അപേക്ഷിക്കുകയാണ്. ഇനിയും ബംഗ്ലദേശിൽ തുടർന്നാൽ കൂടുതൽ ജീവനുകൾ നഷ്ടപ്പെട്ടേക്കാം.’–പ്രസംഗത്തിൽ ഷെയ്ഖ് ഹസീന ആരോപിച്ചു.

ബംഗ്ലാദേശിന്റെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന സെന്റ് മാർട്ടിൻ ദ്വീപ് ലഭിക്കുന്നതോടെ, ബംഗാൾ ഉൾക്കടലിൽ യുഎസിന് വലിയ മേൽക്കോയ്മ ലഭിക്കുമായിരുന്നു. പ്രതീക്ഷ നഷ്ടപ്പെടരുതെന്നും താൻ ഉടൻ മടങ്ങിവരുമെന്നും അവാമിലീഗിന്റെ പ്രവർത്തകരോട് ഷെയ്ഖ് ഹസീന തന്റെ പ്രസംഗത്തിലൂടെ പങ്കുവയ്ക്കാൻ ഉദ്ദേശിച്ചിരുന്നു. രാജ്യം വിടാനുള്ള തീരുമാനം വളരെ പ്രയാസമേറിയതാണ്. ജനങ്ങൾ തന്നെ തിരഞ്ഞെടുത്തതുകൊണ്ടാണ് താൻ അവരുടെ നേതാവായി മാറിയത്, ജനങ്ങളായിരുന്നു തന്റെ ശക്തിയെന്നും പ്രസംഗത്തിൽ ഷെയ്ഖ് ഹസീന പറയാനിരുന്നെന്നാണ് റിപ്പോർട്ട്.
അതേസമയം ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിൽ യുഎസിന് പങ്കില്ലെന്ന് വൈറ്റ് ഹൗസ്. യുഎസിന് എതിരായ വാർത്തകൾ വസ്തുതാ വിരുദ്ധമാണ്. ബംഗ്ലദേശിലെ ജനങ്ങളുടെ തീരുമാനമാണ് നടപ്പായതെന്നും വൈറ്റ് ഹൗസ് വിശദീകരിച്ചു. ബംഗ്ലദേശ് സർക്കാരിന്റെ ഭാവി നിർണയിക്കേണ്ടത് അവിടുത്തെ ജനതയാണെന്നും വൈറ്റ് ഹൗസ് വക്താവ് കരീൻ ജീൻ-പിയറി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പറഞ്ഞു.

ഇന്ത്യ നല്ല സുഹൃത്ത്. നയം വ്യക്തമാക്കി ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ.
മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടരുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ബാധിക്കില്ലെന്നു ബംഗ്ലദേശ് ഇടക്കാല സർക്കാർ വ്യക്തമാക്കി. ഒരു വ്യക്തിയുടെ സാന്നിധ്യം രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ സ്വാധീനിക്കാൻ തക്കവണ്ണം പ്രാധാന്യമുള്ളതല്ലെന്നു മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിലെ വിദേശകാര്യ വിഭാഗം ഉപദേഷ്ടാവ് തൗഹിദ് ഹുസൈൻ പറഞ്ഞു. ഇന്ത്യ ബംഗ്ലദേശിന്റെ നല്ല സുഹൃത്താണെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ നിയമവിരുദ്ധമായി കൈവശം വച്ചിട്ടുള്ള ആയുധങ്ങൾ പ്രക്ഷോഭകർ ഈ മാസം 19ന് അകം തിരിച്ചേൽപ്പിക്കണമെന്ന് ആഭ്യന്തരവകുപ്പ് ഉപദേഷ്ടാവ് ബ്രിഗേഡിയർ ജനറൽ എം. ഷെഖാവത്ത് ഹുസൈൻ ആവശ്യപ്പെട്ടു. കലാപത്തിനിടെ പൊലീസുകാരിൽ നിന്നാണ് തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ തട്ടിയെടുത്തത്. ഇവ ഒരാഴ്ചയ്ക്കകം പൊലീസ് സ്റ്റേഷനുകളിൽ തിരിച്ചേൽപ്പിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങളെ പിന്തുണച്ചു റാലി
ബംഗ്ലദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കു നീതി ലഭിക്കണമെന്നാവശ്യപ്പെട്ടു ലക്ഷക്കണക്കിനാളുകൾ ചിറ്റഗോങ്ങിൽ റാലി നടത്തി. ഹിന്ദു വിഭാഗം നടത്തിയ റാലിയിൽ പിന്തുണയുമായി പതിനായിരക്കണക്കിനു മുസ്‌ലിംകളുമെത്തി. ബംഗ്ലദേശ് പ്രക്ഷോഭത്തിന്റെ ആദ്യ ദിനങ്ങളിൽ ഏതാനും ന്യൂനപക്ഷ സ്ഥാപനങ്ങൾക്കും ആരാധനാലയങ്ങൾക്കുമെതിരേ ആക്രമണം നടന്നിരുന്നു. ധാക്കയിലും ന്യൂനപക്ഷ വിഭാഗങ്ങൾ റാലി നടത്തി. ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം വേണമെന്നും പാർലമെന്റ് സീറ്റുകളിൽ 10 ശതമാനം സംവരണം ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടു. ബംഗ്ലദേശിൽ 52 ജില്ലകളിലായി 205 അക്രമസംഭവങ്ങൾ ന്യൂനപക്ഷങ്ങൾക്കു നേരെ നടന്നതായാണു റിപ്പോർട്ടുകൾ. അവാമി ലീഗ് നേതാക്കളുടെയും പ്രധാനപ്പെട്ട അണികളുടെയും വ്യാപാരസ്ഥാപനങ്ങളും വീടുകളും കൊള്ളയടിക്കപ്പെട്ടിരുന്നു. എന്നാൽ അക്രമം അരുതെന്നും ന്യൂനപക്ഷ സ്ഥാപനങ്ങൾ ആക്രമിക്കരുതെന്നും സമരക്കാർ കർശനനിർദേശം അണികൾക്കു നൽകിയിട്ടുണ്ടെന്നു ബംഗ്ലദേശിലെ മലയാളിസമൂഹം പറഞ്ഞു. ക്ഷേത്രങ്ങൾക്കും മറ്റും വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ കാവലിരിക്കുന്നുണ്ട്. ന്യൂനപക്ഷ സ്ഥാപനങ്ങൾ ആക്രമിച്ചതിനെ ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് യൂനുസ് അപലപിച്ചിരുന്നു. യുഎസിലെ ഹൂസ്റ്റണിലും മുന്നൂറോളം ബംഗ്ലദേശ് വംശജരായ ഹിന്ദുക്കൾ പ്രതിഷേധപ്രകടനം നടത്തി.
അതേസമയം ബംഗ്ലദേശ് സാവധാനം പൂർവസ്ഥിതിയിലേക്കു മാറുകയാണ്. പ്രധാന ഫാക്ടറികളും സ്ഥാപനങ്ങളും തുറന്നു. അവശ്യസാധന കടകളും തുറന്നിട്ടുണ്ട്. ഇന്ത്യയിലേക്കു പ്രവേശിക്കാൻ അനുവാദം കാത്ത് അതിർത്തിയിൽ കാത്തിരിക്കുകയായിരുന്ന ആയിരത്തോളം പേരിൽ ഭൂരിപക്ഷം സ്വന്തം പ്രദേശങ്ങളിലേക്കു മടങ്ങി.ത്രിപുരയിൽ അതിർത്തിവഴി നുഴഞ്ഞുകയറാൻ ശ്രമിച്ച പതിനഞ്ചോളം ബംഗ്ലദേശ് പൗരന്മാരെ ബിഎസ്എഫ് തുരത്തി.

ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി ബംഗ്ലാദേശ്.
ബംഗ്ലദേശിൽ നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെ പലചരക്കുകട ഉടമയായ അബു സെയ്ദ് എന്നയാൾ വെടിയേറ്റു കൊല്ലപ്പെട്ട സംഭവത്തിലാണു ഹസീനയ്ക്കെതിരെ കുറ്റം ചുമത്തിയത്. ഹസീനയ്ക്കെതിരെ കുറ്റം ചുമത്തുന്നതിന് ധാക്ക ചീഫ് മെട്രൊപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി അനുമതി നൽകി. ഷെയ്ഖ് ഹസീനയെക്കൂടാതെ അവാമി ലീഗ് ജനറൽ സെക്രട്ടറി ഉബൈദുൽ ഖാദർ, മുൻ ആഭ്യന്തര മന്ത്രി അസദുസ്മാൻ ഖാൻ കമൽ, മുൻ പൊലീസ് ഇൻസ്പെക്ടർ ജനറൽ ചൗധരി അബ്ദുല്ല അൽ മാമൂൻ എന്നിവരുൾപ്പെടെ 6 പേരും കേസിൽ പ്രതികളാണ്. അബു സെയ്ദിന്റെ പരിചയക്കാരൻ അമീർ ഹംസ ഷട്ടീലാണ് കോടതിയെ സമീപിച്ചത്. ഹസീന ബംഗ്ലദേശ് വിട്ടതിനുശേഷം അവരുടെ പേരിൽ ചുമത്തപ്പെടുന്ന ആദ്യത്തെ കേസാണിത്.

പുറത്താക്കലിന് ശേഷം ആദ്യമായി പ്രതികരിച്ച് ഷെയ്ഖ് ഹസീന
നടന്നത് ഭീകരാക്രമണമാണെന്നും പ്രക്ഷോഭത്തിലെ കൊലപാതകങ്ങളിലും അക്രമസംഭവങ്ങളിലും ഉൾപ്പെട്ടവർക്കു തക്കതായ ശിക്ഷ നൽകണമെന്നും ഹസീന ആവശ്യപ്പെട്ടു. മകൻ സയീബ് വാസെദാണ് ഷെയ്ഖ് ഹസീനയുടെ പ്രസ്താവന സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. ഓഗസ്റ്റ് 15ന് പിതാവ് ഷെയ്ഖ് മുജീബുർ റഹ്മാൻ കൊല്ലപ്പെട്ടതിന്റെ വാർഷികാചരണത്തിന്റെ പശ്ചാത്തലത്തിലാണു പ്രസ്താവന. 15ന് ദേശീയ വിലാപദിനം പതിവുപോലെ ആചരിക്കണമെന്നും ഹസീന ബംഗ്ലദേശ് ജനതയോട് ആഹ്വാനം ചെയ്തു.
1975 ഓഗസ്റ്റ് 15നാണു ബംഗ്ലദേശ് പ്രസിഡന്റ് ബംഗബന്ധു ഷെയ്ഖ് മുജീബുർ റഹ്മാൻ ക്രൂരമായി കൊല്ലപ്പെട്ടത്. അതോടൊപ്പം എന്റെ മാതാവ് ബീഗം ഫാസിലാത്തുന്നിസ, എന്റെ സഹോദരങ്ങളും സ്വാതന്ത്രസമര സേനാനികളുമായ ഷെയ്ഖ് കമൽ, ഷെയ്ഖ് ജമാൽ, കമാലിന്റെ ഭാര്യ സുൽത്താന കമൽ, ജമാലിന്റെ ഭാര്യ റോസി ജമാൽ, വെറും 10 വയസുമാത്രമുണ്ടായിരുന്ന എന്റെ ഇളയ സഹോദരൻ ഷെയ്ഖ് റസൽ, എന്റെ ഏക അമ്മാവൻ ഷെയ്ഖ് നാസർ തുടങ്ങിയവർ ക്രൂരമായി കൊല്ലപ്പെട്ടു. അന്ന് നടന്ന ക്രൂരമായ കൊലപാതകങ്ങളുടെ ഓർമകൾ പേറുന്ന ബംഗബന്ധു ഭവൻ ഞങ്ങൾ രണ്ട് സഹോദരിമാർ ബംഗാളിലെ ജനങ്ങൾക്കായി സമർപ്പിച്ചു. ഓർമകൾക്കായി ഒരു മ്യൂസിയം പണി കഴിപ്പിച്ചു. രാജ്യത്തെ സാധാരണക്കാർ മുതൽ വിവിധ ദേശങ്ങളിൽനിന്നുള്ള ഉന്നതർ വരെ ആ വീട്ടിലെത്തി. സ്വാതന്ത്ര്യത്തിന്റെ സ്മാരകമായിരുന്നു ആ മ്യൂസിയം. നമ്മുടെ അതിജീവനത്തിന്റെ അടിസ്ഥാനമായിരുന്ന ആ സ്മാരകം ഇന്ന് ചാരമായി മാറിയിരിക്കുന്നു. വികസ്വര രാജ്യമെന്ന പേര് ലോകത്ത് ബംഗ്ലദേശ് നേടിയിരുന്നു. ഇന്നത് മങ്ങുകയാണ്. ആരുടെ നേതൃത്വത്തിലാണോ നാം സ്വതന്ത്രരാഷ്ട്രമെന്ന ആത്മാഭിമാനം നേടുകയും സ്വയം തിരിച്ചറിയുകയും സ്വതന്ത്ര രാജ്യം നേടുകയും ചെയ്തത് ആ രാഷ്ട്രപിതാവ് ഇന്ന് അങ്ങേയറ്റം അപമാനിക്കപ്പെട്ടു. അവർ അപമാനിച്ചത് ലക്ഷക്കണക്കിന് രക്തസാക്ഷികളുടെ രക്തത്തെക്കൂടിയാണ്. ബംഗ്ലദേശ് ജനതയോട് ഞാൻ നീതി ആവശ്യപ്പെടുന്നു. ഓഗസ്റ്റ് 15ന് നിങ്ങൾ ദേശീയ വിലാപദിനം ആചരിക്കണം. ബംഗബന്ധു ഭവനിൽ പൂക്കൾ അർപ്പിച്ച് രക്തസാക്ഷികൾക്കായി പ്രാർഥിക്കണം’ – ഷെയ്ഖ് ഹസീന പ്രസ്താവനയിൽ പറഞ്ഞു. ഓഗസ്റ്റ് 15ന് ഷെയ്ഖ് മുജീബുർ റഹ്മാൻ കൊല്ലപ്പെട്ട ദിവസം അവധി നൽകിയിരുന്ന തീരുമാനം ഇടക്കാല സർക്കാർ റദ്ദാക്കിയതിനു പിന്നാലെയാണ് ഹസീനയുടെ പ്രസ്താവനയെത്തുന്നത്.

‘ബംഗ്ലദേശിൽ ഹിന്ദുക്കളുടെയും മറ്റു ന്യൂനപക്ഷങ്ങളുടെയും സംരക്ഷണം ഉറപ്പ്’: മോദിയുമായി ഫോണിൽ സംസാരിച്ച് മുഹമ്മദ് യൂനുസ്.
ബംഗ്ലദേശിലെ ഹിന്ദുക്കളുടെയും മറ്റു ന്യൂനപക്ഷങ്ങളുടെയും സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പാക്കുമെന്ന് മുഹമ്മദ് യൂനുസ് അറിയിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫോണ്‍ സംഭാഷണത്തിലാണ് മുഹമ്മദ് യൂനുസ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് മോദി എക്സിൽ കുറിച്ചു. ഇന്ത്യയുടെ പിന്തുണ മുഹമ്മദ് യൂനുസ് അഭ്യർഥിച്ചതായും നിലവിലെ സാഹചര്യം ഇരുവരും വിലയിരുത്തിയതായും നരേന്ദ്ര മോദി പറഞ്ഞു. ജനാധിപത്യവും സുസ്ഥിരവും സമാധാനപരവും പുരോഗമനപരവുമായ ബംഗ്ലദേശിന് ഇന്ത്യയുടെ പിന്തുണ മുഹമ്മദ് യൂനുസ് ആവർത്തിച്ചുവെന്നായിരുന്നു മോദി പറഞ്ഞത്. ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയിലെ ധകേശ്വരി ക്ഷേത്രം സന്ദർശിച്ചപ്പോൾ ഹിന്ദുക്കളുമായി മുഹമ്മദ് യൂനുസ് കൂടിക്കാഴ്ച നടത്തിയിരുന്നു. ന്യൂനപക്ഷങ്ങളെ ആക്രമിച്ചവർക്കെതിരെ തക്കതായ നടപടി സ്വീകരിക്കുമെന്ന ഉറപ്പു നൽകിയ ശേഷമാണ് മുഹമ്മദ് യൂനുസ് മടങ്ങിയത്. തങ്ങൾക്ക് സുരക്ഷ ഉറപ്പു വരുത്തുണന്ന് ആവശ്യപ്പെട്ട് ഹിന്ദുക്കള്‍ ധാക്കയില്‍ റാലി നടത്തിയിരുന്നു. പലതരത്തിലുള്ള ആക്രമണങ്ങളും ഭീഷണികളും ഹിന്ദു സമൂഹം നേരിടുന്നതായി ബംഗ്ലദേശ് നാഷണല്‍ ഹിന്ദു ഗ്രാന്‍ഡ് അലയന്‍സ് ആരോപിച്ചിരുന്നു.

3. ബംഗ്ലദേശില്‍ 17 വര്‍ഷം നീണ്ട ഭരണം അവസാനിപ്പിച്ച് ഷെയ്ഖ് ഹസീനയ്ക്ക് രാജ്യം വിടേണ്ടി വന്നപ്പോള്‍, മറുവശത്ത് രണ്ടുവര്‍ഷം മുൻപ് ശ്രീലങ്കയില്‍ സമാന അനുഭവം നേരിട്ട രാജപക്‌സെമാരുടെ ശ്രീലങ്ക പൊതുജന പെരമുന പാര്‍ട്ടി (എസ്എല്‍പിപി) തലമുറമാറ്റത്തിലൂടെ തിരിച്ചുവരവിനു ശ്രമിക്കുകയാണ്. സെപ്റ്റംബര്‍ 21ന് ശ്രീലങ്കയില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയുടെ മകന്‍ നമല്‍ രാജപക്‌സെയെയാണ് എസ്എല്‍പിപി പ്രസിഡന്റ് സ്ഥാനാര്‍ഥി. കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് 2022ല്‍ ജനകീയ പ്രക്ഷോഭത്തിലൂടെ രാജപക്‌സെ സര്‍ക്കാര്‍ പുറത്താക്കപ്പെട്ടതിനു ശേഷം നടക്കുന്ന ആദ്യത്തെ തിരഞ്ഞെടുപ്പ് എന്നതിനാല്‍ സെപ്റ്റംബര്‍ 21ലെ വിധിയെഴുത്ത് മഹിന്ദയ്ക്കും കുടുംബത്തിനും നിര്‍ണായകമാണ്. മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയുടെ മൂത്തമകനാണ് 38 വയസ്സുകാരനായ നമൽ. 2020ല്‍ ഗോട്ടബയ രാജപക്‌സെ മന്ത്രിസഭയില്‍ നമല്‍ കായിക മന്ത്രിയായി. 2022ല്‍ ജനകീയ പ്രക്ഷോഭത്തില്‍ ഗോട്ടബയ സര്‍ക്കാര്‍ രാജിവയ്ക്കാന്‍ നിര്‍ബന്ധിതരായതോടെ നമലിനും മന്ത്രിസ്ഥാനം നഷ്ടമായി. എങ്കിലും എംപിയായി തുടര്‍ന്നു. 1948ല്‍ സ്വാതന്ത്ര്യം ലഭിച്ചതു മുതല്‍ ശ്രീലങ്കന്‍ രാഷ്ട്രീയത്തെയും രാജ്യത്തെയും നിയന്ത്രിച്ചതില്‍ ഏറിയപങ്കും രാജപക്‌സെ കുടുംബമാണ്. ഏഴു പതിറ്റാണ്ടു നീണ്ട സ്വതന്ത്ര ശ്രീലങ്കയുടെ ചരിത്രത്തില്‍ രാജപക്‌സെ കുടുംബത്തില്‍നിന്ന് ഒട്ടേറെപ്പേര്‍ രാജ്യത്തിന്റെ ഉന്നതസ്ഥാനങ്ങളിലെത്തി. മുതിര്‍ന്നവര്‍ കേന്ദ്രത്തില്‍ പ്രധാനമന്ത്രിയും പ്രസിഡന്റും മറ്റ് ഉന്നത പദവികളും വഹിച്ചപ്പോള്‍ അടുത്ത തലമുറയിലെ അംഗങ്ങളെ എംഎല്‍എയും എംപിമാരുമാക്കി വളര്‍ത്തിക്കൊണ്ടുവരാനും രാജപക്‌സെമാര്‍ മറന്നില്ല. 2005 മുതല്‍ 2015 വരെ നമലിന്റെ പിതാവ് മഹിന്ദ രാജപക്‌സെ ശ്രീലങ്കന്‍ പ്രസിഡന്റായിരുന്നു. 2009ല്‍ 25 വര്‍ഷം നീണ്ട ആഭ്യന്തരയുദ്ധം അവസാനിപ്പിച്ച് എല്‍ടിടിഇയെ നാമാവശേഷമാക്കിയതോടെ ആ പിന്തുണ വീണ്ടും വര്‍ധിച്ചു. 2015ല്‍ മൈത്രിപാല സിരിസേനയോട് പരാജയപ്പെട്ടതോടെ മഹിന്ദ അധികാരത്തില്‍നിന്നിറങ്ങി. 2020ലെ തിരഞ്ഞെടുപ്പില്‍ രാജപക്‌സെ കുടുംബം തിരിച്ചുവന്നു. മഹിന്ദയ്ക്ക് പകരം സഹോദരന്‍ ഗോട്ടബയ രാജപക്‌സെ പ്രസിഡന്റായി. എന്നാല്‍ രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയും അതിനു കാരണം രാജപക്‌സെമാരുടെ അഴിമതിയും പിടിപ്പുകേടുമാണെന്ന ആരോപണം 2022ല്‍ ജനകീയ പ്രക്ഷോഭമായി വഴിമാറുകയും ചെയ്തതോടെ ഗോട്ടബയയ്ക്ക് രാജിവച്ച് രാജ്യം വിടേണ്ടി വന്നു. നമലിനെ മുന്‍നിര്‍ത്തി രാജപക്‌സെ കുടുംബം ശ്രീലങ്കയില്‍ തിരിച്ചുവരവിന് ശ്രമിക്കുന്നുണ്ടെങ്കിലും ഇത്തവണ അതിന് സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. നിലവിലെ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ, പ്രതിപക്ഷമായ സമാഗി ജന ബലവേഗയ (എസ്‌ജെബി) പാര്‍ട്ടിയുടെ സജിത്ത് പ്രേമദാസ, ജനത വിമുക്തി പെരമുനയുടെ സ്ഥാനാര്‍ഥി അനുര കുമാര ദിശനായകെ എന്നിവരാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നമലിന്റെ എതിരാളികള്‍.

 4. പാക്കിസ്ഥാനിൽ ചാരസംഘടനയായ ഇന്റർ സർവീസ് ഇന്റലിജൻസിന്റെ (ഐഎസ്ഐ) മുൻ മേധാവി ഫായിസ് ഹമീദിനെ സൈന്യം അറസ്റ്റ് ചെയ്തു. ഹൗസിങ് പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. അപൂർവമായാണ് ഐഎസ്ഐയുടെ ഉന്നത നേതാക്കൾക്കെതിരെ പാക്ക് സൈന്യം നടപടിയെടുക്കുന്നത്. കേസിൽ വിശദമായ അന്വേഷണം സൈന്യം നടത്തുകയാണെന്നും പാക്കിസ്ഥാൻ സൈനിക നിയമപ്രകാരം ഫായിസ് ഹമീദിനെതിരെ അച്ചടക്ക നടപടികൾ സ്വീകരിച്ചു വരികയാണെന്നും പാക്കിസ്ഥാൻ സൈന്യത്തിന്റെ മാധ്യമവിഭാഗമായ ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് അറിയിച്ചു. വിരമിക്കലിനുശേഷം പലതവണ നടത്തിയ നിയമലംഘനങ്ങളുടെ കുറ്റവും ഹമീദിനെതിരെ ചുമത്തിയിട്ടുണ്ട്. കോർട്ട് മാർഷൽ നടപടികൾക്കുള്ള തയാറെടുപ്പുകൾ തുടങ്ങിയെന്നും ഹമീദ് സൈന്യത്തിന്റെ കസ്റ്റഡിയിലാണെന്നും ഐഎസ്പിആർ കൂട്ടിച്ചേർത്തു. ഭവന നിർമാണ കമ്പനിയായ ടോപ് സിറ്റി ഉടമ മൊയീസ് അഹമ്മദ് 2023ൽ സുപ്രീം കോടതിയിൽ നൽകിയ കേസിലാണ് ഹമീദിന്റെ അറസ്റ്റ്. ഹമീദിന്റെ അറിവോടെ ഐഎസ്ഐ ഉദ്യോഗസ്ഥർ തന്റെ ഓഫിസിലും വീട്ടിലും 2017ൽ പരിശോധന നടത്തുകയും വജ്രങ്ങളും സ്വർണവും പണവുമുൾപ്പെടെ കടത്തുകയും ചെയ്തെന്നാണു പരാതി. പിന്നീടു പ്രശ്നം ഒത്തുതീർപ്പാക്കാൻ ഹമീദിന്റെ സഹോദരൻ സർ‍ദാർ നജാഫും തുടർന്നു ഹമീദ് നേരിട്ടും തന്നെ സമീപിച്ചെന്നും മൊയീസ് പരാതിയിൽ പറയുന്നു. നാലു കോടിയോളം രൂപ തന്നിൽനിന്നു തട്ടിച്ചെന്നാണു മൊയീസ് ആരോപിക്കുന്നത്. പരാതിയിൽ അന്വേഷണം നടത്താൻ പാക്ക് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് പ്രതിരോധ മന്ത്രാലയത്തെ ചുമതലപ്പെടുത്തിയിരുന്നു. 2019 മുതൽ 2021 വരെ ഹമീദ് ഐഎസ്ഐ മേധാവിയായിരുന്നു. നിലവിലെ സൈനിക മേധാവി അസിം മുനീർ ഐഎസ്ഐ മേധാവിയായിരിക്കുമ്പോൾ കാലാവധി പൂർത്തിയാക്കുന്നതിനു മുമ്പേ അദ്ദേഹത്തെ മാറ്റിയാണു ഫായിസ് ഹമീദിനെ നിയമിച്ചത്. അന്നു പ്രധാനമന്ത്രിയായിരുന്ന ഇമ്രാൻ ഖാന് അസിം മുനീറിനോടുള്ള അപ്രീതിയെത്തുടർന്നാണ് അദ്ദേഹത്തെ മാറ്റിയതെന്നുള്ള ആരോപണം ശക്തമായിരുന്നു. പിന്നീട് സൈന്യം നേരിട്ടിടപെട്ട് ഹമീദിനെ ഐഎസ്ഐ നേതൃസ്ഥാനത്തുനിന്നു മാറ്റിയതോടെയാണു പാക്കിസ്ഥാനിൽ ഇമ്രാൻ ഖാനും സൈന്യവും തമ്മിൽ ഭിന്നത ശക്തമാകുകയും ഇമ്രാന്റെ പുറത്താകലിലേക്ക് എത്തിയതും.

5. ഗാസയിൽ വെടിനിർത്തൽ കരാർ യാഥാർഥ്യമായാൽ ഇസ്രയേലിനെതിരായ പ്രതികാര നടപടികളിൽ നിന്ന് ഇറാൻ പിന്മാറിയേക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. കരാർ നിലവിൽ വന്നാൽ ഇസ്രയേലിനെതിരായ പ്രതികാര നടപടികളിൽ നിന്ന് ഇറാൻ പിന്മാറുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അതാണ് എന്റെ പ്രതീക്ഷ എന്നായിരുന്നു ബൈഡന്റെ മറുപടി. ഗാസയിൽ വെടിനിർത്തൽ കരാർ യാഥാർഥ്യമായാൽ മാത്രമേ ഇസ്രയേലിനെതിരായ നേരിട്ടുള്ള പ്രതികാര നടപടികളിൽ നിന്ന് ഇറാൻ പിന്തിരിയുകയുള്ളൂ എന്ന് മൂന്ന് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് ബൈഡന്റെ പ്രതികരണം.
ഇതേസമയം ഇസ്രയേലിനു തിരിച്ചടി നൽകരുതെന്ന യൂറോപ്യൻ രാജ്യങ്ങളുടെ അഭ്യർഥന ഇറാൻ തള്ളി. മേഖലയിൽ സ്ഥിതി വഷളാകാതിരിക്കാൻ ഇസ്രയേലിനെ ആക്രമിക്കുന്നത് ഇറാൻ ഒഴിവാക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്, ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമെർ എന്നിവരാണു സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടത്. എന്നാൽ, കഴിഞ്ഞ മാസം ഹമാസ് മേധാവിയെ ടെഹ്റാനിൽ വധിച്ച സംഭവത്തിൽ തിരിച്ചടി നൽകാൻ അവകാശമുണ്ടെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാൻ വ്യക്തമാക്കി. ഗാസയിലെ ഇസ്രയേൽ അതിക്രമങ്ങളോടു പാശ്ചാത്യലോകം പുലർത്തുന്ന മൗനം നിരുത്തരവാദപരമാണെന്നും പറഞ്ഞു. വെടിനിർത്തൽ കരാർ യാഥാർഥ്യമായാൽ ഇസ്രയേലിനെ ആക്രമിക്കില്ലെന്ന സൂചനയും ഇതിനിടെ ഇറാൻ അധികൃതർ നൽകിയതായി റിപ്പോർട്ടുണ്ട്. ഗാസ ചർച്ച ഫലപ്രദമാക്കാനായി ഇറാനെ സമാധാനിപ്പിച്ചുനിർത്താൻ ഇടപെടണമെന്ന് തുർക്കി അടക്കം സഖ്യകക്ഷികളോട് യുഎസ് ആവശ്യപ്പെട്ടിരുന്നു. അതിനിടെ, ഗാസയിൽനിന്നു ഹമാസിന്റെ റോക്കറ്റ് ടെൽ അവീവ് തീരത്തു വീണതായി ഇസ്രയേൽ പറഞ്ഞു. ഇക്കാര്യം ഹമാസും സ്ഥിരീകരിച്ചു. ചെങ്കടലിൽ 2 ചരക്കുകപ്പലുകൾ കൂടി ആക്രമിക്കപ്പെട്ടതായും റിപ്പോർട്ടുണ്ട്.

യെമനിൽ യുഎൻ ഓഫിസ് ഹൂതികൾ പിടിച്ചെടുത്തു.
യെമൻ തലസ്ഥാനമായ സനായിൽ ഐക്യരാഷ്ട്രസംഘടനയുടെ മനുഷ്യാവകാശ വിഭാഗം ഓഫിസ് ഹൂതികൾ കയ്യേറി. രേഖകളും ഫർണിച്ചറും വാഹനങ്ങളും പിടിച്ചെടുത്തു. യുഎസ് ചാരന്മാരാണ് യുഎൻ ഏജൻസികളിൽ പ്രവർത്തിക്കുന്നതെന്നാരോപിച്ചാണു നടപടി.
യെമൻ തലസ്ഥാനമായ സനാ അടക്കമുള്ള പ്രദേശങ്ങൾ ഇറാൻ പിന്തുണയുള്ള ഹൂതികളുടെ നിയന്ത്രണത്തിലാണ്. ഈ മാസം 3ന് ആണ് യുഎൻ ഓഫിസ് കയ്യേറിയ ഹൂതികൾ അവിടെ ജോലി ചെയ്യുന്ന യെമൻ പൗരന്മാരായ ജീവനക്കാരിൽനിന്ന് ഓഫിസ് രേഖകൾ പിടിച്ചെടുക്കുകയായിരുന്നു. ജൂണിൽ യുഎൻ ഏജൻസികളിലും സന്നദ്ധ സംഘടനകളിലും പ്രവർത്തിക്കുന്ന 60 പേരെ ഹൂതികൾ കസ്റ്റഡിയിലെടുത്തിരുന്നു.

 6. ഇറാനിൽ പരിഷ്കരണവാദിയായ പുതിയ പ്രസിഡന്റ് മസൂദ് പെസഷ്കിയാനുമായുള്ള വിയോജിപ്പിനെ തുടർന്ന് വൈസ് പ്രസിഡന്റ് മുഹമ്മദ് ജവാദ് ഷരീഫ് രാജിവച്ചു. രണ്ടാഴ്ച മുൻപു മാത്രം വൈസ് പ്രസിഡന്റായ ഷരീഫിന്റെ രാജി പുതിയ സർക്കാരിലെ കടുത്ത ഭിന്നത പുറത്തുകൊണ്ടുവന്നു. പെസഷ്കിയാൻ യാഥാസ്ഥിതികർക്ക് വഴങ്ങിയെന്ന് ആരോപിച്ചാണ് രാജി. പെസഷ്കിയാൻ സമർപ്പിച്ച 19 കാബിനറ്റ് മന്ത്രിമാരുടെ പട്ടികയിൽ യാഥാസ്ഥിതിക പക്ഷത്തുനിന്ന് നിരവധി പേരെയും ഒരേയൊരു വനിതയെയും മാത്രമാണ് ഉൾപ്പെടുത്തിയത്. തിരഞ്ഞെടുപ്പിൽ പെസഷ്കിയാന്റെ മുഖ്യ പ്രചാരണം നടത്തിയ ഷരീഫ് മാറ്റം കൊണ്ടുവരാൻ ആണ് വോട്ടുചോദിച്ചത്. താൻ വാഗ്ദാനം ചെയ്ത മാറ്റം കൊണ്ടുവരാൻ കഴിയില്ലെന്ന് ബോധ്യമായതുകൊണ്ടാണ് രാജിവയ്ക്കുന്നതെന്നും സ്ത്രീകളെയും യുവാക്കളെയും വിവിധ വംശീയ വിഭാഗങ്ങളെയും ഉൾപ്പെടുത്താൻ കഴിയാത്തതിൽ ലജ്ജിക്കുന്നുവെന്നും ഷരീഫ് സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി. ഇറാൻ രാഷ്ട്രീയത്തിലെ പ്രബലനും നയതന്ത്രജ്ഞനുമായ ഷരീഫിന്റെ രാജി രാഷ്ട്രീയവൃത്തങ്ങളെ അമ്പരപ്പിച്ചു. മുൻ വിദേശകാര്യമന്ത്രിയായ ജവാദ് ഷരീഫാണ് 2015 ൽ ഇറാന്റെ ആണവ കരാറുമായി ബന്ധപ്പെട്ട് ലോകരാജ്യങ്ങളുമായി നടന്ന ചർച്ചകൾ നയിച്ചത്.

7. തായ്‌ലാൻഡിൽ ഭരണഘടന ലംഘിച്ചതിനു പ്രധാനമന്ത്രി സെറ്റ താവിസിനെ കോടതി പുറത്താക്കി. ജയിൽശിക്ഷ അനുഭവിച്ച മുൻ അഭിഭാഷകനെ മന്ത്രിസഭയിൽ നിയമിച്ച കുറ്റത്തിനാണു തായ് ഭരണഘടനാ കോടതിയുടെ നടപടി. സെറ്റ ധിക്കാരപൂർവം രാഷ്ട്രീയ ധാർമികതയും നിയമങ്ങളും ലംഘിച്ചെന്നും കോടതി വിമർശിച്ചു. റിയൽ എസ്റ്റേറ്റ് ഭീമനായ സെറ്റ (67) 2023 ഓഗസ്റ്റിലാണ് തായ് പ്രധാനമന്ത്രിയായത്. കഴിഞ്ഞവർഷം നടന്ന തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയ മൂവ് ഫോർവേഡ് പാർട്ടി പിരിച്ചുവിടുകയും അതിന്റെ നേതാക്കൾക്കു 10 വർഷം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തതിനു പിന്നാലെയാണു കോടതി പ്രധാനമന്ത്രിയെയും പുറത്താക്കുന്നത്. കോടതിയുടെ ഒമ്പതംഗ ബെഞ്ചിൽ‍ 5 പേരും സെറ്റയെ പുറത്താക്കുന്നതിനെ അനുകൂലിച്ചു. 16 വർഷത്തിനുള്ളിൽ തായ് ഭരണഘടനാ കോടതി പുറത്താക്കുന്ന മൂന്നാമത്തെ പ്രധാനമന്ത്രിയാണു സെറ്റ.
പയേതുങ്താൻ ഷിനവത്ര പുതിയ തായ്‌ലൻഡ് പ്രധാനമന്ത്രി;
തായ്‌ലൻഡിൽ പാർലമെന്റ് പയേതുങ്താൻ ഷിനവത്രയെ (37) പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു. മുൻ പ്രധാനമന്ത്രി തക്സിൻ ഷിനവത്രയുടെ മകളാണ് ഷിനവത്ര. സർക്കാരിനു നേതൃത്വം നൽകുന്ന ഫിയു തായ് പാർട്ടിയുടെ സ്ഥാനാർഥിയായ പയേതുങ്താന് പാർലമെന്റിൽ 319 വോട്ട് ലഭിച്ചു. നിലവിൽ പ്രധാനമന്ത്രിയായിരുന്ന സ്രദ്ദ തവിസിനെ അഴിമതിക്കേസിൽ സുപ്രീം കോടതി ബുധനാഴ്ച പുറത്താക്കിയതിനു പിന്നാലെയാണ് പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുത്തത്. പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും രണ്ടാമത്തെ വനിതയുമാണ് പയേതുങ്താൻ. പുതിയ പദവി ബഹുമതിയായി കരുതുന്നുവെന്നും രാജ്യത്തെ പുരോഗതിയിലേക്കു നയിക്കാൻ കഴിയുമെന്നും ഷിനവത്ര പറഞ്ഞു. കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടൽ ബിസിനസ് നടത്തുകയായിരുന്നു പയേതുങ്താൻ.
അതേസമയം അധികാരദുർവിനിയോഗത്തിന്റെ പേരിൽ ജയിൽശിക്ഷ അനുഭവിക്കുന്ന തായ്‌ലൻഡ് മുൻ പ്രധാനമന്ത്രി തക്സിൻ ഷിനവത്രയ്ക്ക് രാജാവ് മാപ്പ് നൽകി. ഷിനവത്രയുടെ മകൾ പയേതുങ്താൻ ഷിനവത്ര (37) പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനു പിറ്റേന്നാണ് പരോൾ 2 ആഴ്ചയായി ചുരുക്കി മാപ്പു നൽകിയത്. കോടീശ്വരനായ ബിസിനസുകാരൻ കൂടിയായ മുൻ പ്രധാനമന്ത്രി തക്സിനെ 2006 ലാണ് അഴിമതി ആരോപിച്ച് പട്ടാളം പുറത്താക്കിയത്. തുടർന്ന് വിദേശത്തു താമസമാക്കിയ തക്സിൻ കഴിഞ്ഞ വർഷം തായ്‌ലൻഡിൽ തിരിച്ചെത്തി. 8 വർഷത്തെ തടവുശിക്ഷയാണ് വിധിച്ചതെങ്കിലും മഹാവജിറലോങ്‌കോൺ രാജാവ് ഇടപെട്ട് കഴിഞ്ഞ സെപ്റ്റംബറിൽ ഇത് ഒരു വർഷമായി കുറച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ പരോളിൽ ഇറങ്ങുന്നതുവരെ ആരോഗ്യപ്രശ്നങ്ങൾ കാരണം 6 മാസം തക്സിൻ ആശുപത്രിത്തടവിലായിരുന്നു. രാജാവിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് അദ്ദേഹം ഉൾപ്പെടെ ഏതാനും തടവുകാർക്ക് മാപ്പുനൽകിയത്.

8. ജനസമ്മതി കുറഞ്ഞതിനാൽ രാജിവയ്ക്കുന്നതായി ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ (67) പ്രഖ്യാപിച്ചു. അടുത്തമാസം ഒഴിയുമെന്നും പകരം ആളെ കണ്ടെത്തണമെന്നും ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയോട് (എൽഡിപി) കിഷിദ ആവശ്യപ്പെട്ടു. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ പിന്നെ രാഷ്ട്രീയത്തിൽ തുടരുന്നതിൽ കാര്യമില്ലെന്നും പാർട്ടി പ്രസിഡന്റുകൂടിയായ കിഷിദ പറഞ്ഞു. മാറ്റങ്ങൾ കൊണ്ടുവരാൻ കെൽപുള്ള പിൻഗാമിയെ കണ്ടുപിടിക്കണമെന്നും പാർട്ടിയോട് കിഷിദ ആവശ്യപ്പെട്ടു. ജീവിതച്ചെലവ് വർധിച്ചതും അഴിമതികളും കാരണമാണ് 2021ൽ അധികാരത്തിൽ വന്ന കിഷിദ സർക്കാരിന് ജനപ്രീതി നഷ്ടമായത്. ജപ്പാനിലെ യൂണിഫിക്കേഷൻ ചർച്ചും പാർട്ടിയും തമ്മിലുള്ള ബന്ധം പുറത്തുവന്നതോടെയാണ് ആദ്യ വിവാദമുണ്ടായത്. പാർട്ടി ഫണ്ട് പിരിച്ചതുമായി ബന്ധപ്പെട്ടു പിന്നാലെ ആരോപണമുയർന്നു. ഇതിനിടെ വിലയക്കയറ്റം ഉണ്ടായതോടെ ജനങ്ങളും സർക്കാരിനെതിരെ തിരിഞ്ഞു. കിഷിദ ഒഴിയുന്ന സാഹചര്യത്തിൽ പിൻഗാമിയെ കണ്ടെത്താൻ എൽഡിപി സെപ്റ്റംബറിൽ യോഗം ചേരും. പ്രതിരോധ മന്ത്രിയായ ഷിഗെരു ഇഷിബ (67) പ്രധാനമന്ത്രിയാകുമെന്നാണ് കരുതുന്നത്. 2025 ലാണ് ജപ്പാനിൽ തിരഞ്ഞെടുപ്പ്. അതിനാൽ പുതിയ പ്രധാനമന്ത്രിക്ക് പ്രതിഛായ തിരിച്ചുപിടിക്കാൻ കഷ്ടിച്ച് ഒരുവർഷം മാത്രമേ ലഭിക്കൂ.

 9. ഗാസയിൽ വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നു. സിഐഎ ഡയറക്ടർ വില്യം ബേൺസ് ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന ചർച്ച ഖത്തർ തലസ്ഥാനമായ ദോഹയിൽ ആരംഭിച്ചതായി യുഎസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി പറഞ്ഞു. വ്യാഴാഴ്ച മികച്ച തുടക്കമായിരുന്നെന്നും ഇനിയും ഒരുപാട് ജോലികൾ ചെയ്യാനുണ്ടെന്നും കിർബി വാഷിങ്ടനിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ജൂലൈ 31ന് ടെഹ്‌റാനിൽ ഹമാസ് മേധാവി ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടത്തിനു പിന്നാലെ ഇസ്രയേലിനെതിരെ ഇറാൻ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കെയാണ് ഗാസയിൽ വെടിനിർത്തലിന് യുഎസ് മുൻകൈ എടുക്കുന്നത്. ഇസ്രയേലിനെ സഹായിക്കുന്നതിനായി യുഎസ് യുദ്ധക്കപ്പലുകളും അന്തർവാഹിനികളും യുദ്ധവിമാനങ്ങളും ഈ മേഖലയിലേക്ക് അയച്ചിരിക്കുന്നതിനാൽ, ഗാസയിൽ വെടിനിർത്തൽ വേണമെന്നാണ് യുഎസിന്റെ ആവശ്യം. വ്യാഴാഴ്ചത്തെ ചർച്ചയിൽ പങ്കെടുത്തില്ലെന്നും എന്നാൽ മധ്യസ്ഥരുമായുള്ള ചർച്ചകളിൽ പങ്കെടുക്കാൻ തയാറാണെന്നും ഹമാസ് വക്താവ് ഒസാമ ഹംദാൻ പറഞ്ഞു. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മേയ് അവസാനത്തോടെ ആവിഷ്‌കരിച്ച സമാധാന ഉടമ്പടി നടപ്പിലാക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു. ‘‘ഇസ്രയേൽ അധിനിവേശം നടത്തിയെന്ന് അംഗീകരിച്ചാൽ, ചർച്ചകൾക്ക് ഞങ്ങൾ സമ്മതിക്കും, പക്ഷേ ഇതുവരെ പുതിയതായി ഒന്നുമില്ല.’’– ഹംദാൻ വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു. പലസ്തീൻ ജനതയെ കൊല്ലാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന് കൂടുതൽ സമയം നൽകുന്ന നീണ്ട ചർച്ചകളിൽ ഹമാസ് പങ്കെടുക്കില്ലെന്നും ഹംദാൻ പറഞ്ഞു. ഇസ്രയേൽ–ഹമാസ് യുദ്ധം ആരംഭിച്ചതിനു ശേഷം ഒരിക്കൽ മാത്രമാണ് വെടിനിർത്തൽ നടപ്പിലായത്. ഒക്ടോബർ 7ലെ ആക്രമണത്തിൽ പിടികൂടിയ 105 ബന്ദികളെ ഹമാസ് മോചിപ്പിച്ചപ്പോൾ നവംബറിലായിരുന്നു വെടിനിർത്തൽ. ഇസ്രയേൽ ജയിലിലുണ്ടായിരുന്ന 240 പലസ്തീനികളെ വിട്ടയച്ചതിനു പകരമായാണ് 105 ബന്ദികളെ ഹമാസ് വിട്ടയച്ചത്.

10. 2017നു ശേഷം ആദ്യമായി വെസ്റ്റ് ബാങ്കിൽ കുടിയേറ്റ കേന്ദ്രം നിർമിക്കാൻ ഇസ്രയേൽ. വെസ്റ്റ് ബാങ്കിൽ പ്രവർത്തിക്കുന്ന രാജ്യത്തിന്റെ ഭരണ സമിതിയായ ഇസ്രയേലി സിവിൽ അഡ്മിനിസ്‌ട്രേഷനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ‌ പലസ്തീൻ നഗരമായ ബെത്‌ലഹേമിന് സമീപം ജറുസലേമിന്റെ തെക്കുപടിഞ്ഞാറായി ഏകദേശം 148 ഏക്കർ (ഏകദേശം 600,000 ചതുരശ്ര മീറ്റർ) സ്ഥലത്താണ് നഹാൽ ഹെലെറ്റ്‌സ് എന്ന കുടിയേറ്റ കേന്ദ്രം നിർമിക്കുന്നത്. സോണിങ് പ്ലാനുകളും നിർമാണ അനുമതിയും ലഭിക്കുന്നതിന് സമയമെടുക്കുന്നതിനാൽ നിർമാണപ്രവർത്തനങ്ങൾ വർഷങ്ങളോളം നീണ്ടേക്കാം. കുടിയേറ്റ കേന്ദ്ര നിർമിന്നത് സംഘർഷവും സുരക്ഷാ വെല്ലുവിളികളും കൊണ്ടുവരുമെന്ന് ഇവ എതിർക്കുന്ന സംഘടനയായ പീസ് നൗ മുന്നറിയിപ്പ് നൽകി. യുനെസ്‌കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പുരാതന കാർഷിക ടെറസുകൾക്ക് പേരുകേട്ട പലസ്തീനിയൻ ഗ്രാമമായ ബത്തീറിന്റെ ഭൂമിയിലാണ് കുടിയേറ്റ കേന്ദ്രം നിർമിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.

11. ഗൂഗിളിന്റെ കുത്തക അവസാനിപ്പിക്കാൻ നീക്കവുമായി യുഎസ്. വിപണിയിലെ ഗൂഗിൾ ആധിപത്യത്തിനെതിരെ കൊളംബിയ ഡിസ്ട്രിക്ട് കോടതി ഈ മാസം നടത്തിയ പരാമർശങ്ങളുടെ ചുവടുപിടിച്ചാണ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസിന്റെ നീക്കം. ഓൺലൈൻ സേർച് വിപണിയുടെ 90% ഗൂഗിൾ കുത്തകയാക്കി വച്ചിരിക്കുന്നു, സ്മാർട്ഫോണുകളിലെ തിരച്ചിലിന്റെ 95 ശതമാനവും കയ്യടക്കി, സ്മാർട്ഫോണുകളിലും ബ്രൗസറുകളിലും ‘ഡിഫോൾട്ട്’ സേർച് എൻജിൻ ആയി ഗൂഗിൾ തന്നെ വരാൻ 2021ൽ മാത്രം 2630 കോടി ഡോളർ കമ്പനി ചെലവാക്കി തുടങ്ങിയവയാണ് ഡിസ്ട്രിക്ട് ജഡ്ജി അമിത് മേത്തയുടെ ഉത്തരവിലുള്ളത്. ടെക് വമ്പന്മാരെ പിടിച്ചുകെട്ടാനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്കിടെ വീണുകിട്ടിയ അവസരമായാണ് കോടതി വിധിയെ യുഎസ് ഭരണകൂടം കാണുന്നത്.
ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസിന്റെ നടപടികൾ യാഥാർഥ്യമായാൽ ആൻഡ്രോയിഡ്, ക്രോം ഉൾപ്പെടെയുള്ള ബിസിനസുകൾ ഗൂഗിളിന് അവസാനിപ്പിക്കേണ്ടി വന്നേക്കാം. ടെക് ലോകത്തിൽ ഗൂഗിളിന്റെ ആധിപത്യത്തിന് ഏറ്റവും കരുത്തു പകരുന്ന രണ്ട് ഉൽപന്നങ്ങളാണ് ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റവും ക്രോം വെബ് ബ്രൗസറും. ലോകമെമ്പാടുമുള്ള ഏകദേശം 2.5 ബില്യൻ ഉപകരണങ്ങളിലാണ് ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റമുള്ളത്. ഒട്ടേറെ സ്മാർട്ട് ഫോണുകളിലും ക്രോം ആണ് ഡിഫോൾട്ട് ബ്രൗസർ. ഇവ വിൽക്കാൻ ഗൂഗിൾ നിർബന്ധിതമായേക്കാം. കൂടാതെ, ടെക്സ്റ്റ് പരസ്യങ്ങൾ വിൽക്കാൻ ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമായ ആഡ്‌വേർഡ്സ് വിൽക്കാൻ ഗൂഗിളിനോട് ആവശ്യപ്പെടുന്നതിന്റെ സാധ്യതയും ഉദ്യോഗസ്ഥർ പരിഗണിക്കുന്നുണ്ട്. 2018ൽ ഗൂഗിൾ ആഡ്സ് എന്ന പേരിൽ പുനർനാമകരണം ചെയ്യപ്പെട്ട ആഡ്‌വേർഡ്സ്, കമ്പനിയുടെ നിർണായക വരുമാന സ്രോതസ്സാണ്. ഗൂഗിളിന്റെ മൊത്തം വരുമാനത്തിന്റെ മൂന്നിൽ രണ്ടു ഭാഗവും ഇതിലൂടെയാണ്. 2020ൽ ഇത് നൂറു ബില്യൻ ഡോളറിനു മുകളിലാണ് ഗൂഗിൾ ആഡ്സിൽനിന്നുള്ള വരുമാനം. കോടതി വിചാരണയ്ക്കിടെ ഗൂഗിൾ തന്നെ വെളിപ്പെടുത്തിയതാണ് ഈ കണ‌ക്ക്.
കടുത്ത നടപടികൾ ഒഴിവാക്കാൻ തീരുമാനിച്ചാൽ, ഡേറ്റ പങ്കുവയ്ക്കുന്നത് ഉൾപ്പെടെയുള്ള നിർദേശങ്ങളാകും യുഎസ് ഭരണകൂടം മുന്നോട്ടുവയ്ക്കുക. ഗൂഗിളിന്റെ മുഖ്യ എതിരാളികളായ മറ്റു സെർച്ച് എൻജിനുകളായ മൈക്രോസോഫ്റ്റിന്റെ ബിങ്, ഡക്‌ഡക്ഗോ പോലുള്ളവയുമായി ഡേറ്റ പങ്കുവയ്ക്കാൻ ഗൂഗിൾ നിർബന്ധിതമായേക്കാം.‘ഡിഫോൾട്ട്’ സേർച് എൻജിൻ ആകുന്നതിന് ഗൂഗിൾ ഏർപ്പെട്ട കരാറുകൾ റദ്ദാക്കാൻ ആവശ്യപ്പെടാനും സാധ്യതയുണ്ട്. ആപ്പിൾ, സാംസങ് ഉൾപ്പെടെയുള്ള കമ്പനികളുമായാണ് ഗൂഗുളിന്റെ കരാർ. നിലവിൽ ഏറ്റവുമധികം പരീക്ഷണങ്ങൾ നടക്കുന്ന നിർമിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്– എഐ) മേഖലയിലും ഗൂഗിൾ പിടിമുറുക്കുന്നത് തടയാൻ യുഎസ് ശ്രമിക്കുന്നു. ഇതിനായി, ഗൂഗിളിന്റെ എഐ ഉത്പന്നങ്ങളിൽ അവരുടെ തന്നെ ഡേറ്റ് ഉപയോഗിക്കുന്നത് നിർബന്ധമാക്കുന്നത് തടയാനാണ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസിന്റെ നീക്കം

✍സ്റ്റെഫി ദിപിൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments