പിന്നണി ഗായിക പി. സുശീലയെ കഠിനമായ വയറുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ശനിയാഴ്ച രാത്രിയോടെയാണ് ഗായികയെ ചെന്നൈ ആൾവാർപേട്ടിലുള്ള സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഗായികയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. 88 വയസുള്ള സുശീല അഞ്ച് തവണ മികച്ച ചലച്ചിത്ര പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്.
ഒരു കാലഘട്ടത്തില്‍ മലയാളികള്‍ റേഡിയോയിലൂടെ കാതോര്‍ത്ത ശബ്ദമായിരുന്നു സുശീലാമ്മയുടേത്. മലയാളിയല്ലാതിരുന്നിട്ടും സുശീല പാടുന്ന പാട്ടുകള്‍ കേള്‍ക്കാന്‍ ഒരു കാലഘട്ടം മുഴുവന്‍ കാത്തിരുന്നു. സുശീലയെന്നാല്‍ മലയാള ചലച്ചിത്ര ഗാനശാഖയുടെ സുവര്‍ണകാലഘട്ടത്തിലെ ഏറ്റവും മനോഹരമായ ശബ്ദസാന്നിദ്ധ്യങ്ങളില്‍ ഒന്നാണ്. 1960ല്‍ പുറത്തിറങ്ങിയ സീത എന്ന ചിത്രത്തിലൂടെയാണ് സുശീല മലയാളത്തില്‍ ആദ്യമായി ഒരു ഗാനം ആലപിക്കുന്നത്. അഭയദേവ് എഴുതിയ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നത്ദക്ഷിണാമൂര്‍ത്തിയാണ്.മലയാളികള്‍ നെഞ്ചേറ്റിയ ഏറ്റവും മനോഹരമായ താരാട്ടു പാട്ടുകളിലൊന്നായ ‘പാട്ടുപാടിയുറക്കാം ഞാന്‍ താമരപ്പൂമ്പൈതലേ…’ എന്ന ഗാനം ഈ ചിത്രത്തില്‍ നിന്നായിരുന്നു.
ദക്ഷിണാമൂര്‍ത്തിയാണ് സുശീലയെ മലയാളത്തിലേയ്ക്ക് ക്ഷണിച്ചത്. മലയാളത്തിലെത്തിയപ്പോള്‍ ഉച്ഛാരണമായിരുന്നു സുശീലയ്ക്ക് വെല്ലുവിളിയായത്. മലയാളത്തിലെ തന്റെ ആദ്യ ഗാനം പാടാന്‍ കഴിയില്ലെന്ന് സുശീല ദക്ഷിണാമൂര്‍ത്തിയെ അറിയിച്ചിരുന്നു. എന്നാല്‍,ദക്ഷിണാമൂര്‍ത്തി തന്നെ സുശീലയെ മലയാളം പറയുന്ന രീതികള്‍ പഠിപ്പിക്കുകയും അവര്‍ക്ക് ആത്മവിശ്വാസം നല്‍കുകയും ചെയ്തു.