Saturday, September 21, 2024
Homeഅമേരിക്കആധിപത്യം അവസാനിപ്പിക്കണം, ഗൂഗിളിനെ വെട്ടിമുറിക്കാന്‍ നീക്കവുമായി യുഎസ്, എന്തും സംഭവിക്കാം.

ആധിപത്യം അവസാനിപ്പിക്കണം, ഗൂഗിളിനെ വെട്ടിമുറിക്കാന്‍ നീക്കവുമായി യുഎസ്, എന്തും സംഭവിക്കാം.

മുംബൈ: ആഗോള ടെക് ഭീമനായ ഗൂഗിളിനെ ചെറുഘടകങ്ങളാക്കി മാറ്റാനുള്ള സാധ്യതകള്‍തേടി അമേരിക്ക. യു.എസ്. ഡിപാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് ആണ് അസാധാരണമായ നീക്കത്തിനൊരുങ്ങുന്നത്. ഓണ്‍ലൈന്‍ സെര്‍ച്ച് വിപണിയില്‍ ഗൂഗിളിന്റെ കുത്തകവത്കരണത്തിന് എതിരായ യു.എസ്. കോടതി വിധിയാണ് ഇത്തരമൊരു സാധ്യതയിലേക്കു നയിക്കുന്നത്. കുത്തകവത്കരണം തടയാനുള്ള വഴിയാലോചിച്ച് വകുപ്പ് വിശദമായചര്‍ച്ചകള്‍ നടത്തി വരുന്നതായാണ് റിപ്പോര്‍ട്ട്.

ഓണ്‍ലൈന്‍ സെര്‍ച്ച് വിപണിയും സെര്‍ച്ച് ടെക്സ്റ്റ് പരസ്യങ്ങളും ഗൂഗിള്‍ നിയമവിരുദ്ധമായി കുത്തകവത്കരിച്ചുവെന്ന് കൊളംബിയ ജില്ലാ കോടതി വിധിച്ചിരുന്നു. ഒരുവര്‍ഷത്തെ വാദപ്രതിവാദത്തിനുശേഷമാണ് ജഡ്ജി അമിത് മേത്ത ഓഗസ്റ്റ് അഞ്ചിനു വിധിപ്രസ്താവിച്ചത്. ടെക് ഭീമന്‍മാരുടെ കുത്തകപൊളിക്കാന്‍ യു.എസ്. നിയമവകുപ്പ് നടത്തുന്ന പോരാട്ടത്തിലെ നിര്‍ണായകവിധിയായാണ് ഇതിനെ കാണുന്നത്.

പ്രശ്‌നപരിഹാരത്തിന്റെ ഭാഗമായി ഗൂഗിളിന്റെ വിവിധ വ്യവസായ യൂണിറ്റുകള്‍ വിറ്റഴിക്കുന്നതിനു കമ്പനിയെ നിര്‍ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ആന്‍ഡ്രോയിഡ് ഓപറേറ്റിങ് സിസ്റ്റം, ക്രോം വെബ് ബ്രൗസര്‍ എന്നിവയാണ് ഇതിനായി പ്രാഥമികമായി പരിഗണിക്കുന്നത്. ടെക് ഇക്കോസിസ്റ്റത്തില്‍ ഗൂഗിളിന് അപ്രമാദിത്വം നല്‍കുന്ന ഉത്പന്നങ്ങളാണിവ രണ്ടും. ലോകവ്യാപകമായി 250 കോടി ഉപകരണങ്ങളില്‍ ആന്‍ഡ്രോയിഡ് ഓപറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നതായാണ് കണക്ക്.

മറ്റൊരു വിഭാഗമാണ് ഗൂഗിളിന്റെ പരസ്യ വ്യവസായമായ ആഡ് വേഡ്‌സ്. നിലവില്‍ ഗൂഗിള്‍ ആഡ്‌സ് എന്നറിയപ്പെടുന്ന ഈ വിഭാഗമാണ് കമ്പനിയുടെ പ്രധാന വരുമാന സ്രോതസ്സ്. മൊത്തംവരുമാനത്തിന്റെ മൂന്നില്‍ രണ്ടും ഇതില്‍നിന്നാണ്.

ഗൂഗിളിന്റെ എതിരാളികളുമായി വിവരങ്ങള്‍ പങ്കുവെച്ചുകൊണ്ടും സെര്‍ച്ചിനായി ഗൂഗിള്‍ ഉപയോഗിക്കുന്നതിന് വിവിധ കമ്പനികളുമായി ഉണ്ടാക്കിയ പ്രത്യേകകരാറുകള്‍ അവസാനിപ്പിച്ചും പ്രശ്‌നം പരിഹരിക്കാനുള്ള സാധ്യതകളും തേടുന്നുണ്ട്. ആപ്പിള്‍, സാംസങ് പോലുള്ള കമ്പനികള്‍ക്ക് കോടിക്കണക്കിനു ഡോളര്‍ നല്‍കി, ഉത്പന്നങ്ങളില്‍ പ്രാഥമിക സെര്‍ച്ച് എന്‍ജിനായി ഗൂഗിളിനെ ഉപയോഗിക്കാന്‍ കരാറുകളുണ്ടാക്കുന്നതാണ് ഗൂഗിളിന്റെ രീതി. നിര്‍മിത ബുദ്ധി ടൂളുകളില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ വിവരങ്ങള്‍ കൈമാറുന്നതിന് ഗൂഗിള്‍ കമ്പനികളെ പ്രേരിപ്പിക്കുന്നതായും ആരോപണങ്ങളുണ്ട്. സെര്‍ച്ച് ഫലത്തില്‍ വിവരങ്ങള്‍ പ്രതിഫലിക്കാനായി കമ്പനികള്‍ ഇത്തരത്തില്‍ ഉള്ളടക്കം കൈമാറാന്‍ നിര്‍ബന്ധിതമാകുന്ന സാഹചര്യമുണ്ട്. ഗൂഗിളിനെ പലതായി വിഭജിക്കുന്നതിന് നടപടിയുണ്ടായാല്‍ 1980-കളില്‍ എ.ടി. ആന്‍ഡ് ടി.യ്‌ക്കെതിരായുണ്ടായ നടപടിക്കുശേഷം ഇത്തരത്തിലൊന്ന് ആദ്യമായിരിക്കും. അതേസമയം, ജഡ്ജ് അമിത് മേത്തയുടെ ഉത്തരവിനെതിരേ അപ്പീല്‍ നല്‍കാന്‍ ഗൂഗിള്‍ തയ്യാറെടുക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments