തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടില്ല. നടി രഞ്ജിനി ഹർജിയുമായി കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് തീരുമാനം. തിങ്കളാഴ്ച കോടതിയിൽ കേസ് പരിഗണിച്ചതിന് ശേഷം തുടർ തീരുമാനമെടുക്കുമെന്ന് സാംസ്കാരിക വകുപ്പ് അറിയിച്ചു. റിപ്പോർട്ട് ഇന്ന് രാവിലെ 11ന് പുറത്തുവിടുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
299 പേജ് റിപ്പോർട്ടിൽ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കി 233 പേജ് രാവിലെ 11ഓടെ വിവരാവകാശ അപേക്ഷകർക്ക് സാംസ്കാരിക വകുപ്പ് കൈമാറും എന്നായിരുന്നു അറിയിപ്പ്.റിപ്പോർട്ട് പുറത്തുവിടരുതെന്ന രഞ്ജിനിയുടെ ഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിക്കും. എന്നാൽ, റിപ്പോർട്ട് പുറത്തുവിടരുതെന്ന് കോടതി പറഞ്ഞിട്ടില്ല. എങ്കിലും ഹർജി നിലനിൽക്കെ റിപ്പോർട്ട് പുറത്തുവിടേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. മൊഴി നൽകിയ തനിക്ക് റിപ്പോർട് കിട്ടിയിട്ടില്ലെന്നും തൻ്റെ മൊഴി എങ്ങനെയാണ് റിപ്പോർട്ടിലുള്ളതെന്നു അറിയാനുള്ള അവകാശമുണ്ടെന്നുമാണ് രഞ്ജിനിയുടെ വാദം.
സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളും നീതിനിഷേധങ്ങളും തൊഴിൽസാഹചര്യങ്ങളുമൊക്കെ പഠിക്കാനാണ് സംസ്ഥാന സർക്കാര്‍ ഹേമ കമ്മിറ്റി രൂപീകരിച്ചത്. സിനിമാരംഗത്തെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവ് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിറ്റി രൂപം കൊണ്ടത്.
മുൻ ഹൈക്കോടതി ജഡ്ജി കെ ഹേമ, നടി ശാരദ, റിട്ട. ഐഎഎസ് ഉദ്യോഗസ്ഥ കെ ബി.വത്സലകുമാരി എന്നിവരടങ്ങിയ മൂന്നംഗ സമിതിയാണിത്. 2017ലാണ് കമ്മിറ്റി രൂപീകരിച്ചത്. 2019 ഡിസംബറിൽ കമ്മിറ്റി സർക്കാരിന് റിപ്പോർട്ടിന് സമർപ്പിച്ചു.