Saturday, October 26, 2024
Homeകേരളംഓണത്തിനോടനുബന്ധിച്ച് പഴം, പച്ചക്കറി ഉത്പ്പന്നങ്ങളുടെ വില നിയന്ത്രിക്കുന്നതിന് ശക്തമായ നടപടിയെന്ന് മന്ത്രി.

ഓണത്തിനോടനുബന്ധിച്ച് പഴം, പച്ചക്കറി ഉത്പ്പന്നങ്ങളുടെ വില നിയന്ത്രിക്കുന്നതിന് ശക്തമായ നടപടിയെന്ന് മന്ത്രി.

തിരുവനന്തപുരം: ഓണത്തിനോടനുബന്ധിച്ച് സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെയും പഴം, പച്ചക്കറി ഉത്പ്പന്നങ്ങളുടെയും വില നിയന്ത്രിക്കുന്നതിന് ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജി.ആര്‍ അനില്‍. സംസ്ഥാനത്ത് വിലക്കയറ്റം സംബന്ധിച്ച സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ലാന്‍റ് റവന്യു കമീഷണര്‍, കലക്ടര്‍മാര്‍, ഭക്ഷ്യ വകുപ്പ് സെക്രട്ടറി, സിവില്‍സപ്ലൈസ് കമീഷണര്‍, ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ ഉള്‍പ്പെടെയുള്ള വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഓണത്തിന് മുന്നോടിയായി സംസ്ഥാനത്തെ അവശ്യസാധനങ്ങളുടെ വിലനിലവാരം ചര്‍ച്ച ചെയ്യുകയും വിവിധ വകുപ്പുകള്‍ സ്വീകരിച്ചിട്ടുള്ള നടപടികളും മന്ത്രി വിലയിരുത്തി.

സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം അവലോകനം ചെയ്യുന്നതിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായി സംസ്ഥാനതല കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഈ കമ്മിറ്റി നാലുമാസത്തില്‍ ഒരിക്കല്‍ യോഗം കൂടി നിത്യോപയോഗ സാധനങ്ങളുടെ വിലനിലവാരം സംബന്ധിച്ച് വിലയിരുത്തല്‍ നടത്തുന്നു. കഴിഞ്ഞ രണ്ടു മാസങ്ങളിലായി രാജ്യത്ത് വിലവര്‍ധനവ്‌ പ്രകടമായിരുന്നു. കേരളത്തിലും സ്വാഭാവികമായി ഇത് പ്രതിഫലിച്ചിട്ടുണ്ട്. എന്നാല്‍ ആഗസ്റ്റ്‌ ആദ്യ ആഴ്ചയിലെ വിലനിലവാരം പരിശോധിക്കുമ്പോള്‍ ജൂലൈ 31ന് അവസാനിച്ച ആഴ്ചയെക്കാള്‍ അരി, വെളിച്ചെണ്ണ, ചെറുപയര്‍, കടല, തുവര, മുളക് എന്നിവയുടെ വില കുറഞ്ഞിട്ടുണ്ട്.

പഴം, പച്ചക്കറികള്‍, കോഴിയിറച്ചി എന്നീ ഉത്പ്പന്നങ്ങള്‍ക്കും ആഗസ്റ്റ്‌ മാസത്തില്‍ വിലക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച വിലക്കയറ്റം സംബന്ധിച്ച കണക്കുപ്രകാരം ആന്ധ്ര(5.87), ബീഹാര്‍ (6.37), കര്‍ണ്ണാടക(5.98), ഒഡീഷ(7.22), കേരളം(5.83), ഉത്‌പ്പാദക സംസ്ഥാനങ്ങളേക്കാള്‍ താഴെയാണ് കേരളത്തിന്റെ വിലക്കയറ്റനിരക്ക്.
ഭക്ഷ്യ പൊതുവിതരണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ പ്രൈസ് റിസേര്‍ച്ച് ആൻഡ് മോണിട്ടറിങ് സെല്‍ അവശ്യസാധങ്ങളുടെ വിലനിലാവരം പരിശോധിച്ച് സര്‍ക്കാരിന് കൃത്യമായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവരുന്നുണ്ട്. കടല, തുവര, പഞ്ചസാര, കുറുവഅരി, വെളിച്ചെണ്ണ എന്നിവയുടെ വില വരും മാസങ്ങളില്‍ വിലവർധനക്ക് സാധ്യതയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

ആയതിനാല്‍ അവശ്യ സാധനങ്ങളുടെ ലഭ്യത കൂട്ടാന്‍ നടപടി സ്വീകരിക്കുവാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പരിശോധനകള്‍ ശക്തമാക്കാന്‍ മന്ത്രി നിർദേശം നല്‍കി. ജില്ലകളില്‍ മൊത്തവ്യാപാരികളുടെ യോഗം വിളിച്ചുകൂട്ടുകയും വിലനിലവാരം വിശകലനം ചെയ്യുകയും വേണം. കലക്ടര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാ താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ , ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍, എ.ഡി.എം , ആര്‍.ഡി.ഒ , അസിസ്റ്റന്‍റ്റ് കലക്ടര്‍മാര്‍ എന്നിവര്‍ ജില്ലകളില്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കണം. വിലനിലവാരം പ്രദര്‍ശിപ്പിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു. ഓണത്തിന് ജില്ലകളില്‍ ഭക്ഷ്യ വകുപ്പ്, റവന്യു, പൊലീസ്, ലീഗല്‍ മെട്രോളജി, ഭക്ഷ്യ സുരക്ഷ എന്നീ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ സംയുക്ത സ്ക്വാഡുകള്‍ രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു. യോഗത്തില്‍ ഭക്ഷ്യ വകുപ്പിലെയും റവന്യു വകുപ്പിലെയും, ലീഗല്‍ മെട്രോളജി വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments