ഷിരൂർ : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താൻ ഗോവയിൽ നിന്ന് ഡ്രഡ്ജർ എത്തിക്കും. ഗംഗാവലി പുഴയിലെ ആഴങ്ങളിലെ മണ്ണ് നീക്കി തിരച്ചിൽ നടത്താനാണ് ഡ്രഡ്ജർ എത്തിക്കുന്നത്. ഗോവയിൽ നിന്ന് ജലമാർഗമാണ് തിങ്കളാഴ്ചയോടെ ഡ്രഡ്ജർ എത്തിക്കുക.
ഡ്രഡ്ജർ എത്തിക്കുന്നതിന് 50 ലക്ഷം രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നതെന്ന് കർണാടക അറിയിച്ചു. ഈ തുക കർണാടക സർക്കാർ വഹിക്കും.ഡ്രഡ്ജർ എത്തിക്കാൻ 22 ലക്ഷം രൂപയാണ് ട്രാൻസ്പോർട്ടേഷന് മാത്രമായി ചെലവ് വരുന്നത്. ഡ്രഡ്ജർ തിങ്കളാഴ്ച എത്തിച്ചാലുടൻ തിരച്ചിൽ നടത്താൻ സാധിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയുണ്ടായിട്ടില്ല. അനുകൂല കാലാവസ്ഥ തുടരുന്നതിനാൽ തിരച്ചിൽ വേഗത്തിൽ മുന്നോട്ട് കൊണ്ടുപോകാനാണ് കർണാടക സർക്കാരിൻ്റെ തീരുമാനം.
ഡ്രഡ്ജർ എത്തിക്കുന്നതോടെ ഗംഗാവലി പുഴയിലെ ആഴങ്ങളിലെ മണ്ണും കല്ലുകളും മറ്റ് തടസ്സങ്ങളും നീക്കി തിരച്ചിൽ വേഗത്തിലാക്കാൻ സാധിക്കുമെന്നാണ് അവലോകന യോഗത്തിലെ വിലയിരുത്തൽ. ഗോവയിലെ മണ്ഡോവി നദിയിലൂടെയാകും ഡ്രഡ്ജർ എത്തിക്കുക. രണ്ട് പാലങ്ങൾ കടന്ന് വേണം ഡ്രഡ്ജർ ഗംഗാവലി പുഴയിലേക്ക് എത്തിക്കാൻ. ഡ്രഡ്ജറിന് കടന്നുപോകാനുള്ള സൗകര്യങ്ങൾ ഈ പാലങ്ങൾക്ക് താഴെ ഒരുക്കിയിട്ടുണ്ട്.
അർജുൻ്റെ ലോറി ഗംഗാവലി പുഴയുടെ ആഴങ്ങളിൽ ഉണ്ടെന്ന് രക്ഷാ ദൗത്യം ഏകോപിപ്പിക്കുന്ന ഉത്തര കന്നഡ ജില്ല കളക്ടർ ലക്ഷമിപ്രിയ പറഞ്ഞു. ബുധനാഴ്ച നടന്ന തിരച്ചിലിൽ ലഭിച്ച കയറടക്കമുള്ളവ അർജുൻ്റെ ലോറി പുഴയിൽ ഉണ്ടെന്നതിൻ്റെ തെളിവാണ്. കയർ ലഭിച്ചത് ഇതിൻ്റെ തെളിവാണെന്ന് കളക്ടർ കൂട്ടിച്ചേർത്തു.
പുഴയിൽ നിന്നും കയർ ലഭിച്ചയിടം കേന്ദ്രീകരിച്ചാകും ഇനി തിരച്ചിൽ നടത്തുക. ഡ്രഡ്ജർ എത്തുന്നതുവരെ ഡൈവർമാർ തിരച്ചിൽ നടത്തും. ഡ്രഡ്ജർ എത്തിയ ശേഷമാകും തിരച്ചിൽ സംബന്ധിച്ച പുതിയ തീരുമാനങ്ങൾ കൈക്കൊള്ളുക. ഡ്രഡ്ജിങ്ങും ഡൈവർമാരെ ഉപയോഗിച്ചുള്ള മുങ്ങിയുള്ള തിരച്ചിലും ഒരുമിച്ച് നടക്കില്ലെ കളക്ടർ അറിയിച്ചു. സാഹചര്യം പരിശോധിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് കളക്ടർ കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച രാവിലെ തിരച്ചിൽ പുനഃരാരംഭിക്കും. അർജുൻ്റെ ലോറിയുടേതെന്ന് കരുതപ്പെടുന്ന സാധനങ്ങൾ കണ്ടെത്തിയ സ്ഥലം അടയാളപ്പെടുത്തിയ ശേഷമാണ് ഈശ്വർ മൽപെയും സംഘവും തിരിച്ചു കയറിയത്. പ്രദേശത്ത് അനുകൂല കാലാവസ്ഥ തുടരുന്നതും പുഴയിലെ ഒഴുക്ക് കുറഞ്ഞതും തിരച്ചിലിന് സഹായമായി. മഴ മാറി നിൽക്കുന്നത് ഡൈവർമാർക്ക് അനുകൂല സാഹചര്യം തീർക്കുന്നുണ്ട്.
പുഴയിലെ മണ്ണും കല്ലും മരങ്ങളും തിരച്ചിലിന് വെല്ലുവിളിയാകുന്നുണ്ട്. ഡ്രഡ്ജർ എത്തിക്കുന്നതോടെ ഈ പ്രതിസന്ധി ഒഴിയുമെന്ന പ്രതീക്ഷയിലാണ് അർജുൻ്റെ കുടുംബമടക്കമുള്ളവർ.