അനുപമ അങ്ങനെയാണ്, പെട്ടെന്നാകും എല്ലാം – നീ തിരക്കിലാണോ, ഒന്നുരണ്ട് ദിവസം ഒന്ന് മാറിനിൽക്കണം, അല്ലെങ്കിൽ എന്റെ തല പൊട്ടിത്തകരും. ഒരു നീണ്ട യാത്രവേണം, ഓടിയോടിപ്പോകെ എന്റെ തലയും മനസ്സും ഒന്ന് സ്വതന്ത്രമാക്കണം. നീയല്ലേ എനിക്ക് വിളിക്കാനുള്ളൂ, അതുകൊണ്ട് വിളിച്ചതാണ്.
അതിനെന്താ പോകാം. അയാൾ പറഞ്ഞു.
യാത്രകൾ അയാൾക്ക് എപ്പോഴും ഹരമാണ്.
ജീവിതത്തിന്റെയും, ഓടിക്കുന്ന വണ്ടിയുടെയും വേഗങ്ങൾ അധികമാകുന്നോ എന്ന് ചിലപ്പോഴെങ്കിലും തോന്നാറുണ്ട്. അമിതവേഗതയിൽ എവിടെയും എത്താനില്ല എന്ന് അയാൾ പലപ്പോഴും സ്വയം പറഞ്ഞുകൊണ്ടിരിക്കുന്നതാണ്, എന്നാൽ അനുസരിക്കാറില്ല എന്ന് മാത്രം.
പാറിപ്പറക്കുന്ന അനുപമയുടെ മുടിയിഴകൾ ഇടയ്ക്ക് അയാളുടെ മുഖം തഴുകിപ്പറന്നു. ഒന്നോ രണ്ടോ മുടിയിഴകൾ ഭൂതകാലങ്ങളെ തഴുകി ഉണർത്താൻ എന്നപോലെ അയാളോട് സംവദിച്ചു കൊണ്ടിരുന്നു.
പുറത്തേക്കു നോക്കിയിരുന്ന അനുപമ ഒന്ന് തിരിഞ്ഞപ്പോൾ ആണ് അയാളുടെ മുഖത്തു പറക്കുന്ന മുടിയിഴകൾ കണ്ടത്, വേഗംതന്നെ അവർ അത് കൈകൾകൊണ്ട് ഒതുക്കി.
എന്തിനെന്നില്ലാതെ അയാൾ അനുപമയോട് ചിരിച്ചു.
യോഗം വേണം – അനുപമ പിറുപിറുത്തു.
കുറച്ചുറക്കെ പറ, കേട്ടില്ല. അയാൾ പറഞ്ഞു.
ഇതൊനൊക്കെ യോഗം വേണമെടാ, യോഗം. അന്ന് പഠനം കഴിഞ്ഞ ഉടനെ ഞാൻ പറഞ്ഞതാ എന്നെ കെട്ടാൻ. അപ്പോൾ ജോലിയില്ല, പണമില്ല, നമ്മൾ എന്തെടുത്തു തിന്നും. എന്തൊക്കെയായിരുന്നു.
എന്നിട്ടിപ്പോൾ അറിയാതെ പറന്നുവന്ന മുടിയിഴകളുടെ ഗന്ധം ആസ്വദിച്ചിരിക്കുന്നു.
ജീവിതം അങ്ങനെത്തന്നെയല്ലേ, നാം ആഗ്രഹിക്കുന്നതല്ലല്ലോ നടക്കുക. ഇപ്പോൾ നിനക്കെന്താ കുഴപ്പം, നല്ല ഒരു ഭർത്താവ്, മക്കൾ രണ്ടുപേരും എൻജിനീയറിങ്ങിന് പഠിക്കുന്നു. രണ്ടുകൊല്ലം കഴിഞ്ഞാൽ സർവ സ്വതന്ത്ര. നിന്നെപ്പോലെ ഭാഗ്യം മറ്റാർക്കുണ്ട്.
നീ ആ സ്വാതന്ത്ര്യം പണ്ടേ നേടിയെടുത്തല്ലോ. ഒപ്പം ആരും വേണ്ട, ഒറ്റയാനായി ഓടണം. എവിടേക്കും പോകാം, എവിടെയും തങ്ങാം, ജോലിയുണ്ടെങ്കിൽ ചെയ്യാം, അല്ലെങ്കിൽ വെറുതെയിരിക്കാം. സത്യത്തിൽ ഇതിനൊക്കെവേണ്ടി നീ അന്നേ എന്നെ തഴഞ്ഞതാണെന്ന് എനിക്ക് മനസ്സിലായി.
ഒരിക്കലുമില്ല. അതങ്ങനെ ആയിപ്പോയതാണ്. നീണ്ട പ്രവാസം, വീട്ടിലെ മറ്റു ചുമതലകൾ, എല്ലാം കഴിഞ്ഞപ്പോൾ കുറച്ചു വൈകി. പിന്നെ ഇങ്ങനെത്തന്നെ മതിയെന്ന് തോന്നി.
ഞാൻ ഒറ്റക്കാണെങ്കിലും നിനക്ക് എന്റെ കൂടെ വരാൻ ഭയമൊന്നുമില്ലല്ലോ.
ഒരിക്കലുമില്ല. അങ്ങനെയുള്ള ഭയങ്ങളുണ്ടായിരുന്നെങ്കിൽ നിന്റെയൊപ്പം പഠിക്കുമ്പോൾ ഞാൻ ധൈര്യത്തോടെ വരുമായിരുന്നില്ല. പൊട്ടിത്തെറിക്കുന്ന പ്രായത്തിൽ തോന്നാത്തതൊന്നും ഇനി സംഭവിക്കാൻ പോകുന്നില്ല.
മലയുടെ താഴ്വാരത്തിലെ ആ റിസോർട്ടിൽ അയാൾ രണ്ടു മുറികൾ പറഞ്ഞിരുന്നു.
എന്തിനാടാ രണ്ടു മുറികൾ, നിന്നെ പേടിയില്ലെന്ന് ഞാൻ പറഞ്ഞതല്ലേ.
നിന്റെ സ്വകാര്യതകൾ നിനക്കാവശ്യമുണ്ട്. പുറത്തുനടക്കുമ്പോൾ ഞാൻ കൂടെയുണ്ടാകും,
അവർ ചെന്നപ്പോഴാണ് ആ റിസോർട്ടിൽ നിന്നും ഒരു ബസ് പറമ്പിക്കുളത്തേക്ക് പോകുന്നെന്ന് അറിഞ്ഞത്. കുറച്ചു സീറ്റുകൾ ബാക്കിയുണ്ട്, വേണമെങ്കിൽ ചേരാമെന്ന് അവർ അറിയിച്ചു.
എന്തായാലും അവരും ഒപ്പം കൂടി. കാട്ടിലൂടെ ആദ്യം കേരളത്തിലൂടെ, പിന്നെ തമിഴ്‌നാട്ടിലേക്ക് കടന്ന്, വീണ്ടും കേരളത്തിലേക്ക് പ്രവേശിച്ചു.
അവർ ഒരു ഹാളാണ് തങ്ങാൻ ബുക്ക് ചെയ്തിരുന്നത്. പോകുന്ന വഴിയിൽ അയാൾ ഒരു ട്രീ ഹൗസ് കണ്ടിരുന്നു. നിർഭാഗ്യവശാൽ മറ്റെല്ലാത്തിലും ആളുണ്ടെന്ന് അവർ പറഞ്ഞു.
ഇതും ഒരു അനുഭവമല്ലെടോ, ഒരു ഹാളിൽ ധാരാളം ആളുകൾക്കിടയിൽ നമ്മളും.
അയാൾക്കെന്തോ അതൊരു സുഖമായി തോന്നിയില്ല, എന്നാൽ അനുപമ സന്തോഷത്തിൽ ആയിരുന്നു.
അയാൾ പുറത്തെ ബെഞ്ചിൽ ഇരിക്കുമ്പോൾ അനുപമ അടുത്ത് വന്നിരുന്നു. വലിയ ബഹളമാണ് അവിടെ, ഒരു കല്യാണവീട് പോലുണ്ട്. അതും ഒരു രസം.
വൈകുന്നേരമാകുമ്പോൾ ഇവിടെയൊക്കെ മൃഗങ്ങൾ വരുമത്രെ. നമ്മുക്ക് ഈ രാത്രി ഉറങ്ങാതെ പുറത്തിരിക്കാം. മൃഗങ്ങളെ കാണാം.
അപ്പോഴാണ് കൈയ്യിൽ അധികാരത്തിന്റെ ദണ്ഡുമായി ഡി എഫ് ഒ യും ഭാര്യയും നടന്നു വരുന്നത് കണ്ടത്. വടക്കെ ഇന്ത്യക്കാരനാണെന്ന് ഒറ്റനോട്ടത്തിൽ അറിയാം.
അയാൾ അവർക്ക് നമസ്കാരം പറഞ്ഞു. അദ്ദേഹം പറഞ്ഞു, ഞങ്ങൾ നടക്കാൻ പോവുകയാണ്. വിരോധമില്ലെങ്കിൽ ഒപ്പം കൂടാം. അനുപമയും അയാളും അവർക്കൊപ്പം നടന്നു.
അദ്ദേഹം പറഞ്ഞു, ഞങ്ങൾ ഒന്നിച്ചു പഠിച്ചു. ഒന്നിച്ചു ജോലി നേടി, വിവാഹം കഴിച്ചവരാണ്.
നിങ്ങളെ കണ്ടപ്പോൾ ഞങ്ങളെപ്പോലെതന്നെയാണെന്ന് തോന്നി. അന്ന് വീട്ടിൽ വളരെ കണിശമായ നിയമങ്ങൾ ആയിരുന്നു. പഠിക്കുമ്പോൾ ഒന്നിച്ചു നടക്കാനേ സമ്മതിച്ചിരുന്നില്ല, അതിന്റെ ക്ഷീണം തീർക്കാൻ ഇപ്പോൾ എന്നും ഒന്നിച്ചു നടക്കുന്നു. അത് പറഞ്ഞു അയാൾ പൊട്ടിച്ചിരിച്ചു.
അത് കേട്ടപ്പോൾ അനുപമ അയാളെ രൂക്ഷമായി ഒന്ന് നോക്കി.
ജീവിതം തുറന്നു തന്നെ ആസ്വദിക്കണം, അനുഭവിക്കണം, നാളെയാവട്ടെ എന്ന് കരുതി നീട്ടിവെക്കുന്ന ഒന്നുംതന്നെ ജീവിതത്തിൽ തിരിച്ചുവരില്ല. അദ്ദേഹം പറഞ്ഞു.
ഈ കാട്, അതിന്റെ നിശബ്ദത, ഇതിനുള്ളിലെ മൃഗങ്ങൾ, അവരുടെ സ്വാതന്ത്ര്യം നമ്മളെക്കാൾ വലുതാണ്. നമുക്കവരെ കണ്ടാസ്വദിക്കാം. നമ്മളാണ് നമ്മൾ അറിയാത്ത അനേകായിരം ചരടുകളാൽ ജീവിതം ബന്ധിക്കപ്പെട്ടവർ. സ്വാതന്ത്ര്യം ഉണ്ട് എന്ന് ധരിക്കുമ്പോൾ തന്നെ അനേകായിരം ജീവിതച്ചരടുകളിൽ നാം ബന്ധനങ്ങളിൽ ഉഴലുകയാണ്.
ബോറടിച്ചോ, ക്ഷമിക്കുക, നല്ല സുഹൃത്തക്കളെ കിട്ടുമ്പോൾ നാം മതിമറന്നു സംസാരിക്കില്ലേ അങ്ങനെ കരുതിയാൽ മതി.
രാത്രി നിങ്ങൾ ഇരുന്ന ബെഞ്ചിൽ കമ്പിളി പുതച്ചു അനങ്ങാതെ ഇരിക്കണം. മാനുകൾ കൂട്ടത്തോടെ വരും, ഒരനക്കമുണ്ടായാൽ അവർ ഓടിപ്പോകും, അനങ്ങാതെ നിശബ്ദമായിരുന്നാൽ, നിങ്ങൾക്കിടയിലൂടെ അവർ ഒഴുകിനടക്കുന്നതായി തോന്നും.
രാത്രി ഭക്ഷണം കഴിച്ചു ഞങ്ങൾ കമ്പിളികൾ എടുത്തു ബെഞ്ചിൽ വന്നിരുന്നു. കാടിനുള്ളിലെ ഒരു രാത്രി. പതിനൊന്ന് മണി കഴിഞ്ഞുകാണും. ഒരു സംഘം മാനുകൾ കൂട്ടത്തോടെ ദൂരെ നിന്ന് വരുന്നത് കണ്ടു. ശ്വാസം അടക്കിപ്പിടിച്ചു അനങ്ങാതെ ഇരുന്നു. വളരെയധികം മാനുകൾ, ഞങ്ങൾക്ക് ചുറ്റുമായി നിരന്നു. ഞങ്ങൾക്ക് ചുറ്റും നിന്ന് അവർ സാകൂതം ഞങ്ങളെ നോക്കി. ഞങ്ങളെ അവർക്കറിയാവുന്നതുപോലെ, അവരുടെ കണ്ണുകൾ ഞങ്ങളെനോക്കി എന്തൊക്കെയോ ചോദിക്കുന്നു. കുറച്ചു നേരം ഞങ്ങളെ ചുറ്റിപ്പറ്റി നിന്ന് അവർ യാത്രയായി.
അവർക്കു പുറകെ മറ്റൊരു സംഘം, തുള്ളിച്ചാടിപോകുന്ന മാനുകളുടെ സംഘങ്ങൾ. അവരുടെ യാത്രക്ക് ഒരു താളമുണ്ട്. കാട്ടിലെ നമ്മൾ അറിയാതെ ഒരു സിംഫണിപോലെ ഒരേ ഉയരത്തിൽ ചാടിയുയർന്നു, കുറച്ചുനേരം അന്തരീക്ഷത്തിൽ നീന്തി, താഴെ പതിച്ചു, വീണ്ടും ചാടിയുയർന്നു പറക്കുന്ന മാനുകൾ.
ഏതാണ്ട് രാവിലെ നാലുമണിയോളം അവരുടെ നൃത്തങ്ങൾ ഞങ്ങൾക്ക് ചുറ്റും നടന്നുകൊണ്ടേയിരുന്നു.
ജീവിതത്തിൽ ഒരിക്കലും കിട്ടാത്ത ഒരു അനുഭവം. അതിന്റെ അനുഭൂതിയിൽ ഞങ്ങൾ സ്വയം മറന്നിരിക്കുകയായിരുന്നു.
അപ്പോഴാണ് ജോലിക്ക് പോകാൻ തയ്യാറാവുന്ന പാറാവുകാരൻ ഉണർന്നു വന്നത്. ഞങ്ങളെ കണ്ടപ്പോൾ – മാനുകളെ കണ്ടോ എന്ന് ചോദിച്ചു – കണ്ടെന്ന് പറഞ്ഞു. ഭാഗ്യം ചെയ്തവർ, കാത്തിരുന്ന പലർക്കും കാണാൻ കഴിഞ്ഞിട്ടില്ല.
ഞാൻ കട്ടൻ ചായ ഉണ്ടാക്കിക്കൊണ്ടുവരാം, അത് കുടിച്ചു കാട്ടിലൂടെ ഒന്ന് നടക്കൂ, വലിയ ഉന്മേഷം ലഭിക്കും.
അയാൾ നടന്നു മറഞ്ഞതും, അനുപമ അയാളെ ചേർത്ത് പിടിച്ചു പറഞ്ഞു, മാനുകൾ നമുക്ക് ചുറ്റും ഒഴുകി നടന്ന ഈ രാത്രി അവസാനിക്കാതിരുന്നെങ്കിൽ എന്ന് ഞാൻ കൊതിച്ചുപോയി.
ഒപ്പം നടക്കുമ്പോൾ അയാൾ അനുപമയോട് പറഞ്ഞു.
ചിലപ്പോൾ നാം സ്വപ്നം കാണുന്ന ജീവിതം നമുക്ക് കിട്ടി എന്ന് വരില്ല, എന്നാൽ ജീവിതം നമുക്കായി ചില അത്ഭുതങ്ങൾ ചിലപ്പോൾ കരുതി വെച്ചിട്ടുണ്ടാകാം.