കാണുവാനാവുന്നില്ല,
കണ്ണാടിയിൽ,
നേർക്കുനേരെയെൻ്റെ രൂപം,
ഭാവവും.
ഉള്ളിലിരിപ്പ് ,കുടിലത, തന്ത്രങ്ങൾ,
ചങ്കുപറിച്ചു തരുന്നതായ് തോന്നും
കപട ഭാവങ്ങൾ, അസൂയകൾ.
എന്നു കഴിയുമെനിക്കു
കാണുവാൻ,
എൻ്റെ
ദേഹത്തിലൊളിച്ചിരിക്കുന്നവനെ?
എത്രയോ
സൂത്രശാലിയാണെങ്കിലും
ഒന്നു കാണാൻ കൊതിച്ചു
പോകുന്നു ഞാൻ.
എത്ര വേഷങ്ങൾ ധരിച്ചു
നടക്കുന്നു.
കവലയിൽ, ഭക്ഷണശാലയിൽ,
ചന്തയിൽ, ചതിക്കും
കുതിപ്പിനിടയിൽ,
ചിരസൗഹൃദങ്ങൾ ചിരികൾ
നീട്ടുമ്പോൾ,
ഒളിച്ചു നടക്കുകയാണെന്നെ
ഞാൻ.
നിദ്രയ്ക്കു മുമ്പേ കിടക്കയിൽ
നോക്കുന്നു,
ചിന്തകൾ തിന്നു മരിച്ചവനെങ്ങു
പോയ?
അന്തിക്കിറുക്കിനു
നേദിച്ചിരുന്നവൻ,
സന്ധ്യയ്ക്കു മുമ്പേ നടന്നു
മറഞ്ഞവൻ,
ഇഷ്ടങ്ങളെ
മാത്രമൂട്ടിവളർത്തിയോൻ,
ചിത്തഭാരത്താൽ കുനിഞ്ഞു
നടന്നവൻ,
ചിത്രത്തിലില്ല, ചിതലിലുമില്ലാതെ,
എങ്ങു മറഞ്ഞു,
നിഴലുമില്ലാത്തവൻ.
തപ്പിനോക്കുന്നു,
തലോടിനോക്കീടുന്നു.
നിലാവിൽ, ഇരുട്ടിൽ,
എവിടെയാണു ഞാൻ.
ഏകാന്തതകൾക്കപ്പുറം ജീവിതം,
കാറ്റുപിടിച്ച പതാകയായ് പാറുന്നു.
കൂറ്റൻ തണുപ്പിൻ്റെ
കൂർത്തവിരലുകൾ,
കോർത്തു വലിച്ചു മുറുക്കി
നോവിക്കുന്നു.
നേർത്ത വെളിച്ചത്തിലേക്കു
തിരിക്കുന്നു,
നോട്ടം, മറന്നു പോയവൻ്റെ വഴി