Monday, November 25, 2024
Homeകേരളംഹജ്ജ് 2025ലേക്കുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണം ആരംഭിച്ചു

ഹജ്ജ് 2025ലേക്കുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണം ആരംഭിച്ചു

തിരുവനന്തപുരം: ഹജ്ജ് 2025ലേക്കുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണം ആരംഭിച്ചു. സെപ്റ്റംബർ ഒൻപതാണ് അവസാന തീയതി. പൂർണമായും ഓൺലൈൻ വഴിയാണ് അപേക്ഷാ സമർപ്പണം. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ https://hajcommittee.gov.in/ എന്ന വെബ്സൈറ്റിലും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ https://keralahajcommittee.org/ എന്ന വെബ്‌സൈറ്റിലും അപേക്ഷയുടെ ലിങ്ക് ലഭ്യമാണ്. ‘Hajsuvidha’ എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയും അപേക്ഷ സമർപ്പിക്കാം.

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന മൂന്ന് പുറപ്പെടൽ കേന്ദ്രങ്ങൾ വഴി 18,200 തീർഥാടകരാണ് ഇത്തവണ വിശുദ്ധ ഹജ്ജ് കർമം നടത്തിയത്. ഇതിൽ 17,920 പേർ സംസ്ഥാനത്ത് നിന്നുള്ളവരും 280 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമായിരുന്നു. 90 ഖാദിമുൽ ഹുജ്ജാജുമാർ തീർഥാടകരുടെ സേവനത്തിനായി ഹാജിമാരെ അനുഗമിച്ചു.

ചരിത്രത്തിലാദ്യമായി കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഏറ്റവും കൂടുതൽ ഹാജിമാരെ യാത്രയയച്ച വർഷമായിരുന്നു 2024. നേരത്തെ, 2019ലായിരുന്നു ഏറ്റവും കൂടുതൽ ഹാജിമാരെ യാത്രയാക്കിയിരുന്നത്. 13,811 പേരായിരുന്നു അന്ന് ഹജ്ജിന് പുറപ്പെട്ടത്. 2024ലെ സംസ്ഥാന ഹജ്ജ് ക്യാംപയിന് മേയ് 20നാണ് തുടക്കമായത്. 21ന് പുലർച്ചെ 166 തീർഥാടകരുമായി ആദ്യ ഹജ്ജ് വിമാനം കരിപ്പൂരിൽനിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ടു. മേയ് 26നാണ് കൊച്ചിയിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം പുറപ്പെട്ടത്.

കോഴിക്കോട്, കണ്ണൂർ, കൊച്ചി എന്നീ മൂന്ന് പുറപ്പെടൽ കേന്ദ്രങ്ങളാണ് ഇക്കുറിയും ഹജ്ജ് തീർഥാടനത്തിനായി സജ്ജമാക്കിയിരുന്നത്. കരിപ്പൂരിൽനിന്ന് 10,430 ഉം കൊച്ചിയിൽനിന്ന് 4,273 ഉം കണ്ണൂരിൽനിന്ന് 3,135 ഉം തീർഥാടകർ യാത്ര പുറപ്പെട്ടു. കൂടാതെ, ബെംഗളൂരൂ, ചെന്നൈ, മുംബൈ പുറപ്പെടൽ കേന്ദ്രങ്ങളിൽ നിന്നായി 45 തീർഥാടകരും സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേന യാത്ര തിരിച്ചു. ജൂലൈ ഒന്നിനാണ് മദീനയിൽ നിന്നുള്ള മടക്കയാത്ര ആരംഭിച്ചത്.

ഈ വർഷത്തെ ഹജ്ജ് തീർഥാടന നടപടികൾ പൂർത്തിയായ സാഹചാര്യത്തിൽ മന്ത്രി വി അബ്ദുറഹിമാൻ്റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം അവലോകന യോഗം ചേർന്നു. ഈ വർഷത്തെ നടപടിക്രമങ്ങളിൽ യോഗം പൂർണ സംതൃപ്തി രേഖപ്പെടുത്തി. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പ്രസിദ്ധീകരിച്ച പുതിയ 2025ലെ ഹജ്ജ് നയം യോഗം വിശദമായി ചർച്ച ചെയ്തു. സംവരണ വിഭാഗത്തിന്റെ വയസ്സ് 70ൽനിന്ന് 65 ആക്കിയതിൽ യോഗം സന്തുഷ്ടി രേഖപ്പെടുത്തി. നയം സംബന്ധിച്ച ചില നിർദേശങ്ങൾ കേന്ദ്രത്തിന് അയക്കാനും തീരുമാനിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments