മുംബൈ: മുംബൈ -അഹമ്മദാബാദ് റൂട്ടിൽ 20 കോച്ചുകളുമായുള്ള വന്ദേ ഭാരത് എക്സ്പ്രസിന്‍റെ ആദ്യ പരീക്ഷണയോട്ടം ആരംഭിച്ചു. മുംബൈ – അഹമ്മദാബാദ് റൂട്ടിലാണ് പുതിയ സെമി ഹൈസ്പീഡ് ട്രെയിനിന്‍റെ ട്രയൽ റൺ നടത്തുന്നത്. നിലവിൽ രാജ്യത്ത് എട്ട്, 16 കോച്ചുകളുള്ള വന്ദേ ഭാരതുകളാണ് സർവീസ് നടത്തുന്ന്. യാത്രാക്കാരുടെ തിരക്ക് പരിഗണിച്ചാണ് കൂടുതൽ സീറ്റുകളുള്ള വന്ദേ ഭാരത് ഇന്ത്യൻ റെയിൽവേ ട്രാക്കിലിറക്കുന്നത്.
130 കിലോമീറ്റർ വേഗതയിലാകും പുതിയ വന്ദേ ഭാരതിന്‍റെ പരീക്ഷണയോട്ടം നടത്തുക. ഇത് വിജയിച്ചാൽ മുംബൈയിൽ നിന്ന് ഡൽഹിയിലേക്കാകും 20 കോച്ചുകളുള്ള വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് നടത്തുക. പരീക്ഷണയോട്ടത്തിനായി വന്ദേ ഭാരത് റേക്ക് ലഖ്‌നൗവിൽനിന്ന് അഹമ്മദാബാദിലെത്തിച്ചിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളിൽ പരീക്ഷണയോട്ടത്തിനുള്ള ഉപകരണങ്ങൾ റേക്കിൽ ഘടിപ്പിക്കുകയായിരുന്നു.
രാവിലെ ഏഴ് മണിയ്ക്കാണ് അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്ക് ട്രെയിൻ യാത്ര ആരംഭിച്ചത്. പതിനൊന്ന് മണിയോടെ ട്രെയിൻ മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും. പരീക്ഷണയോട്ടത്തിന് ശേഷം ലഖ്‌നൗവിലേക്ക് തന്നെ ഈ റേക്ക് തിരിച്ചയക്കും. പരീക്ഷണയോട്ടത്തിൽ നിർദേശിക്കുന്ന മാറ്റങ്ങൾക്ക് ശേഷമാകും ട്രെയിൻ മുംബൈ – ഡൽഹി സർവീസിനായി കൊണ്ടുപോവുക.
20 റേക്കുകളോടെ വന്ദേ ഭാരത് പുറത്തിറങ്ങുന്നതോടെ വന്ദേ ഭാരത് ട്രെയിനുകളിൽ ടിക്കറ്റ് ലഭിക്കുന്നില്ലെന്ന പരാതിയ്ക്ക് ഒരുപരിധിവരെ പരിഹാരമാകും. 16 കോച്ചുകളുള്ള വന്ദേ ഭാരത് ഓടുന്ന റൂട്ടുകളിൽ പോലും നല്ല തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് കൂടുതൽ സീറ്റുകളുമായി സർവീസ് നടത്താനുള്ള റെയിൽവേയുടെ തീരുമാനം.നിലവിൽ എട്ട് റേക്കുകളുള്ള റൂട്ടുകളിൽ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് 16 റേക്കുകളുള്ള വന്ദേ ഭാരത് റെയിൽവേ ബോർഡ് കൊണ്ടുവരുന്നത്.
20 കോച്ചുകളുമായി സർവീസ് നടത്തുന്ന മുംബൈ – അഹമ്മദാബാദ് റൂട്ടിൽ 160 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ ഓടിക്കാനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്. ഇതിനായി ട്രാക്ക് ഒരുക്കുന്ന പ്രവൃത്തിയാണ് പുരോഗമിക്കുന്നത്.
ചെറുതും വലുതുമായ 120 പാലങ്ങൾ ബലപ്പെടുത്തുകയും 134 വളവുകൾ നേരെയാക്കുകയുമാണ് നിലവിൽ ചെയ്യുന്നത്. പണി പൂർത്തിയായാൽ നിലവിൽ ആറു മണിക്കൂറോളമെടുക്കുന്ന മുംബൈ – അഹമ്മദാബാദ് യാത്ര നാലരമുതൽ അഞ്ചു മണിക്കൂറിനുള്ളിൽ പൂർത്തിയാക്കാൻ കഴിയും.