ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനത്തിനായുള്ള 18 ജി-60 ഉഗ്രഹങ്ങള്‍ വിക്ഷേപിച്ച് ചൈന. 2024 ഓഗസ്റ്റ് ആറിന് തായുവാന്‍ ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നാണ് ഇവ വിക്ഷേപിച്ചത്. യു.എസ്. കമ്പനിയായ സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹശൃംഖലയെ വെല്ലുവിളിച്ചാണ് ചൈനയുടെ നീക്കം. ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം എത്തിക്കുന്നതിനായി വലിയൊരു ഉപഗ്രഹശൃംഖല സ്ഥാപിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്.
ലോങ് മാര്‍ച്ച് 6-എ റോക്കറ്റിലാണ് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത്. ലോ എര്‍ത്ത് ഓര്‍ബിറ്റിലാണ് ഉപഗ്രഹങ്ങള്‍ വിന്യസിച്ചത്. ചൈനീസ് അക്കാദമി ഓഫ് സയന്‍സസിന് കീഴിലുള്ള ഇനൊവേഷന്‍ അക്കാദമി ഫോര്‍ മൈക്രോസാറ്റലൈറ്റ്‌സുമായി സഹകരിച്ച് ഷാങ്ഹായ് സ്‌പേസ്‌കോം സാറ്റലൈറ്റ് ടെക്‌നോളജിയാണ് ജി-60 ഉപഗ്രഹ ശൃംഖല വികസിപ്പിച്ചത്.
ഇതില്‍ ആദ്യ ബാച്ച് ഉപഗ്രഹങ്ങളാണ് ഇപ്പോള്‍ വിക്ഷേപിച്ചത്. ഈ വര്‍ഷം ആറ് വിക്ഷേപണങ്ങള്‍ നടത്താനാണ് ചൈന ലക്ഷ്യമിടുന്നത്. 2024 അവസാനത്തോടെ 108 ഉപഗ്രഹങ്ങള്‍ ചൈനയ്ക്ക് ഭ്രമണപഥത്തില്‍ എത്തിക്കാനാവുമെന്നാണ് കരുതുന്നത്. പൂര്‍ണമായും ചൈനയില്‍ തന്നെയാണ് ഉപഗ്രഹങ്ങളുടെ നിര്‍മാണം. ഷാങ്ഹായിലെ സോങ്ചിയാങ് ജില്ലയിലുള്ള നിര്‍മാണ ശാലയില്‍ 2025 ഓടെ 500 ഉപഗ്രഹങ്ങള്‍ നിര്‍മിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്.
ഉപഗ്രഹങ്ങള്‍ പ്രവര്‍ത്തനക്ഷമമാവുന്നതോടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉപഗ്രഹ ഇന്റര്‍നെറ്റ് രംഗത്ത് ശക്തമായ സാന്നിധ്യമാകാന്‍ ചൈനയ്ക്ക് സാധിക്കും. അതേസമയം നിലവില്‍ 6206 സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ ഭ്രമണ പഥത്തിലുണ്ട്. വിവിധ രാജ്യങ്ങളില്‍ ഇതിനകം സ്റ്റാര്‍ലിങ്ക് സേവനം ആരംഭിച്ചുകഴിഞ്ഞു. മറ്റൊരു സ്ഥാപനമായ വണ്‍വെബ്ബിന്റെ 648 ഉപഗ്രഹങ്ങളും ഭ്രമണ പഥത്തിലുണ്ട്.