യുഎസ് ഉള്‍പ്പടെയുള്ള രാജ്യങ്ങളെ ആശങ്കയിലാക്കിയ ചൈനയുടെ രഹസ്യ ബഹിരാകാശ വിമാനത്തിന്റെ ചിത്രം ആദ്യമായി ക്യാമറയില്‍ പതിഞ്ഞു. ഉപഗ്രഹ നിരീക്ഷകനായ അപ്പര്‍ ഓസ്ട്രിയന്‍ സ്വദേശിയായ ഫെലിക്‌സ് ഷോഫ്ബാങ്കറാണ് ഷെന്‍ലോങ് എന്ന് വിളിക്കുന്ന ചൈനീസ് ബഹിരാകാശ വിമാനത്തിന്റെ ചിത്രം പകര്‍ത്തിയത്. ഓട്ടോമാറ്റിക് ആയി പ്രവര്‍ത്തിക്കുന്ന ഈ റോബോട്ടിക് വിമാനം 2023 ഡിസംബര്‍ 14 നാണ് വിക്ഷേപിച്ചത്. തന്റെ 14 ഇഞ്ച് മിറര്‍ ദൂരദര്‍ശിനിയും അത്യാധുനിക ഉപഗ്രഹ നിരീക്ഷണ സോഫ്റ്റ് വെയറും ഉപയോഗിച്ചാണ് ഷോഫ്ബാങ്കര്‍ ബിഹാരാകാശ വിമാനത്തിന്റെ ചിത്രം പകര്‍ത്തിയത്.
അധികം വ്യക്തതയില്ലാത്ത ഒരു ചിത്രമാണ് ലഭിച്ചത്. സോളാര്‍ പാനലിന് സമാനമായ രണ്ട് ഭാഗങ്ങള്‍ ഇതിന് പിന്നില്‍ കാണുന്നുണ്ട്. എന്നാല്‍ അത് സോളാര്‍ പാനല്‍ തന്നെ ആണോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ആണോ എന്നും തനിക്ക് വ്യക്തമല്ലെന്ന് ഷോഫ്ബാങ്കര്‍ പറഞ്ഞു. ബഹിരാകാശ വിമാനത്തിന് ഏകദേശം 30 അടി നീളമുണ്ടെന്നും ഇയാള്‍ പറയുന്നു.
ഇത് മൂന്നാം തവണയാണ് ഷെന്‍ലോങ് ബഹിരാകാശ വിമാനം വിക്ഷേപിച്ചത്. രണ്ട് പേര്‍ക്ക് യാത്ര ചെയ്യാവുന്നതും തിരിച്ച് ഭൂമിയില്‍ ഇറങ്ങാനാവുന്നതുമായ ബഹിരാകാശ വാഹനമാണിത്. എന്നാല്‍ ബഹിരാകാശ യാത്രയ്ക്കുള്ള സാങ്കേതിക വിദ്യ പരീക്ഷിക്കുക മാത്രമല്ല, ചൈനയുടെ സൈനിക, പ്രതിരോധ താല്‍പര്യങ്ങളും ഈ വിമാനത്തിന് പിന്നിലുണ്ടെന്നാണ് യുഎസ് ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ ആശങ്ക.
ശത്രുകളുടെ ഉപഗ്രഹങ്ങള്‍ രഹസ്യമായി നീരീക്ഷിക്കുക, അവയെ പ്രവര്‍ത്തനരഹിതമാക്കുക എന്നതുള്‍പ്പടെയുള്ള സൈനിക ഉപയോഗങ്ങള്‍ ഇതിനുണ്ട് എന്ന് നെതര്‍ലണ്ട്സിലെ ഡെല്‍ഫ്റ്റ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ ഒപ്റ്റിക്കല്‍ സ്പേസ് സിറ്റ്വേഷണല്‍ അവെയര്‍നസ് അധ്യാപകനായ മാര്‍കോ ലാങ്ബ്രോക്ക് അഭിപ്രായപ്പെട്ടിരുന്നു.
എന്നാല്‍ ഇത് വെറും ബഹിരാകാശ സാങ്കേതിക വിദ്യാ പരീക്ഷണം മാത്രമാണെന്ന അഭിപ്രായക്കാരുമുണ്ട്.
തന്ത്രപ്രധാനമായ വിഷയങ്ങളില്‍ എപ്പോഴും സ്വകാര്യത പാലിക്കുന്ന ചൈന ഷെന്‍ലോങ് പേടകത്തില്‍ എന്തെല്ലാം സാങ്കേതിക വിദ്യകളാണ് പരീക്ഷിച്ചത് എന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പരീക്ഷണം ആരംഭിച്ചതിന് ശേഷം പേടകത്തിന്റെ ചിത്രങ്ങളും ചൈന പുറത്തുവിട്ടിട്ടില്ല. 2010 ല്‍ സമാനായ ബോയിങ് എക്സ് 37 ബി ബഹിരാകാശ വിമാനം യുഎസും വിക്ഷേപിച്ചിരുന്നു.