സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സ് (മുന്‍പ് ട്വിറ്റര്‍) സാന്‍ഫ്രാന്‍സിസ്‌കോയിലെ പഴയ ഓഫീസ് ഒഴിയുന്നു. 2006 ല്‍ ട്വിറ്റര്‍ സ്ഥാപിക്കപ്പെട്ടത് മുതല്‍ കഴിഞ്ഞ 18 വര്‍ഷക്കാലമായി സ്ഥാപനം പ്രവര്‍ത്തിക്കുന്ന സാന്‍ഫ്രാന്‍സിസ്‌കോയിലെ മാര്‍ക്കറ്റ് സ്ട്രീറ്റിലെ ഓഫീസാണ് മസ്‌ക് ഉപേക്ഷിക്കുന്നത്. 2022 ലാണ് ട്വിറ്ററിനെ ഇലോണ്‍ മസ്‌ക് ഏറ്റെടുത്തത്. കഴിഞ്ഞയാഴ്ച, എക്‌സ് കാലിഫോര്‍ണിയ വിടുമെന്ന് മസ്‌ക് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ നീക്കം.
സാന്‍ഫ്രാന്‍സിസ്‌കോ ബേ ഏരിയയിലെ ജീവനക്കാരെ സിലിക്കണ്‍ വാലിയിലേക്കും സാന്‍ഹൊസെയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു ഓഫീസിലേക്കും മാറ്റും. ഇത് കൂടാതെ പാലോ ആള്‍ടോയില്‍ ആരംഭിക്കുന്ന പുതിയ ഓഫീസിലേക്കും മാറ്റുമെന്ന് ലിന്‍ഡ യക്കരിനോ ഒരു ഇമെയില്‍ സന്ദേശത്തില്‍ പറഞ്ഞു.
എക്‌സിന്റെ ആസ്ഥാനം കാലിഫോര്‍ണിയയില്‍ നിന്ന് ടെക്‌സാസിലേക്ക് മാറ്റുമെന്ന് ജൂലായില്‍ മസ്‌ക് പ്രഖ്യാപിച്ചിരുന്നു. കാലിഫോര്‍ണിയയിലെ ഭരണകൂടവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് ഈ പ്രഖ്യാപനം. കാലിഫോര്‍ണിയയിലെ ഹോതോണിലുള്ള സ്‌പേസ് എക്‌സ് ആസ്ഥാനം ടെക്‌സാസിലെ സ്റ്റാര്‍ബേസിലേക്ക് മാറ്റുമെന്നും മസ്‌ക് പ്രഖ്യാപിച്ചിട്ടുണ്ട്. 2020 ല്‍ ടെസ്‌ലയുടെ ഇലക്ട്രിക് കാര്‍ കമ്പനിയും കാലിഫോര്‍ണിയയില്‍ നിന്ന് ടെക്‌സാസിലേക്ക് മാറ്റിയിരുന്നു.
ഫെബ്രുവരിയില്‍ സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാന കെട്ടിടത്തിന്റെ ഉടമകള്‍ വാടക നല്‍കാത്തതിന്റെ പേരില്‍ എക്‌സിനെതിരെ പരാതി നല്‍കിയിരുന്നു. ഈ കെട്ടിടത്തില്‍ ജീവനക്കാര്‍ക്ക് ഉറങ്ങുന്നതിനുള്ള ക്വാര്‍ട്ടേഴ്‌സ് അനധികൃതമായി നിര്‍മിച്ചതുമായി ബന്ധപ്പെട്ടും എക്‌സ് അന്വേഷണം നേരിട്ടിരുന്നു.