കൊൽക്കത്ത : മുതിര്‍ന്ന സിപിഎം നേതാവും മുന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു. രാവിലെ ഒമ്പതരയോടെ കൊൽക്കത്തയിലെ സ്വവസതിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധവും വാർധക്യസഹജവുമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
2011വരെ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം 2015ലാണ് സിപിഎം പിബി, കേന്ദ്ര കമ്മിറ്റി സ്ഥാനങ്ങള്‍ ഒഴിഞ്ഞത്.
1966 ലായിരുന്നു ബുദ്ധദേബ് ഭട്ടാചാര്യകമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേർന്നത്. ഡിവൈഎഫ്ഐയിലൂടെ പ്രവർത്തനം തുടങ്ങി പാര്‍ട്ടി കേന്ദ്രകമ്മിറ്റിയിലും പൊളിറ്റ്ബ്യൂറോയിലും എത്തി. 1977ല്‍ ആദ്യമായി മന്ത്രിയായി. ജ്യോതി ബസു സർക്കാരില്‍ ആഭ്യന്തരമന്ത്രിയും ഉപമുഖ്യമന്ത്രിയുമായി. പിന്നീട് ജോതി ബസുവിന് ശേഷം മുഖ്യമന്ത്രി പദത്തില്‍ എത്തി. ബംഗാൾ മുഖ്യമന്ത്രിയായിരിക്കെയും ബാലിഗഞ്ചിലെ രണ്ടു മുറി ഫ്ളാറ്റിലായിരുന്നു ബുദ്ധദേബിൻറെ താമസം.
കൊൽത്തത്തയുടെ തിയേറ്ററുകളിൽ നാടകവും സിനിമയും കാണാൻ അധികാരത്തിൻറെ ജാടകളില്ലാതെ അദ്ദേഹം എത്തിയിരുന്നു. കമ്മ്യൂണിസ്റ്റ് രീതികളും ലാളിത്യവും മുഖ്യമന്ത്രിയായിരുന്ന കാലത്തും തിരിച്ചടികൾക്കിടികൾ നേരിട്ട കാലത്തും കൈവിടാത്ത വ്യക്തിയായിരുന്നു ബുദ്ധദേബ് ഭട്ടാചാര്യ. യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ച് കമ്യൂണിറ്റ് പാതയിലൂടെ വളർന്ന ബുദ്ധദേവ് പത്ത് വർഷം റൈറ്റേഴ്സ് കെട്ടിടത്തിൽ ഇരുന്ന് ബംഗാള്‍ ഭരിച്ചു. ബംഗാളിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ നിര്‍ണായകമായ പത്ത് വർഷങ്ങളായിരുന്നു അത്. ജ്യോതിബസുവിന്‍റെ പിന്‍മുറക്കാരൻ ആരാകുമെന്നതിന് ആഴക്കുഴപ്പം പാര്‍ട്ടിയില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ സർക്കാരിന്‍റെ വികസന നയത്തിൽ ആശയക്കുഴപ്പം ദൃശ്യമായിരുന്നു.
അധികാരം ഏറ്റെടുത്ത ബുദ്ധദേവ് വ്യവസായങ്ങളോടുള്ള പാർട്ടി നയം മാറ്റി ബംഗാളില്‍ വികസനം കൊണ്ടു വരാനാണ് ശ്രമിച്ചത്. സ്വകാര്യകമ്പനികളിലൂടെ സംസ്ഥാനത്ത് നിക്ഷേപം എത്തിച്ച് വികസനമുരടിപ്പും തൊഴിലില്ലായ്മയും മാറ്റുക എന്ന ലക്ഷ്യം ബുദ്ധദേബ് ആവർത്തിച്ചു. കടുപ്പമേറിയ തീരുമാനങ്ങള്‍ പക്ഷെ ബുദ്ധദേവ് സർക്കാരിന്‍റെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും അടിത്തറിയിളക്കുന്നതിലാണ് കൊണ്ടു ചെന്നത്തിച്ചത്.
ഭരണത്തിന്‍റെ ആദ്യ അഞ്ച് വർഷങ്ങള്‍ ഐടി രംഗത്തെയടക്കം മുന്നേറ്റം ബുദ്ധദേവിനും സർക്കാരിനും കൈയ്യടി നേടികൊടുത്തു. 2006ൽ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ മടങ്ങിയെത്തിയെങ്കിലും ബുദ്ധദേബിനെ കാത്തിരുന്നത് വലിയ പ്രതിസന്ധിയായിരുന്നു. 2007ല്‍ നന്ദിഗ്രാമില്‍ ബുദ്ധദേവ് നടപ്പാക്കാനാഗ്രഹിച്ചത് വ്യവസായിക വിപ്ലവമായിരുന്നു. എന്നാല്‍ സമരങ്ങളും വെടിവെപ്പും തൃണമൂലിന്‍റെയും മമതയുടെയും ഉയർച്ചക്ക് വഴിവെച്ചു.