Tuesday, November 12, 2024
Homeകഥ/കവിതഅരുതുകളുടെ കാലം (ചെറുകഥ) ✍ ഡോ.ടി.വി.ഉണ്ണിക്കൃഷ്ണൻ (ഉണ്ണി ആവട്ടി)

അരുതുകളുടെ കാലം (ചെറുകഥ) ✍ ഡോ.ടി.വി.ഉണ്ണിക്കൃഷ്ണൻ (ഉണ്ണി ആവട്ടി)

ഡോ.ടി.വി.ഉണ്ണിക്കൃഷ്ണൻ (ഉണ്ണി ആവട്ടി)

പൗത്രിയുടെ വിവാഹ റിസപ്ഷനിൽ പങ്കെടുക്കാൻ വേണ്ടി അതീവ സന്തോഷവാനായി, ആവേശപൂർവ്വം ദിവാകര പണിക്കർ ഹാളിൻ്റെ മുമ്പിലെത്തി. പക്ഷെ, പണിക്കരെ അകലെ നിന്നും കണ്ടയുടനെതന്നെ, എന്തോ ഒരു വലിയ അത്യാഹിതം സംഭവിച്ച പ്രതീതിയിൽ, അരുതെന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു കൊണ്ട് , മകൾ അനുരാധ പരിഭ്രാന്തിയിൽ ഓടിക്കിതച്ചു വന്ന്, അദ്ദേഹത്തെ ഗെയിറ്റിൽ തടഞ്ഞു നിർത്തി, ദ്വേഷ്യത്തിൽ ആക്രോശിച്ചു.
” അച്ഛൻ എന്ത് അബദ്ധമാണ് കാണിച്ചത്? റിസപ്ഷന് വരുമ്പോൾ വെസ്റ്റേൺ ഡ്രസ് കോഡ് വേണമെന്ന് പ്രത്യേകം പറഞ്ഞിരുന്നതല്ലേ? അതിനു വേണ്ടി സ്യൂട്ടും കോട്ടും ടൈയും ഷൂസും എല്ലാം ഞാൻ പ്രത്യേകം അച്ഛൻ്റെ ഷെൽഫിൽ എടുത്തുവെക്കുകയും ചെയ്തിരുന്നുവല്ലോ… എന്നിട്ടും ഖദർ മുണ്ടും ജൂബ്ബായുമായി വന്നിരിക്കുന്നു. മറ്റുള്ളവരുടെ മുമ്പിൽ എന്നെ നാണം കെടുത്തിയേ…അവഹേളിച്ചേ… അടങ്ങൂ അല്ലേ? റിസപ്ഷൻ തുടങ്ങിയിട്ടേയുള്ളൂ. ഇനിയും സമയമുണ്ട്. അച്ഛനെ വീട്ടിലേക്ക് കൊണ്ടുപോകാൻ ഡ്രൈവറോട് പറയാം. ഡ്രസ് മാറി പെട്ടെന്നു വരാൻ നോക്കൂ… ഇനി അഥവാ ഇതൊന്നും ധരിക്കാൻ കൂട്ടാക്കുന്നില്ലെങ്കിൽ അച്ഛൻ പിന്നെ….”

പ്രായം നവതി കൊണ്ടാടിയെങ്കിലും ഇപ്പോഴും ശരീരത്തിനും മനസ്സിനും അത്രകണ്ട് പ്രായമായിട്ടില്ലാത്ത ദിവാകരപ്പണിക്കർക്ക്, മകൾ പറഞ്ഞതിൻ്റെ പൊരുൾ മനസ്സിലാക്കാൻ ഒരു പ്രയാസവുമുണ്ടായില്ല. മകളുടെ കാറിൽ കയറാൻ കൂട്ടാക്കാതെ, പകരം പഴയ ഓർമ്മകളുടെ ചിറകിലേറി അദ്ദേഹം വീട്ടിലേക്കു നടത്തം തുടങ്ങി. ദാക്ഷായണിയും താനും അനേകം വഴിപാടുകൾ നടത്തി, ആറ്റുനോറ്റുണ്ടായ മകൾ. മദ്ധ്യവയസ്സു കഴിഞ്ഞുണ്ടായ ഗർഭധാരണം, ദാക്ഷായണിയുടെ ജീവനുപോലും ഭീഷണിയാകുമെന്നുള്ള ഡോക്ടർമാരുടെ മുന്നറിയിപ്പിനെ തങ്ങളുടെ കുഞ്ഞിക്കാലു കാണാനുള്ള അതിമോഹം കീഴടക്കിയതുകൊണ്ടു മാത്രമാണ് അനുരാധ ജനിച്ചത്. പക്ഷേ അതിന് നല്കേണ്ടി വന്ന വില ദാക്ഷായണിയുടെ ജീവൻ തന്നെയായിരുന്നു. പല കോണുകളിൽ നിന്നുമുള്ള പുനർവിവാഹത്തിൻ്റെ നിർബ്ബന്ധങ്ങളെ പ്രതിരോധിച്ചതും, തൻ്റെ അദ്ധ്യാപന ജോലി പോലും വേണ്ടെന്നു വെച്ചതും… എല്ലാം എല്ലാം അവൾക്കു വേണ്ടിത്തന്നെ.

പൊന്നോമനയുടെ കാലു വളരുന്നതും കൈ വളരുന്നതും നോക്കി ശിഷ്ട ജീവിതം മുന്നോട്ടു പോയി. പക്ഷേ അതിനിടയിൽ അവൾ വളർന്നു വലുതായ കാര്യം താനറിഞ്ഞതേയില്ല. ഒടുവിൽ സ്നേഹിച്ച പുരുഷൻ്റെ കൂടെ ,തൻ്റെ അനുവാദം പോലും ചോദിക്കാതെ, അവൾ ഇറങ്ങിപ്പോകുന്നതും നിറകണ്ണുകളോടെ തനിക്കു നോക്കി നില്ക്കേണ്ടി വന്നു. പിന്നീട് ഒരു കൈക്കുഞ്ഞുമായി ഭർത്താവിനെ ഉപേക്ഷിച്ച് അവൾ തിരിച്ചുവന്നപ്പോൾ, ഒരെതിർപ്പും കാണിക്കാതെ, രണ്ടു കൈയ്യും നീട്ടി തന്നെ താനവളെ സ്വീകരിക്കുകയും ചെയ്തു. ജീവിതത്തിൽ അന്നേവരെ ആർക്കുവേണ്ടിയും ശുപാർശയോ, കൈക്കൂലിയോ നടത്താതെ, ഒരു തികഞ്ഞ ഗാന്ധിയനെന്ന പ്രതിച്ഛായ കാത്തു സൂക്ഷിച്ചിരുന്ന താൻ, മകൾക്കു വേണ്ടി, അന്നാദ്യമായി ശിഷ്യനായ മന്ത്രിയുടെ കൈയ്യും കാലും പിടിച്ച്, അവൾക്കൊരു ജോലി വാങ്ങിച്ചു കൊടുത്തു. പൊതു സമൂഹത്തിൽ ആദർശത്തിൻ്റെ പര്യായമായിരുന്ന ആ അഭിനവ ഗാന്ധിയൻ പകരം ആവശ്യപ്പെട്ടത്, അദ്ദേഹത്തിൻ്റെ ഭാഷയിൽ, തീരെ ചെറിയ കാര്യമായിരുന്നെങ്കിലും, തനിക്ക് അത് തീർത്തും ഹൃദയഭേദകമായിരുന്നു.

ദാക്ഷായണി ഉറങ്ങുന്ന, നഗരമധ്യത്തിലെ ജീവിതത്തിലെ തൻ്റെ ഏക സമ്പാദ്യമായിരുന്ന പത്തു സെൻറും കിടപ്പാടവും അങ്ങിനെ മന്ത്രി പുത്രൻ്റെ കൈകളിലേക്കെത്തിച്ചേർന്നു. അന്നു മുതൽ താൻ മകളുടെ വാടക വീട്ടിൽ വീട്ടുതടങ്കലിലുമായി. ഔദ്യോഗിക ജീവിതത്തിലെ ഏണിപ്പടികൾ കയറി മകൾ മുന്നോട്ടുപോയി. പക്ഷെ… ഓരോ കയറ്റവും, അച്ഛൻ്റെ തടങ്കൽ തൂണുകളുടെ ബലവും ദൃഢതയും കൂടുതൽ കൂട്ടാനും, പ്രായത്തിൻ്റെയും പക്വതയുടെയും പേരുകൾ പറഞ്ഞ്, അച്ഛനു വേണ്ടി വരച്ചു വെക്കുന്ന ലക്ഷ്മണരേഖകളുടെ വ്യാസാർദ്ധം ചുരുക്കി കൊണ്ടുവരാനും, വിലക്കുകളുടെയും വിലങ്ങുകളുടെയും എണ്ണവും വണ്ണവും കൂട്ടാനുമാണ് അവൾ കൂടുതലായി ഉപയോഗപ്പെടുത്തിയത്. പിന്നീട് ബംഗളാവ് ആയി. കാറായി. മകളെ ബോർഡിംഗിന് അയച്ചു പഠിപ്പിച്ചു. എഞ്ചിനീയറിംഗ് കഴിഞ്ഞ് വേറൊരു എഞ്ചിനീയറുമായി അവളുടെ വിവാഹവും നടത്തി. അതിൻ്റെ റിസപ്ഷനാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

ഹാളിലേക്കുള്ള രണ്ടു കിലോമീറ്റർ ദൂരം അനായാസമായി നടന്നുപോയിരുന്ന ദിവാകരൻ മാഷിന്, പക്ഷെ വീട്ടിലേക്കുള്ള തിരിച്ചു വരവ് തീർത്തും ദുഷ്ക്കരമായിരുന്നു. കാലുകൾ വേച്ചു വേച്ച് എങ്ങിനെയോ റൂമിലെത്തി. തളർച്ച മാറ്റാൻ കുറച്ചു സമയം കട്ടിലിരുന്നു. പുറത്തു റോഡിൽ കൂടി മൈക്ക് അനൌൺസുമെൻറു കേട്ടപ്പോൾ, ആകാംക്ഷപൂർവ്വം കാതുകൾ കൂർപ്പിച്ച്, എഴുന്നേറ്റു.

“സഹോദരീ…സഹോദരൻമാരെ നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വരുന്ന ആ ഗസ്ത് 15, സ്വാതന്ത്ര്യത്തിൻ്റെ അമൃത് മഹോത്സവമായി ആഘോഷിക്കുന്ന വിവരം എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. ആഘോഷത്തിൻ്റെ ഔപചാരികമായ ഉദ്ഘാടനം, പ്രമുഖ ഗാന്ധിയനും, നമ്മുടെയെല്ലാം പ്രിയങ്കരനും കണ്ണിലുണ്ണിയുമായ മുൻ മന്ത്രി, പത്മനാഭൻ പിള്ള നിർവ്വഹിക്കുന്ന വിവരം എല്ലാവരേയും സന്തോഷപൂർവ്വം അറിയിക്കുന്നു. തദവസരത്തിൽ പങ്കു ചേർന്ന്, നമ്മുടെ രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിൻ്റെ മധുര സ്മരണകൾ അയവിറക്കാൻ മുഴുവൻ സ്വാതന്ത്ര്യസമരസേനാനികളെയും ദേശ സ്നേഹികളേയും ഹൃദയപൂർവ്വം ക്ഷണിക്കുന്നു… സ്വാഗതം ചെയ്യുന്നു.”

ഓ… പത്മനാഭൻ പിള്ള… കൈക്കൂലി വാങ്ങി, തൻ്റെ മകൾക്ക് ജോലി സംഘടിപ്പിച്ചു തന്ന, അഴിമതി വിരുദ്ധ പോരാട്ടം നയിക്കുന്ന അനിഷേധ്യ നേതാവ്. എന്തൊരു വിരോധാഭാസം. ദിവാകരൻ മാഷ് മനസ്സിലോർത്തു. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ്, താൻ ഗാന്ധിജി യിലും സ്വാതന്ത്ര്യസമരത്തിലും ആകൃഷ്ടനാകുന്നത്. പ്രസിദ്ധ ജന്മി കുംടുംബമായിട്ടു കൂടി അച്ഛനും ബ്രിട്ടനെതിരായിരുന്നു. ആവേശം വാരി വിതറിക്കൊണ്ട്, ഗാന്ധിജിയുടെ കേരളപര്യടനം പര്യവസാനത്തിലേക്കു നീങ്ങിയ ദിവസം, ക്ലാസ് ബഹിഷ്ക്കരിച്ച് കയ്യിൽ ദേശീയ പതാകയും ചുണ്ടിൽ ദേശഭക്തിഗാനവും പാടി, താനും അച്ഛനോടൊപ്പം സ്വാതന്ത്ര്യസമരത്തിലേക്ക് അണിചേർന്നു.

പിന്നീട് ജയിൽവാസം. സ്വത്തും സമ്പാദ്യവും നശിച്ച് പാപ്പരായി. എങ്ങിനെയൊക്കെയോ ഒരു അദ്ധ്യാപക ജോലി കിട്ടിയതുകൊണ്ട്, പട്ടിണി കൂടാതെ സ്വാതന്ത്ര്യാനന്തര ജീവിതം മുന്നോട്ടുപോയി. പക്ഷെ ഗാന്ധിജിക്കും, സ്വാതന്ത്ര്യസമരത്തിനും മുർദ്ദാബാദ് വിളിച്ചു നടന്ന പത്മനാഭൻപിള്ളയുടെ കുടുംബം പിന്നീട് കറകളഞ്ഞ സ്വാതന്ത്ര്യ സമര സേനാനികളായി. നേതാക്കൻമാരായി. അധികാരം അവരെത്തേടി വന്നു. അച്ഛൻ ആദ്യം എം.എൽ.എ ആയി. പിന്നീട് മകൻ പത്മനാഭൻ മന്ത്രിയായി. ഇപ്പോൾ തൻ്റെ മകനെത്തന്നെ വീണ്ടും മന്ത്രിയാക്കി, പത്മനാഭൻ പിള്ള അധികാരത്തിൻ്റെ മധുചഷകം നിർബ്ബാധം പാനീയം ചെയ്തുകൊണ്ടിരിക്കുന്നു.

ഭാരതത്തിലെ നല്ലൊരു ശതമാനം ദേശാഭിമാനികൾ, സഹന സമരത്തിലൂടെ ,നാടിനു വേണ്ടി ജീവനും ജീവിതവും ആത്മസമർപ്പണം നടത്തി, സ്വാതന്ത്ര്യം നേടിയെടുത്തിട്ട്, വർഷങ്ങൾ എഴുപത്തിയഞ്ച് കഴിഞ്ഞിരിക്കുന്നു. പക്ഷേ… എന്നിട്ടും ശരിക്കും ശരിയായ അർത്ഥത്തിലുള്ള സ്വാതന്ത്ര്യം കിട്ടിയോ? കുടുംബാധിപത്യം പാടില്ലെന്നു പറഞ്ഞ ഗാന്ധിജി പലരുടെയും കണ്ണിലെ കരടായി മാറി. വിദേശ വസ്ത്രങ്ങൾ ബഹിഷ്ക്കരിച്ചുകൊണ്ട്, നാട്ടിൽ നെയ്തെടുത്ത സ്വദേശി വസ്ത്രങ്ങൾ മാത്രം ധരിക്കണമെന്ന്, ചർക്കയിൽ നൂൽ നൂല്പ് നടത്തി, തൻ്റെ പ്രായോഗിക ജീവിതത്തിലൂടെ ഉപദേശിച്ച മഹാത്മാ ഗാന്ധിയെ നാം പരിഹസിക്കുന്നു. രാഷ്ട്രപിതാവിനെ ഒരു വെറും പ്രതിമയാക്കി, നോക്കുകുത്തിയാക്കി മാറ്റി.

ഇന്നും പലർക്കും ഭ്രമം വിദേശ വസ്ത്രങ്ങളോടു തന്നെ. പത്തു ഡിഗ്രി സെൻ്റിഗ്രേഡിൽ സ്വെറ്ററിട്ട് ക്രിക്കറ്റ് കളിക്കുന്ന സായ്പിനെ അനുകരിച്ച്, മുപ്പത്തിയഞ്ച്… താല്പത് സെൻ്റി ഗ്രേഡിൽ ഉരുകിവിയർക്കുന്ന നമ്മളും സ്വെറ്ററിട്ട് കിറുക്കറ്റ് കളിക്കുന്നു. സ്വന്തമായി വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം ഇല്ല. ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യമില്ല. മാതൃഭാഷ സംസാരിക്കാനുള്ള സ്വാതന്ത്ര്യമില്ല. കേൾക്കാനും കാണാനും, പറയാനും അറിയാനും, ചെയ്യാനും കളിക്കാനും, എഴുതാനും പാടാനും ഒന്നും സ്വാതന്ത്ര്യമില്ല. എന്തിനേറെപ്പറയുന്നു.. ഹൃദയം തുറന്ന്, മനസ്സിരുത്തി ഒന്നു ചിരിക്കാനോ, കരയാനോ പോലും പലർക്കും സ്വാതന്ത്ര്യമില്ല.

ഒരു കുട്ടി ഗർഭാശയത്തിൽ ബീജാങ്കുരണം ചെയ്യപ്പെടുമ്പോഴേ, തുറക്കുകയായി അമ്മ വഴിയുള്ള അരുതുകളുടെയും വിലക്കുകളുടെയും വിലങ്ങുകളുടെയും ലോകം. ജനിച്ചു വീഴുമ്പോഴോ… കാതിൽ വീഴുന്നത് മലയാളത്തിൽ കരയുന്നതു പോലും നിരോധിച്ചു കൊണ്ടുള്ള ഉപദേശനിർദ്ദേശങ്ങളുമാണ്… പോകരുത്, ഓടരുത്, ചാടരുത്, കളിക്കരുത്, ചിരിക്കരുത്, മിണ്ടരുത്, പാടരുത്, ആടരുത്, തുള്ളരുത്, ചൊല്ലരുത്, പറയരുത്, എഴുതരുത്,തിന്നരുത്, കുടിക്കരുത്, … ഇങ്ങിനെ തുടരും…നിയന്ത്രണങ്ങളും വിലക്കുകളും. വെറുതെയല്ല പിറന്നു വീഴുമ്പോഴേ നവജാതർ മിണ്ടാപ്രാണികളും മൊബൈൽ ആസക്തിക്കാരുമായി വീട്ടിലെ ഒരു മൂലയിലൊതുങ്ങി, വെറും കുത്തിക്കുറിക്കലുകാർ മാത്രമായി പരിണമിക്കുന്നത്. പളളിക്കൂടങ്ങൾ നഴ്സറി സ്കൂളുകളായി. ടീച്ചർമാർ മിസ്സുകളായി.ആ യും ഇ യും തറ യും പറ യും എബിസിഡി കൾക്ക് വഴിമാറി. കഴുത്തിൽ ടൈയുടെ കുണുക്കുകയറുകളിലൂടെ പിന്നീട് അവൻ്റെ പാരതന്ത്ര്യയാത്ര തട്ടിയും മുട്ടിയും മുന്നോട്ടു നീങ്ങുകയായി. ബാല്യകാലത്ത്, അച്ഛനമ്മമാരുടെയും അദ്ധ്യാപകരുടെയും. യൗവ്വനകാലത്ത് സമൂഹത്തിൻ്റെ. വിവാഹിതരായാൽ നേർ പകുതിയുടെ. പ്രായമായാൽ… മക്കളും പേരമക്കളും തീർക്കുന്ന വിലക്കുകളുടെയും വിലങ്ങുകളുടെയും ലോകത്ത് എരിഞ്ഞടങ്ങുകയാണ്, മിക്ക മനുഷ്യജന്മങ്ങളും.

എന്തു സ്വാതന്ത്ര്യം? എന്തിനാണു സ്വാതന്ത്ര്യം? എന്തു ചെയ്യാനാണ് സ്വാതന്ത്ര്യം? എന്തു പറയാനാണ് സ്വാതന്ത്ര്യം. വയ്യ… സഹിച്ചു. ഒരുപാടു സഹിച്ചു. ഇനി ഒട്ടും വയ്യ. തനിക്കു വേണം സ്വാതന്ത്ര്യം. അരുതുകളുടെയും വിലക്കുകളുടെയും വിലങ്ങുകളുടെയും ലോകത്തുനിന്നുമുള്ള ശരിയായ അർത്ഥത്തിലുള്ള സ്വാതന്ത്ര്യം ലഭിച്ചേ തീരൂ… ദൃഢനിശ്ചയത്തോടെ മാഷ് കിടക്കയിൽ നിന്നെഴുന്നേറ്റു. പഴയ ഖദർ സഞ്ചി കയ്യിലെടുത്തു. ഒരു യാത്രക്കു വേണ്ട, കുറച്ചുകൂടി വസ്ത്രങ്ങൾ എടുക്കാൻ വേണ്ടി, ഷെൽഫു തുറന്നു. ങ്ങേ… അനുരാധ പറഞ്ഞ സായ്പിൻ്റെ വസ്ത്രങ്ങൾ തന്നെ നോക്കി കൊഞ്ഞനം കുത്തുന്നു. മാഷിൻ്റെ കണ്ണിൽ പഴയ സ്വാതന്ത്ര്യവീര്യം വീണ്ടും കത്തിജ്വലിച്ചു. മണ്ണെണ്ണയിൽ കുതിർന്ന വിദേശ വസ്ത്രങ്ങൾ അഗ്നിക്കിരയാകുമ്പോൾ പഴയ ഏഴാം ക്ലാസുകാരൻ മാഷിലേക്ക് ആവാഹിക്കപ്പെടുകയായിരുന്നു. അവൻ ചുരുട്ടിയ മുഷ്ടികൾ ആകാശത്തേക്കുയർത്തി, ആവേശപൂർവ്വം വിളിച്ചു. ” ക്വിറ്റ് ഇന്ത്യ… ക്വിറ്റ് ഇന്ത്യ. ”
ദേശീയ പതാകയുമേന്തി, ഗെയിറ്റും കടന്ന് പുറത്തേക്ക് വിശാലമായ റോഡിലേക്ക് കാലുകൾ ചലിക്കുമ്പോൾ മാഷിൻ്റെ ചുണ്ടുകളും ഒപ്പം മന്ത്രിച്ചു കൊണ്ടിരുന്നു.

” വരിക വരിക സഹജരേ…
വലിയ സഹന സമരമായ്
കരളുറച്ച്, കൈകൾ കോർത്ത്
കാൽനടയ്ക്ക് പോക നാം… കാൽനടയ്ക്ക് പോക നാം….

✍ ഡോ.ടി.വി.ഉണ്ണിക്കൃഷ്ണൻ (ഉണ്ണി ആവട്ടി)

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments