ലണ്ടൻ: ബ്രിട്ടനിൽ പൊട്ടിപുറപ്പെട്ട കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം തുടരുന്നു. തീവ്ര വലതുപക്ഷക്കാരുടെ ആക്രണങ്ങൾ തുടർന്നതോടെ നൂറിലേറെപ്പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സൗത്ത്പോർട്ട് കത്തിയാക്രമണത്തിലെ പ്രതി കുടിയേറ്റക്കാരനാണെന്ന വ്യാജപ്രചാരണത്തിന് പിന്നാലെയായിരുന്നു ബ്രിട്ടനിൽ പ്രക്ഷോഭം ആരംഭിച്ചത്. നിലവിലിത് വിവിധ നഗരങ്ങളിലേക്കും നോർത്തേൺ അയർലൻഡിലേക്കും വ്യാപിച്ചിരിക്കുകയാണ്.
മെഴ്സിഡൈസിലെ സൗത്ത്പോർട്ടിലായിരുന്നു കത്തിയാക്രമണത്തിൽ മൂന്ന് പെൺകുട്ടികൾ കൊല്ലപ്പെട്ടത്. ടെയ്ലർ സ്വിഫ്റ്റിന്റെ ഡാൻസ് പാർട്ടിക്കിടെയായിരുന്നു ഈ ആക്രമണം. പെൺകുട്ടികളുടെ കൊലപാതകി കുടിയേറ്റക്കാരനാണെന്ന് സോഷ്യൽ മീഡിയയിൽ പ്രചാരണം ആരംഭിച്ചതോടെയാണ് കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം ആരംഭിക്കുന്നത്.
കുടിയേറ്റ വിരുദ്ധ മുദ്രാവാക്യങ്ങളോടെ ആരംഭിച്ച പ്രതിഷേധം ആക്രമണങ്ങളിലേക്ക് നീങ്ങുകയായിരുന്നു.വിവിധ നഗരങ്ങളിലായി കടകൾക്ക് തീവയ്ക്കലും കല്ലേറും ഹോട്ടൽ ആക്രമണങ്ങളും റിപ്പോർട്ട് ചെയ്തു. കുടിയേറ്റ വിരുദ്ധ മുദ്രാവാക്യങ്ങളുയർത്തി ആരംഭിച്ച പ്രതിഷേധം കലാപസമാന അവസ്ഥയിലേക്ക് നീങ്ങിയതോടെയാണ് നൂറിലേറെപ്പേരെ അറസ്റ്റ് ചെയ്തത്. സംഘർഷാവസ്ഥ നിയന്ത്രിക്കാനുള്ള നടപടികളിൽ പ്രധാനമന്ത്രി കിയേർ സ്റ്റാമെർ പോലീസിനു പൂർണപിന്തുണ പ്രഖ്യാപിച്ചു.
കത്തിയാക്രമണത്തിലെ പ്രതി തീവ്ര ഇസ്ലാമിക കുടിയേറ്റക്കാരനാണെന്നായിരുന്നു സോഷ്യൽ മീഡിയയിലെ പ്രചാരണം. ഇതോടെ കുടിയേറ്റ വിരുദ്ധ – മുസ്ലിം വിരുദ്ധ ഗ്രൂപ്പുകൾ പ്രതിഷേധം ആരംഭിക്കുകയായിരുന്നു. എന്നാൽ പ്രതി ബ്രിട്ടനിൽ തന്നെ ജനിച്ചയാളാണെന്നാണ് പോലീസ് പറയുന്നത്. അദ്ദേഹത്തിന്റെ കുടുംബം ക്രൈസ്തവ വിശ്വാസികളാണെന്ന് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു.ശനിയാഴ്ചയാണ് വ്യാപക പ്രതിഷേധം ആരംഭിച്ചത്. ലിവർപൂൾ, ലീഡ്സ്, നോട്ടിങ്ങാം, മാഞ്ചസ്റ്റർ, ഹൾ തുടങ്ങിയ സ്ഥലങ്ങളിൽ പ്രക്ഷോഭക്കാർ പോലീസുമായി ഏറ്റുമുട്ടി. കുടിയേറ്റക്കാർ താമസിക്കുന്ന ഹോട്ടലിനു നേരെ കല്ലേറുമുണ്ടായി. പോലീസിന് നേരെ കല്ലും കുപ്പികളും പടക്കവും എറിയുകയും കടകൾ കൊള്ളയടിക്കുകയും ചെയ്തെന്നാണ് റിപ്പോർട്ട്.കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങൾക്കിടെ ബ്രിട്ടനിലെ മുസ്ലിങ്ങളുടെ സുരക്ഷാ ആശങ്ക വർധിച്ചതായി റിപ്പോർട്ടുകളുണ്ട്.
നിറത്തിന്റെ പേരിൽ ജനങ്ങൾ ഭീതിയനുഭവിക്കുന്നതു ശരിയല്ലെന്നും നടപടിയെടുക്കുമെന്നും സർക്കാർ അറിയിച്ചു. കലാപകാരികളെ നേരിടാൻ ഫാസിസ്റ്റ് വിരുദ്ധരും രംഗത്തിറങ്ങിയതോടെ ആശങ്ക ഉയരുകയായിരുന്നു. ഇരുവിഭാഗത്തെയും നിയന്ത്രിക്കാൻ പോലീസ് പാടുപ്പെട്ടു. തീവ്രവലതു സംഘങ്ങളുടെ പ്രക്ഷോഭം നേരിടാൻ ശക്തമായ നടപടി സ്വീകരിക്കാൻ പ്രധാനമന്ത്രി കെയർ സ്റ്റാർമർ പോലീസിന് നിർദേശം നൽകി. കറുത്തവർഗക്കാരൻ പോലീസിന്റെ വെടിയേറ്റു മരിച്ചതിനെത്തുടർന്ന് 2011 ൽ ബ്രിട്ടനിലുണ്ടായ പ്രക്ഷോഭത്തിന് ശേഷം ഇത്തരമൊരു സംഘർഷാവസ്ഥ രാജ്യത്ത് ഇതാദ്യമാണ്.