Friday, January 10, 2025
Homeസ്പെഷ്യൽകണ്ണീർ ഉണങ്ങാത്ത വയനാട്. (ലേഖനം) ✍കെ വി നദീർ

കണ്ണീർ ഉണങ്ങാത്ത വയനാട്. (ലേഖനം) ✍കെ വി നദീർ

കെ വി നദീർ

അച്ഛനും അമ്മയും അകന്നുപോയ കൈകുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാൻ സന്നദ്ധമായി വയനാട്ടിലേക്ക് വണ്ടി കയറിയ അമ്മമാർ. ദുരന്തം അനാഥമാക്കിയ ഏതെങ്കിലുമൊരു പെൺകുഞ്ഞിനെ സ്വന്തം കുഞ്ഞിനെ പോലെ വളർത്താൻ നൽകുവെന്നാവശ്യപ്പെടുന്ന ദമ്പതിമാർ.

കാട്ടിലെ പാറക്കൂട്ടത്തിനിടയിൽ ഭയന്നുവിറച്ചുകിടന്ന കുഞ്ഞുമക്കളെ നെഞ്ചിൽ ചേർത്തുകെട്ടി മലയിറങ്ങി വരുന്ന വനം വകുപ്പുദ്യോഗസ്ഥർ. തകർന്നുപോയ
വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കിട്ടിയ കാലുവയ്യാത്ത നായ്ക്കുട്ടിയെ അതിശ്രദ്ധയോടെ സുരക്ഷിതമായ ഇടത്തിലേക്ക് മാറ്റുന്ന അഗ്നിശമന സേനാംഗങ്ങൾ. അകിടിൽ പാൽ നിറഞ്ഞ് നടക്കാൻ പ്രയാസപ്പെടുന്ന പശുവിൻ്റെ പാൽകറന്നു വിടുന്ന സന്നദ്ധ പ്രവർത്തകർ. ദുരന്തമുഖത്ത് സേവന സന്നദ്ധരായവർക്ക് മൂന്ന് നേരവും സൗജന്യമായി ഭക്ഷണം വിളമ്പുന്നവർ.

ഛിന്നഭിന്നമായ ദേഹങ്ങളെ പുഴയിൽ നിന്ന് കോരിയെടുത്ത നാട്ടുകാർ. പോസ്റ്റ്മോർട്ടത്തിനും മൃതദേഹ സംസ്കരണത്തിനും സഹായികളായി നിന്ന
വനിത വളന്റിയർമാർ. താൽക്കാലിക ഹോസ്പിറ്റലാക്കാൻ മദ്രസ്സയും പള്ളിയും വിട്ടുനൽകാൻ സന്നദ്ധമാകുന്ന മഹല്ല് കമ്മിറ്റിക്കാർ.

നാടിൻ്റെ പല കോണുകളിൽ ആഹാരവും വസ്ത്രവും മരുന്നുകളും ശേഖരിച്ചെത്തിക്കുന്ന യുവജന സംഘടന പ്രവർത്തകർ. കച്ചവടത്തിന് വെച്ച വസ്ത്രങ്ങളും പുതപ്പുകളും ഒന്നാകെ എത്തിച്ച് ദുരിതബാധിതർക്ക് ചൂടുപകരുന്ന വ്യാപാരികൾ. കാശുക്കുടുക്കയിൽ കൂട്ടിവെച്ച പണം ആശ്വാസപ്രവർത്തനങ്ങൾക്കായി നൽകുന്ന കുഞ്ഞുങ്ങൾ.

ദുരന്തം നടന്ന ദിവസം മുതൽ സകല വിയോജിപ്പുകളും മാറ്റിവെച്ച് ചെളിയിൽ മുങ്ങി രക്ഷാപ്രവർത്തനത്തിനിറങ്ങിയ സാധാരണ മനുഷ്യർ. രാഷ്ട്രീയ വിയോജിപ്പുകളിൽ പരസ്പരം കടിച്ചു കീറിയിരുന്നവരായിരുന്നു ഇവർ. ദുരന്തങ്ങൾക്കുമുന്നിൽ എല്ലാം മാറ്റിവെക്കാൻ മനസ്സിന് വിശാലതയുള്ളവർ.

അതിജീവനത്തിന് പണം ചോദിച്ചപ്പോൾ മലവെള്ളപ്പാച്ചിലിനേക്കാൾ വേഗത്തിലായിരുന്നു സഹായങ്ങളുടെ കുത്തൊഴുക്ക്. സർക്കാർ സംവിധാനങ്ങളിലേക്കും അല്ലാതെയും പണമൊഴുകി. തകർന്ന വീടുകളേക്കാൾ മുന്തിയ വീടുകൾ ഉറപ്പുനൽകി. അവരുടെ സങ്കടങ്ങൾക്കൊപ്പം സങ്കടപ്പെട്ടു. അവരുടെ കാത്തിരിപ്പിനൊപ്പം കണ്ണിമവെട്ടാതെ നിന്നു. ആരുമല്ലാതിരുന്നിട്ടും ഒറ്റുപ്പെട്ടു പോയവരുടെ ആരൊക്കെയോ ആകാൻ അതിവേഗം അവർക്കായി. മണ്ണിനടിയിലും പുഴയുടെ ആഴത്തിലും ആണ്ടുപോയവരെ വാരിയെടുത്ത കൈകൾക്ക് സ്നേഹത്തിൻ്റെ തണുപ്പായിരുന്നു. കരുതലിൻ്റെ ഇളം ചൂടായിരുന്നു. കാരുണ്യം കൊണ്ട് ലോകത്തെ അതിശയിപ്പിക്കുന്ന ഭൂമിയിലെ മാലാഖമാരേ, ആകാശത്തെ മാലാഖമാർ നിങ്ങളെ കണ്ട് ഒരുപക്ഷെ അസൂയപ്പെടുന്നുണ്ടാകും.

ലോകം വാഴ്ത്തിയ ഈ മനുഷ്യരെ നോക്കി പരിഹാസം ചൊരിഞ്ഞ ചിലരുണ്ട്. അപരവിദ്വേഷത്തെ നാവായി കൊണ്ടുനടക്കുന്നവർ. വെറുപ്പിനെ കയ്യും അകൽച്ചയെ കാലുമാക്കിയവർ. വർഗ്ഗീയതയെ ബുദ്ധിയായി കൊണ്ടുനടക്കുന്നവർ. പൂർണ്ണ ചന്ദ്രനെ നോക്കി കുരക്കുന്ന നായക്കുട്ടങ്ങളാണവർ.

✍കെ വി നദീർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments