Friday, September 20, 2024
Homeകഥ/കവിതഅമ്മയുടെ മകൻ (കഥ) ✍ കാവല്ലൂർ മുരളീധരൻ

അമ്മയുടെ മകൻ (കഥ) ✍ കാവല്ലൂർ മുരളീധരൻ

കാവല്ലൂർ മുരളീധരൻ

ഭർത്താവ് മരിക്കുമ്പോൾ അവർക്ക് നാല്പത് വയസ്സായിരുന്നു. കാലം വൈകിയുള്ള വിവാഹം. അവരുടെ ലോകം, മകനും അവരുടെ ഭർത്താവും മാത്രമായിരുന്നു.

ഭർത്താവിന്റെ അകാലവിയോഗം അവരിൽ വളരെയേറെ ശൂന്യത സൃഷ്ടിച്ചു. പെട്ടെന്നുണ്ടായ ജീവിതത്തകർച്ചയിൽ ഉലഞ്ഞുപോയ അവർ എന്തുചെയ്യണം എന്നറിയാതെ സ്തംഭിച്ചു നിന്നുപോയി.

കാലക്രമേണ അവർ ജീവിതത്തിലേക്ക് തിരിച്ചു വന്നു. മകനെ അച്ഛന്റെ നഷ്ടം അറിയിക്കാതെ വളർത്തി. സഹായഹസ്തങ്ങളുമായി അവരുടെ മുന്നിലേക്ക് വന്നവരെ അവർ തിരിച്ചറിഞ്ഞു, അവരെയെല്ലാം ദൂരെ മാത്രം നിർത്തി.

അതായിരുന്നു ജീവിതത്തിലെ അവരുടെ ഏറ്റവും വലിയ വെല്ലുവിളി. എല്ലാവരും ബന്ധുക്കാർ, എല്ലാവരും വേണംതാനും, എന്നാൽ അടുപ്പിക്കാനുമാവില്ല.

മകനോട് ആ അമ്മ ഒന്നുമാത്രമേ ആവശ്യപ്പെട്ടുള്ളൂ, പഠിച്ചു വലുതാകണം, വലിയ ജോലിക്കാരനാകണം. ആരുടേയും മുമ്പിൽ കൈനീട്ടാൻ ഇട വരുത്തരുത്. കൂട്ടുകെട്ടുകൾ വേണ്ട എന്നല്ല, വീട്ടിൽ അമ്മ തനിയെയാണെന്ന ബോധം വേണം. ബോധത്തോടുകൂടി മാത്രമേ വീട്ടിലേക്ക് വരാവൂ.

അവരുടെ പ്രാർത്ഥനകളുടെ ഫലമോ, മകന്റെ നല്ല സ്വഭാവമോ, മകൻ വളരെ നന്നായി പഠിച്ചു, നല്ല നിലയിൽ ജയിച്ചു. ഇപ്പോൾ ലണ്ടനിലേക്ക് പഠിപ്പിനും ജോലിക്കുമായി പോകാൻ ശ്രമിക്കുന്നു.

ഏകാകിയായ അമ്മയിൽ നിന്ന് മകൻ അകന്നുപോകുന്നതിൽ അമ്മ വളരെയധികം വിഷമിച്ചു, എന്നാൽ അവന്റെ ഭാവിയാണ് വലുത്. നാട്ടിലെ ജീവിത സാഹചര്യങ്ങൾ മാറുകയാണ്. പുതിയ തലമുറയ്ക്ക് വേണ്ടത് വ്യത്യസ്ത ജീവിതമാണ്. അവർ എത്തിപ്പിടിക്കാൻ ശ്രമിക്കുന്ന ലോകം, നാം കാണുന്നതല്ല. അവരെ കുറ്റം പറയാൻ ആകില്ല. പുരോഗമനപരമായ ജീവിത സാഹചര്യങ്ങൾ, സമാധാന ജീവിതം ആരാണ് ആഗ്രഹിക്കാത്തത്.

എന്റെ ജോലി ശരിയായാൽ ഞാൻ അമ്മയെ അങ്ങോട്ട് കൊണ്ടുപോകാം. അവിടെ നമുക്ക് ഒന്നിച്ചു കഴിയാം.

ഇല്ല മോനെ, ഇനി ഈ വയസ്സിൽ മറ്റൊരു രാജ്യത്തേക്ക് കുടിയേറിപ്പാർക്കാൻ അമ്മക്കാകില്ല. ഞാൻ ഇവിടെത്തന്നെ നമ്മുടെ കൃഷിയും തൊടിയുമായൊക്കെയായി മുന്നോട്ടു പോകാം.

അപ്പോഴാണ് മകൻ ഒരു പ്രത്യേക കാര്യം പറയാനുണ്ടെന്ന് പറഞ്ഞത്. ഇത് അമ്മയോട് എങ്ങനെയാണ് പറയുക എന്നറിയില്ല, എന്നാൽ പറയാതിരിക്കാനും ആകില്ലല്ലോ.

അച്ഛന്റെ മരണം കഴിഞ്ഞു, രണ്ട് വർഷം കഴിഞ്ഞു അമ്മയുടെ ഒരു കളിക്കൂട്ടുകാരൻ നമ്മളെ കാണാൻ വന്നിരുന്നു. ചെറുപ്പത്തിലേ അദ്ദേഹത്തിന് അമ്മയെ വലിയ ഇഷ്ടമായിരുന്നു. എന്നാൽ പണമില്ലാത്തതിനാൽ അമ്മ വേറൊരിടത്തേക്ക് വിവാഹം കഴിച്ചയക്കപ്പെട്ടു. പണമുണ്ടാക്കാൻ പോയ അദ്ദേഹം തിരിച്ചു വരുന്നതിന് മുമ്പ് അമ്മയുടെ വിവാഹം കഴിഞ്ഞിരുന്നു. അദ്ദേഹം തിരിച്ചുപോയി, പിന്നെ നാട്ടിലേക്കു വന്നത് അപ്പോഴായിരുന്നു.

അമ്മക്കറിയാമോ അദ്ദേഹം ഇപ്പോഴും വിവാഹിതനല്ല.

മകന് മറുപടിയൊന്നും കൊടുക്കാതെ അവർ അവിടെ നിന്നെഴുന്നേറ്റുപോയി.

പിറ്റേന്ന് മകൻ അമ്മയോട് ഇന്നൊരു അത്ഭുതമുണ്ടാകും എന്ന് പറഞ്ഞു അമ്പലത്തിലേക്ക് കൊണ്ടുപോയി. അമ്പലത്തിൽ വെച്ച് രേണുകയെ മകൻ അമ്മക്ക് പരിചയപ്പെടുത്തി. രേണുക കോളേജിൽ എന്റെ സഹപാഠിയായിരുന്നു. അവർ വളരെ വേഗത്തിൽ ലണ്ടനിൽ പോയി ജോലി നേടി. എന്നെകൊണ്ടുപോകാൻ ശ്രമിക്കുന്നതും, സഹായിക്കുന്നതും രേണുകയാണ്. ഞങ്ങൾ ഒരുമിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്നു.

വളരെ ചേർച്ചയുള്ള രണ്ടുപേർ. അമ്മ അവരെ രണ്ടുപേരെയും ദേവിയുടെ മുമ്പിൽ വെച്ച് അനുഗ്രഹിച്ചു.

വീട്ടിൽ വന്നപ്പോൾ മകൻ പറഞ്ഞു. ഞാനും രേണുകയും അമ്മയെക്കുറിച്ചു സംസാരിച്ചിരുന്നു. അമ്മക്ക് തീർച്ചയായും ഒരു തുണ വേണം എന്ന് തന്നെയാണ് ഞങ്ങൾ രണ്ടുപേരുടെയും തീരുമാനം. പരസ്പരം അറിയുന്ന രണ്ടുപേരായാൽ, ഈ കാലത്തു രണ്ടുപേർക്കും താങ്ങും തണലുമായി മുന്നോട്ടു പോകാം. രണ്ടിടത്തു ആരും സഹായമില്ലാതെ കഴിയേണ്ട കാര്യമില്ലല്ലോ. അദ്ദേഹവുമായി ഞാൻ ഇടയ്ക്കിടെ സംസാരിക്കാറുണ്ടായിരുന്നു. അങ്കിൾ എന്ന് ഞാൻ വിളിക്കുമ്പോൾ അപ്പുറത്തു നിറയുന്ന ഒരു അച്ഛന്റെ വാത്സല്യം ഞാൻ തിരിച്ചറിയുന്നുണ്ട്.

എനിക്കും രേണുകക്കും ഈ ബന്ധം ഇഷ്ടമാണ്. അമ്മയുടെ അല്ലാതെ മറ്റാരുടെയും അനുവാദം എനിക്കിതിന് ആവശ്യമില്ല. അമ്മയെ ഒറ്റക്കാക്കിപ്പോകാൻ ഞങ്ങൾക്ക് ഇഷ്ടവുമല്ല.

ഞാൻ അമ്മയുടെ നമ്പർ അദ്ദേഹത്തിന് കൊടുത്തിട്ടുണ്ട്, അദ്ദേഹം വിളിക്കും, സംസാരിക്കണം.

ഫോണിലെ നമ്പർ കണ്ടപ്പോൾ തന്നെ അമ്മക്ക് ആരാണെന്നു പിടികിട്ടി. അവരുടെ ഹൃദയം വളരെ വേഗത്തിൽ മിടിക്കാൻ തുടങ്ങി. ഹലോ എന്ന് അവർ പറഞ്ഞപ്പോൾ, വർഷങ്ങളായി അവർ കേൾക്കാൻ കൊതിച്ച ഒരു സഹാനുഭൂതി അവരുടെ കാതുകളിൽ “ദേവൂ, എന്നെ വെറുക്കരുത്” എന്ന ക്ഷമാപണത്തോടെ തുടങ്ങി. അമ്മയുടെയും അദ്ദേഹത്തിന്റെയും കണ്ണുകൾ നിറഞ്ഞൊഴുകി.

ജീവിതത്തിൽ എവിടെയോ നഷ്‌ടമായ ഒരാളെ എനിക്ക് തിരിച്ചുകിട്ടി ദേവൂ എന്ന് പറഞ്ഞു അദ്ദേഹം ഫോൺ വെച്ചു.

മകന്റെയും രേണുകയുടെയും വിവാഹത്തിന് അദ്ദേഹവുമുണ്ടായിരുന്നു. അച്ഛന്റെ അനുഗ്രഹം വാങ്ങാൻ അദ്ദേഹത്തിന്റെ കാലുകൾ തൊട്ടു വന്ദിക്കാൻ മകൻ മറന്നില്ല.

രണ്ടാഴ്ച കഴിഞ്ഞു മകനും രേണുവിനും ഒന്നിച്ചു ലണ്ടനിലേക്ക് മടങ്ങണം.

അവർ പോകുന്നതിന്റെ തലേന്ന് അമ്മയെയും അദ്ദേഹത്തെയും കൂട്ടി അവർ രണ്ടുപേരും രജിസ്റ്റർ ഓഫീസിലേക്ക് പോയി. ഔദ്യോഗികമായി തന്നെ അവരുടെ വിവാഹം നടത്തി.

വീട്ടിൽ തിരിച്ചെത്തിയപ്പോൾ അമ്മയെ കെട്ടിപ്പിടിച്ചു രേണുക പറഞ്ഞു, ഇത്രയും നല്ല മകനെ എനിക്ക് തന്ന അമ്മയോട് ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു.

അമ്മയും അദ്ദേഹവും ചേർന്ന് നിന്ന് പറഞ്ഞു, ഞങ്ങൾക്ക് പുതിയ ജീവിതം തന്ന നിങ്ങൾ പുതിയ തലമുറയോടാണ് ഞങ്ങൾ കടപ്പെട്ടിരിക്കുന്നത്.

കാവല്ലൂർ മുരളീധരൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments