Sunday, November 24, 2024
Homeകഥ/കവിതകണ്ണുനീർ പുഴ (കഥ) ✍ശ്യാമള ഹരിദാസ്

കണ്ണുനീർ പുഴ (കഥ) ✍ശ്യാമള ഹരിദാസ്

ശ്യാമള ഹരിദാസ്

ചെമ്മൺ പാതയിൽ കൂടി അല്പദൂരം പോയാൽ “ലക്ഷ്‌മി വിലാസം ” എന്ന എട്ടുകെട്ട് കാണാം. വിശാലമായ തെങ്ങിൻ തോപ്പും അതിനിടയിൽ പ്രകൃതിയ്ക്ക് ഭംഗിയേകാനെന്നവണ്ണം പുഞ്ചിരി പൊഴിച്ചുകൊണ്ടു നിൽക്കുന്ന കവുങ്ങുകളും നടുക്ക് കരിങ്കൽ പടവുകളോടുകൂടിയ വിശാലമായൊരു കുളവും ഉണ്ട്.

വീട്ടിലേക്ക് വരുന്ന നടവഴിയുടെ ഇരുവശത്തും തണലും തണുപ്പുമേകി തൂവെള്ള നിറത്തിൽ പുഞ്ചിരി പൊഴിച്ചുകൊണ്ട് നിൽക്കുന്ന പാരിജാത മരങ്ങൾ. കാറ്റിൽ ഉതിർന്നു വീഴുന്ന പൂക്കൾ പരവതാനി വിരിച്ചപോലെ സുഗന്ധം പരത്തിക്കൊണ്ട്‌ വഴിയെ അലങ്കരിച്ചിരിക്കുന്നു.

പ്രകൃതി സൗന്ദര്യത്തിന്റെ സൗരഭ്യം വിതറുന്ന ആ വീട്ടിലെ കാരണവരാണ് കേശവൻ നായർ. പ്രായം എൺപത് കഴിഞ്ഞെങ്കിലും നാല്പതുകാരന്റെ ചുറുചുറുക്കോടെ ആയിരുന്നു അയാൾ കാര്യങ്ങൾ നടത്തി പോന്നത്. അദ്ദേഹത്തിന്റെ പത്നിയാണ് മാലതിയമ്മ. ഏക മകൾ ലക്ഷ്മിയും ഭർത്താവും ജോലി സ്ഥലത്താണ്. അവരുടെ മകൾ ശാരു മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമാണ്
താമസം.

കേണൽ കൃഷ്ണമേനോന്റെയും വനിത പൈലറ്റ് ആയ ലക്ഷ്മിയുടേയും അരുമ സന്താനമാണ് ശാരു. ചെമ്പകപ്പൂവിന്റെ നിറവും കരിംകൂവളപൂപോലുള്ള
കണ്ണുകളും കാമദേവനെ പോലും വെല്ലുന്ന പുരികക്കൊടി കളും, എള്ളിൻ പൂ പോലുള്ള മൂക്കും, തൊണ്ടിപ്പഴത്തിനൊത്ത കവിൾത്തടങ്ങളും അവളുടെ സൗന്ദര്യനു മാറ്റുകൂട്ടി.

പുലരിയെ കുളിരണിയിച്ചു കൊണ്ട് പ്രഭാതം പൊട്ടിവിടർന്നു. കിഴക്കൻ മലയിൽ നിന്നും കുളിർ കാറ്റ് ഒഴുകിയെത്തി. കിളികൾ ആനന്ദതിമർ പ്പോടെ പാട്ടുപാടി. ജനലഴികളിൽ കൂടി പ്രഭാത സൂര്യൻ അവരുടെ കവിളിണകളെ തൊട്ടുരുമ്മി. അവർ കണ്ണു തിരുമ്മി കോട്ടുവായിട്ട് എഴുന്നേറ്റു അടുക്കളയിലേക്ക് നടന്നു.

കേശവൻ നായർക്കും ശാരുവിനുമുള്ള ബെഡ് കോഫിയുമായി മാലതിയമ്മ മുകളിലെത്തി. കേശവൻ നായർക്കുള്ള കോഫി കൊടുത്ത് നേരെ ശാരുവിന്റെ മുറി
ലക്ഷ്യമാക്കി നടന്നു. കോഫി മേശപ്പുറത്തു വെച്ച ശേഷം ആ മൃദു കവിളിൽ ചുംബിച്ചു.

നിഷ്കളങ്കമായ ആ മുഖത്തു നോക്കി അവർ ഒരു നിമിഷം ചിന്തിച്ചു. അച്ഛനമ്മമാരുടെ അഭാവം ആ മനസ്സിനെ എത്രമാത്രം വേദനിപ്പിക്കുന്നുണ്ടാകും. എന്നാലും അവൾ ഒന്നും പുറമെ കാണിക്കില്ല. പാവം കുട്ടി.

മാലതിയമ്മ ശാരുവിനെ വിളിച്ചുണർത്തി. സമയം എട്ടു കഴിഞ്ഞു. ഇന്ന് കോളേജിൽ പ്രോഗ്രാം ഉള്ളതാണ്. വരാൻ അല്പം താമസിക്കും. മുത്തശ്ശിയോടായി പറഞ്ഞ് അവൾ അതിവേഗം പുറപ്പെട്ടിറങ്ങി. കൂട്ടുകാരി ശാലിയും അവൾക്കൊപ്പമെത്തി.
ഒരു പൂത്തുമ്പിയെ പോലെ പാറിപറന്നു നടക്കുന്ന അവളെ കണ്ണിമയ്ക്കാതെ ആ മുത്തശ്ശി നോക്കിനിന്നു.

ശാരു പഠിപ്പിലും കലയിലും മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. കൂടാതെ അവൾ നല്ലൊരു ഗായികയും എല്ലാവരുടേയും ആരാധനാ കഥാപാത്രവും ആയിരുന്നു. പ്രായത്തിൽ കവിഞ്ഞ പക്വതയും തന്റെടവുമുള്ള അവൾ ആ കോളേജിന്റെ തന്നെ അഭിമാനമായിരുന്നു.

കിഴക്കേ ദിക്കിൽ അരുണാഭ ചൊരിഞ്ഞു പൂക്കളെ പുഞ്ചിരിപ്പിച്ചു കൊണ്ട് ഉല്ലാസഭരിതയായി വന്നണയുന്ന സന്ധ്യ. ഉമ്മറത്തെ ചാരുകസേരയിൽ പടിക്കലേയ്ക്ക് കണ്ണും നട്ടിരിക്കുകയാണ് കേശവൻ നായർ. തൊട്ടുതന്നെ വേവലാതിയോടെ മാലതിയമ്മയും നിൽപ്പുണ്ട്. അവർ ഉൾക്കണ്ഠാകുലരായി.

ആർത്തലച്ചു പെയ്യുന്ന മഴ. പടിഞ്ഞാറൻ കാറ്റ് ചടപട ശബ്ദത്തോടെ ആഞ്ഞുവീശിക്കൊണ്ടിരുന്നു. മരച്ചില്ലകൾ ഉത്സാഹവതികളായി ആനന്ദ നൃത്തം ചെയ്യുന്നു.

നേരമേറെ കഴിഞ്ഞിട്ടും ശാരുവിനെ കാണാതെ ആ ദമ്പതികളുടെ മനസ്സിൽ ഭയത്തിന്റെ നാമ്പുകൾ പൊട്ടിമുളച്ചു. വിഷാദത്തിന്റെ നീർച്ചുഴിയിൽ പെട്ടുലയുന്ന അവരെ ആശ്വസിപ്പിക്കാനെന്നവണ്ണം കുയിലുകൾ മധുരമായി പാടി.

മഴ ഒട്ടൊന്നു ശമിച്ചപ്പോൾ ശാരുവും ശാലിയും കോളേജിൽ നിന്നുമിറങ്ങി. ശാരുവിന്റെ മനോമുകുരത്തിൽ മുത്തശ്ശന്റെയും മുത്തശ്ശിയുടേയും മുഖം മിന്നിമറഞ്ഞു. നേരമേറെ ആയിട്ടും തന്നെ കാണാതെ വിഷമിച്ചിരിക്കയാകും അവർ. നടത്തത്തിന്നവൾ വേഗത കൂട്ടി.

നെറ്റിയിലേക്ക് ഉർന്നുവീണ കുറുനിരകൾ ഇളം കാറ്റിൽ അവളുടെ നെറ്റിയെ ചുംബിച്ചു കൊണ്ടിരുന്നു. സുന്ദരമായ പട്ടുപാവാട കാറ്റിൽ പാറിക്കളിച്ചു. ഒരു പൊട്ടുപോലെ ഒഴുകി ഒഴുകിയവൾ വീട്ടു പടിക്കൽ എത്തി.

പടികടന്നു വരുന്ന അവളെ കണ്ട ദമ്പതികൾ പിടഞ്ഞെഴുന്നേറ്റ് അവളെ വരവേൽക്കാനെന്നവണ്ണം പടിക്കലേയ്ക്ക് നടന്നു.

പരിഭ്രമത്തിന്റെ തിരകളിൽ ഊളിയിട്ട അവരുടെ മുഖം കണ്ട് അവളിൽ ഒരു കുസൃതി ചിരി പൊട്ടി വിടർന്നു. അവൾ ഓടിച്ചെന്ന് അവരെ കെട്ടിപ്പിടിച്ചു ചുംബനങ്ങൾ കൊണ്ട് മൂടി. ആ വൃദ്ധ നയനങ്ങളിൽ ആനന്ദക്കണ്ണുനീർ തുളുമ്പി നിന്നു.

എന്തുകൊണ്ടോ അന്നു രാത്രിയിൽ ഉറങ്ങാൻ കിടന്ന മാലതിയമ്മക്ക് നേരമേറെ കഴിഞ്ഞിട്ടും ഉറക്കം വന്നില്ല. അവർ തിരിഞ്ഞും മറിഞ്ഞും കിടന്നു. കണ്ണൊന്നടച്ചാൽ ലക്ഷ്മിയുടെ രൂപം തെളിയുന്നു. ആ മാതൃഹൃദയം അകാരണമായ ഭീതി കൊണ്ടു വിറച്ചു. ഒരുപിടി ഓർമ്മകൾ ആ മനസ്സിലേക്ക് ഓടിയെത്തി. തന്റെ എല്ലാമെല്ലാമായ പൊന്നുമോളെ കുറിച്ചുള്ള മധുരസ്മരണകളായിരുന്നു അതെല്ലാം.

രാത്രി വിടചൊല്ലി പുലരിയെ സ്വീകരിക്കാൻ തയ്യാറെടുക്കുന്നു. കിളികളുടെ നാദവും പുഴകളുടെ സംഗീതവും കേട്ട് ലക്ഷ്മി ഉണർന്നു. പതിവിന് വിപരീതമായി വളരെ നേരത്തെ തന്നെ അവൾ കൃഷ്ണമേനോനെ ഫോണിൽ ബന്ധപ്പെട്ടു.

ഗാഢനിദ്രയിലേക്ക് വഴുതി വീണ അയാൾ ഫോണിന്റെ റിംഗ് കേട്ട് തട്ടിപ്പിടഞ്ഞെഴുന്നേറ്റു. ലക്ഷ്‌മിയാണല്ലോ? എന്തേ അവൾ പതിവില്ലാതെ ഈ നേരത്ത്?. അയാൾ വേഗം ഫോൺ അറ്റൻഡ് ചെയ്തു. ഒരുപാട് നേരം കളിതമാശകൾ പറഞ്ഞ ശേഷം അവർ ഫോൺ വെച്ചു.

കാലചക്രം അതിന്റെ പ്രക്രിയകൾ തുടർന്നു കൊണ്ടേ ഇരുന്നു. ദിനങ്ങൾ കാലത്തിന് വഴിമാറി കൊടുത്തു. സമയം മദ്ധ്യാഹ്നത്തോട് അടുക്കുന്നു. കള്ള കർക്കിടകത്തിലെ തോരാത്ത മഴ ഇടവിട്ട് പെയ്തുകൊണ്ടിരിക്കുന്നു. കാറ്റും കോളും നിറഞ്ഞ അന്തരീക്ഷം. പ്രകൃതി ദുരന്ത സംഭവത്തിനു സാക്ഷ്യം വഹിക്കുകയാണോ എന്ന് തോന്നുമാറ് ലക്ഷ്മി പറപ്പിച്ചിരുന്ന എയർഇന്ത്യയുടെ വിമാനം ആകാശത്ത് ചാഞ്ചാടിക്കൊണ്ടിരുന്നു. തന്റെ നിയന്ത്രണം തെറ്റുകയാണോ?.

ലക്ഷ്മിയുടെ മനസ്സിൽ ഭീതിയുടെ കരിനിഴൽ ആഞ്ഞുവീശി. പ്രകൃതിയുടെ ആ ക്രൂര താണ്ഡവത്തിൽ വലിയൊരലർച്ചയോടെ ആ വിമാനം കടലമ്മയുടെ മടിത്തട്ടിലേക്ക് ആഞ്ഞു പതിച്ചു.

മരണത്തെ മുഖാമുഖം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന ലക്ഷ്മിയെ എയർഇന്ത്യ യുടെ സൈനികവിമാനം മുങ്ങൽ വിദഗ്ദന്മാരുടെ സഹായത്തോടെ കണ്ടെത്തുകയും ഉടൻ തന്നെ നല്ലൊരു ഹോസ്പിറ്റലിൽ എത്തിക്കുകയും വിദഗ്ദ ചികിത്സക്കുള്ള
ഏർപ്പാടുകൾ ചെയ്യുകയും ചെയ്തു.

കനലുകോരുന്ന ജീവിത പാതയിൽ ഒരു ജഡം കണക്കെ അവൾ കിടന്നു. കൃഷ്ണമേനോൻ തന്റെ ജോലി രാജിവെച്ച് ലക്ഷ്മിയുടെ കൂടെ തന്നെ ഇരുന്നു. അയാളുടെ വിതുമ്പുന്ന ചുണ്ടും നിറഞ്ഞൊഴുകുന്ന കണ്ണുകളും കാണികളിൽ സഹതാപമുണർത്തി.

ലക്ഷ്മിയുടെ ഈ ദയനീയാവസ്ഥയെ പറ്റി ആദ്യമൊന്നും നാട്ടിൽ അറിയിച്ചില്ല. അറിയുമ്പോൾ അവിടെ ഉണ്ടാകാൻ പോകുന്ന കോലാഹലം കേണലിന് അറിയാമായിരുന്നു.

ഒരു ഇമപോലും അനക്കാൻ കഴിയാതെ വെറും കോമസ്റ്റേജിൽ കിടക്കുന്ന പ്രിയപ്പെട്ടവളെ കാണുമ്പോൾ ആ ഹൃദയം നിശബ്ദമായി തേങ്ങിക്കൊണ്ടിരുന്നു.
തന്റെ ലക്ഷ്മി എല്ലാം സുഖപ്പെട്ടു ജീവിതത്തിലേക്ക് തിരിച്ചുവരും എന്നുതന്നെ അയാൾ വ്യാമോഹിച്ചു.

ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നു. ലക്ഷ്മിയിൽ ഒരു പ്രതികരണവും കാണുന്നില്ല. ഇനി കാത്തിരുന്നിട്ട് കാര്യമില്ല. എത്രയും വേഗം നാട്ടിൽ വിവരം അറിയിക്കണം. കരഞ്ഞു കരഞ്ഞ് അയാളുടെ കണ്ണുനീർ വറ്റി. അയാളുടെ മുഖം വിളറി വെളുത്തു. അയാൾ നാട്ടിലേയ്ക്ക് വിവരമറിയിച്ചു.

നാട്ടിൽ ലക്ഷ്മിയുടെ സ്ഥിതിഗതികൾ കേട്ടറിഞ്ഞ ഹൃദ്രോഗിയായ മാലതി അമ്മ തളർന്നു വീണു. ആ വീഴ്ചയിൽ നിന്ന് പിന്നീടൊരിക്കലും ഉണരാത്തവിധം ആ മാതാവ് മകൾക്കു മുൻപേ ഈ ലോകം വിട്ടു.

ലോകത്തെ നടുക്കിയ ആ സംഭവം കണ്ട് അവിടെ ഒരു കൂട്ടകരച്ചിലായിരുന്നു. ഒരു ഭാഗത്ത് ബോധം കെട്ടുകിടക്കുന്ന ശാരു, മറുഭാഗത്ത് പിച്ചും പേയും പറഞ്ഞു നെഞ്ചത്തടിച്ചു കരയുന്ന കേശവൻ നായർ. ആ രംഗം കണ്ടു നിന്നവർ ആ രംഗം കാണാനാവാതെ ദൂരെ മാറി നിന്ന് കണ്ണീരൊപ്പി.

വീശിയടിച്ച കാറ്റിൽ സന്തോഷം അലയടിച്ചു കൊണ്ടിരുന്ന ആ വീട്ടിലെ ദീപനാളങ്ങൾ അണഞ്ഞു. ഒരു പൂമ്പാറ്റയെ പോലെ പാറി നടന്നിരുന്ന ശാരു ഇപ്പോൾ ചിറകൊടിഞ്ഞ പക്ഷിയെ പോലെയായി തീർന്നു.

ലക്ഷ്മിയുടെ ചികിത്സക്കായി ഒരു ഭീമൻ തുക ചിലവാക്കിയിട്ടും അവളിൽ യാതൊരു വ്യത്യാസവും കാണുന്നില്ല. വൈദ്യ ശാസ്ത്രം പോലും അവൾക്കു മുന്നിൽ തോറ്റുപോയി.

ഇനി എന്ത് എന്ന ചിന്തയുമായി നിസ്സഹായനായ കേണൽ ലക്ഷ്മിയേയും കൊണ്ട് നാട്ടിലേയ്ക്ക് പോകാനുള്ള ഏർപ്പാടുകൾ ചെയ്തു. അവരെ സ്വീകരിക്കാനായി ഒരു വൻജനാവലി തന്നെ കാത്തു നിന്നിരുന്നു.

ജനസമുദ്രങ്ങളുടെ അകമ്പടിയോടെ വരുന്ന അമ്മയുടെ നിശ്ചല ശരീരം കാണാനാകാതെ ആ മകൾ ദിഗന്ധം പൊട്ടുമാറ് അലറിക്കരഞ്ഞു. ആ കരച്ചിൽ കേട്ട് ആ മാതൃ ഹൃദയം ത്രസിച്ചു. ആ മിഴികൾ മെല്ലെ ഒന്ന് ചലിച്ചുവോ?. ആ ചുണ്ടുകൾ ഒന്ന് വിതുമ്പിയോ?. എല്ലാ മുഖങ്ങളിലും ആകാംക്ഷ മൊട്ടിട്ടു. ഒരേ ഒരു നിമിഷം ആ കണ്ണുകൾ എന്നന്നേക്കുമായി അടഞ്ഞു. ഭൂമിയിൽ ഒരായിരം മോഹങ്ങളും, സ്വപ്നങ്ങളും ബാക്കി വെച്ച് അവൾ പറന്നകന്നു.

ബോഡി എടുക്കാനുള്ള സമയമായെന്ന് ആരോ പറയുന്നത് കേട്ട് കേണൽ മോളേയും താങ്ങിപിടിച്ച് ആ മൃതദേഹത്തിന്നടുക്കലെത്തി. ആ ശരീരത്തിൽ വീണു പൊട്ടി പൊട്ടി കരഞ്ഞു. പിന്നീട് മിണ്ടാട്ടമില്ല. അയാളെ പിടിച്ചെഴുന്നേൽപ്പിക്കാൻ പോയവർ നടുങ്ങിത്തരിച്ചു. ആ ശരീരം ഭാര്യയോടൊപ്പം കൂടുവിട്ടു പോയിരുന്നു.

ചടങ്ങുകൾക്കു ശേഷം ബോധം നഷ്ടപ്പെട്ട ശാരുവിനേയും, മുത്തശ്ശനേയും ആരെല്ലാമോ ആസ്പത്രിയിലാക്കി. മൂന്നാം ദിവസം ബോധം തിരിച്ചു കിട്ടിയ അവർ വീട്ടിലേക്ക് തിരിച്ചു.

വിരസമായ ജീവിതം തള്ളി നീക്കവേ ഒരു പ്രഭാതത്തിൽ അച്ഛന്റെ ബന്ധുക്കൾ അവളെ കാണാനെന്ന ഭാവത്തിൽ വീട്ടിൽ വന്നു. സഹതാപവാക്കുകൾ ഒരു ശരമായ് തൊടുത്തു വിട്ടു. ഒടുവിൽ അവർ കുറേ പേപ്പറുകൾ പുറത്തെടുത്ത് നയത്തിൽ അവളെ കൊണ്ട് അതിലെല്ലാം ഒപ്പിടുവിച്ചു. സ്വത്തെല്ലാം കൈക്കലാക്കി.

എല്ലാം മനസ്സിലായെങ്കിലും നിരാശയുടെ പടുകുഴിയിൽ വീണ് നീറികൊണ്ടിരിക്കുന്ന അവൾ എതിർപ്പൊന്നും പറയാതെ അവൾ പറഞ്ഞത് അനുസരിച്ചു.

ഇരുട്ടിന്റെ ഏകാന്തതയിൽ ആ ഹൃദയം തേങ്ങിക്കൊണ്ടിരുന്നു.
സുഖസമ്പന്നതയുടെ മുകൾ തട്ടിൽ ജീവിച്ച തനിക്കെന്തേ ഇങ്ങനെ ഒരു ദുർവിധി വന്നു. ചിന്തിച്ചു ചിന്തിച്ച് ഉറക്കം വരാതെ അവൾ തിരിഞ്ഞും മറഞ്ഞും കിടന്നു. താനിന്ന് അനാഥയാണ്. ഏകാന്തത അസ്വസ്ഥത യുടെ കരിനിഴലാണ്. സ്വന്തബന്ധുക്കളില്ലാത്ത ഈ ജീവിതം എങ്ങിനെ മുന്നോട്ട് നയിക്കും.

അന്തവും ആദിയുമില്ലാത്ത ഈ ജീവിതത്തിൽ കണ്ണുനീരല്ലാതെ ബാക്കി എന്തുണ്ട്?. ഈ ജീവിതം ഇനി ആർക്കു വേണ്ടി. ഇനി താൻ ജീവിച്ചാൽ അതിന്റെ പരിണാമഫലം വളരെ വലുതായിരിക്കും. അവൾ ഒരു ഉറച്ച തീരുമാനം എടുത്തു.

ആൾ സഞ്ചാരം നിലച്ച സമയം അവൾ മുത്തശ്ശനേയും താങ്ങി ലക്ഷ്യമില്ലാതെ നടന്നു. കാലുകൾ തളരുന്നു. പകൽ ഇരുട്ടിന് വഴിമാറി കൊടുത്തു. എങ്ങും കൂരിരുട്ട്. മിന്നാമിനുങ്ങിന്റെ നറുവെട്ടം അവർക്ക് വഴികാട്ടിയായി.

അങ്ങകലെ കടൽ കരയെ പുൽകുന്നത് അവൾ കണ്ടു. കടലമ്മ തന്നെ മാടി വിളിക്കുന്നതായി അവൾക്കു തോന്നി. കടലിനെ ലക്ഷ്യമാക്കി അവൾ മെല്ലെ നടന്നു. മണൽ വിരിച്ച കടപ്പുറത്ത് മുത്തശ്ശനെ മടിയിൽ കിടത്തി മിന്നിതിളങ്ങുന്ന നക്ഷത്രങ്ങളെ നോക്കി കടൽക്കാറ്റ് ആസ്വദിച്ചു കൊണ്ട് അവൾ അല്പനേരം ഇരുന്നു.

ആ നക്ഷത്രങ്ങൾ തങ്ങളെ നോക്കി പുഞ്ചിരിക്കുന്നതായി അവൾക്കു തോന്നി. തന്റെ അച്ഛനും അമ്മയും തന്നെനോക്കി പുഞ്ചിരിക്കുകയാണെന്ന് അവൾക്കു തോന്നി. തനിക്ക് എത്രയും വേഗം അവരുടെ സമീപത്ത് എത്തണം.

ഒന്നുമറിയാതെ തന്റെ മടിയിൽ കിടക്കുന്ന മുത്തശ്ശന്റെ നെറുകയിൽ അവൾ ചുംബിച്ചു. ഉള്ളാലെ അവൾ മുത്തശ്ശനോട്‌ മാപ്പപേക്ഷിച്ചു. പിന്നെ അച്ഛനേയും, അമ്മയേയും, മുത്തശ്ശിയേയും പ്രാർത്ഥിച്ച് അലറി കുതിച്ചു വരുന്ന തിരമാലയിലേയ്ക്ക് എടുത്തുചാടി. കടലമ്മ അവരെ സ്വീകരിച്ചു.

പിറ്റേന്ന് കാലത്ത്‌ കടലിൽ മീൻ പിടിക്കാൻ വന്ന മുക്കുവർ രണ്ട് അജ്ഞാത ശവശരീരങ്ങൾ ആ കടപ്പുറത്ത് അടിഞ്ഞു കിടക്കുന്നതായി കണ്ടു.
ലോകം ഞെട്ടി വിറയ്ക്കുന്ന ആ കാഴ്ച കണ്ട് കടലോരം ഒരു കണ്ണുനീർ പുഴയായി.

ശ്യാമള ഹരിദാസ്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments