വയനാട്— വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 151 ആയി ഉയർന്നു. 211 പേർ കാണാതായവരുടെ പട്ടികയിലുണ്ട്. കേരളത്തെ ബാധിച്ച ഏറ്റവും വലിയ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട ദുരന്തമാണിത്. നിരവധി കുടുംബങ്ങൾ ഒറ്റപ്പെടുകയും, 191 ലധികം പേർ ആശുപത്രിയിലുമാണ്.
വൻ രക്ഷാദൗത്യം കഴിഞ്ഞ ദിവസം രാത്രി വൈകിയും തുടർന്നിരുന്നു. ഇനിയും കണ്ടെത്താനിരിക്കുന്നവരിൽ തേയില, കാപ്പി തോട്ടങ്ങളിലെ തൊഴിലാളികളും അവരുടെ കുടുംബങ്ങളും ഉൾപ്പെടുന്നു. ദുരന്തമുണ്ടായപ്പോൾ തങ്ങളുടെ കോട്ടേജുകളിൽ ഉറങ്ങുകയായിരുന്ന പശ്ചിമ ബംഗാളിൽ നിന്നും അസമിൽ നിന്നുമുള്ള കുടിയേറ്റ തൊഴിലാളികളെയും കാണാതായവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വയനാട്ടിലെ ദുരന്ത മേഖലയിൽ നിന്നും എയര്ലിഫ്റ്റ് ചെയ്ത ആറുപേരെ കൊണ്ടോട്ടി മേഴ്സി ആശുപത്രിയിൽ എത്തിച്ചു. സുഹൈൽ (24 വയസ്സ്), ജംഷിദ് (35 വയസ്സ്) എന്നിവരെ പ്രാഥമിക ശുശ്രൂഷക്ക് ശേഷം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. മാധവൻ (57) ചുരുൾ മല റാണി (47), മാധവൻ ഷെട്ടി (74) എന്നിവരെ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. എയർ ലിഫ്റ്റ് ചെയ്ത ആറാമത്തെയാളെ ബന്ധുവിനൊപ്പം വിട്ടു.