ടെഹ്രാൻ: ഹമാസ് തലവൻ ഇസ്മയിൽ ഹനിയെ (62) കൊല്ലപ്പെട്ടു. ഇറാൻ തലസ്ഥാനമായ ടെഹ്രാനിലെ വസതിക്ക് നേരെയുണ്ടായ ആക്രമണത്തിലാണ് സംഭവം. ഹനിയെയുടെ ഒരു അംഗ രക്ഷകനും കൊല്ലപ്പെട്ടു.
1987ൽ ഹമാസിനൊപ്പം കൂടിയ ഇസ്മയിൽ ഹനിയെ ഖാലിദ് മിഷാലിൻ്റെ പിൻഗാമിയായാണ് ഹമാസിൻ്റെ തലപ്പത്തേക്ക് എത്തുന്നത്. ഹമാസ് സ്ഥാപകനും ആത്മീയ നേതാവുമായ ഷെയ്ഖ് അഹമ്മദ് യാസിനുമായുള്ള ഹനിയെയുടെ അടുത്ത ബന്ധം സംഘടനയിൽ പടിപടിയായുള്ള ഉയർച്ചയ്ക്ക് ഇടയാക്കി. 2017ലാണ് ഹമാസ് പോളിറ്റ് ബ്യൂറോയിലേക്ക് ഹനിയെ തെരഞ്ഞെടുക്കപ്പെട്ടത്.
2019ൽ ഗാസ വിട്ട ഹനിയെ വിദേശരാജ്യങ്ങളായ, പ്രത്യേകിച്ച് തുർക്കി, ഖത്തർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിച്ചു വരികയായിരുന്നു. ഇസ്രായേൽ – ഹമാസ് യുദ്ധത്തിനിടെ നയതന്ത്ര ബന്ധം ശക്തിപ്പെടുത്താനായി ഇറാനിലും തുർക്കിയിലും ഹനിയെ എത്തിയിരുന്നു. ഏപ്രിൽ 10ന് ഇസ്രായേൽ ആക്രമണത്തിൽ ഹനിയെയുടെ മൂന്നു മക്കളായ ഹസിം, അമിർ, മുഹമ്മദ് എന്നിവരും നാല് കൊച്ചുമക്കളും കൊല്ലപ്പെട്ടിരുന്നു. ഇവർ കാറിൽ സഞ്ചരിക്കവെയാണ് ആക്രമണം ഉണ്ടായത്.
വഞ്ചനാപരമായ സയണിസ്റ്റ് ആക്രമണത്തിലാണ് ഇസ്മയിൽ ഹനിയെ കൊല്ലപ്പെട്ടതെന്ന് ഹമാസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ആരോപിച്ചു. ആക്രമണത്തിൽ അന്വേഷണം നടക്കുകയാണെന്നും ഹമാസ് അറിയിച്ചു. സംഭവത്തിൽ ഇസ്രായേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാൻ്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാനായി ടെഹ്രാനിൽ എത്തിയതായിരുന്നു ഇസ്മയിൽ ഹനിയെ. ചൊവ്വാഴ്ച നടന്ന ചടങ്ങിന് ശേഷം ഇന്ന് പുലർച്ചെയാണ് ആക്രമണം നടന്നത്.
ഇറാൻ റെവല്യൂഷനറി ഗാർഡും ഹനിയെയുടെ മരണം സ്ഥിരീകരിച്ചു.സംഭവത്തിൽ ഇസ്രായേൽ മൗനം പാലിക്കുകയാണ്. സംഭവത്തിൽ പ്രതികരണം നടത്തരുതെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ക്യാബിനെറ്റിന് നിർദേശം നൽകിയതായി റിപ്പോർട്ടുണ്ട്. എന്നാൽ ഇത് ലംഘിച്ച് ഹെറിറ്റേജ് മന്ത്രിയായ അമിചൈ എലിയഹു എക്സിൽ സന്തോഷം പങ്കുവെച്ചു.
കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ഇസ്മയിൽ ഹനിയെ വധിക്കുമെന്നും ഹമാസിനെ ഉന്മൂലനം ചെയ്യുമെന്നും ഇസ്രായേൽ പ്രഖ്യാപിച്ചിരുന്നു. ഹമാസിൻ്റെ ആക്രമണത്തിൽ ഇസ്രായേലിൽ 1,195 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ ഏറെയും സാധാരണക്കാരാണ്. ഇതിന് തിരിച്ചടിയായി, ഇസ്രായേൽ ഹമാസിൻ്റെ കേന്ദ്രമായ ഗാസയിൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 39,400 ഓളമാണ്. ഏറെയും സാധാരണക്കാരാണെന്ന് ഹമാസ് നേതൃത്വം നൽകുന്ന ഗാസയിലെ ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.