Thursday, September 19, 2024
Homeകേരളംസംസ്ഥാനത്തു കോൺഗ്രസിൽ ആശയക്കുഴപ്പങ്ങൾ ഇല്ല: എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി

സംസ്ഥാനത്തു കോൺഗ്രസിൽ ആശയക്കുഴപ്പങ്ങൾ ഇല്ല: എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി

തിരുവനന്തപുരം: സംസ്ഥാനത്തെ കോൺഗ്രസിൽ ആശയക്കുഴപ്പങ്ങൾ ഇല്ലയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. ഒരുമിച്ചാണ് പല തീരുമാനങ്ങളും എടുക്കുന്നതെന്നും വി ഡി സതീശൻ ഏകപക്ഷീയമായി തീരുമാനം എടുക്കുന്ന ആളല്ലന്നും അദ്ദേഹം വ്യക്തമാക്കി. സുധാകരനും വി ഡി സതീശനും പാർട്ടിക്ക് ഒരുപാട് സംഭാവനകൾ നൽകിയ ആളുകളാണെന്നും അദ്ദേഹം പറഞ്ഞു.തദ്ദേശ തിരഞ്ഞെടുപ്പ് ഒരുമിച്ച് നേരിടുമെന്നും പാർട്ടിക്കകത്ത് ഒരു ആശയക്കുഴപ്പവുമില്ലെന്നും അദ്ദേഹം അറിയിച്ചു.

തെറ്റായ വാർത്തകൾ ചിലർ പ്രചരിപ്പിക്കുന്നതാണെന്നും ചെറിയ കാര്യങ്ങൾ പർവതീകരിക്കുന്നവർക്ക് എതിരെ മുഖംനോക്കാതെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഒത്തിരി കാര്യങ്ങൾ ചെയ്യുമ്പോൾ ചെറിയ വീഴ്ചകൾ ഉണ്ടാകും അത് പർവതീകരിക്കണ്ട അവശ്യമില്ല. ചെറിയ കാര്യങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നാവർക്ക് എതിരെ നടപടി ഉണ്ടാകുമെന്നും കെസി വേണുഗോപാൽ പറഞ്ഞു.

വയനാട് ക്യാമ്പ് എക്‌സിക്യൂട്ടീവിന് പിന്നാലെ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമായിരുന്നു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിലുള്ള തര്‍ക്കം മുറുകുകയായിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന അടിയന്തര കെപിസിസി ഭാരവാഹി യോഗത്തില്‍ വി ഡി സതീശനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. വി ഡി സതീശന്‍ സൂപ്പർ പ്രസിഡന്‍റ് ചമയുകയാണെന്നും സമാന്തര സംഘടനാ പ്രവർത്തനം നടത്തുന്നു മെന്നുമുള്ള ആരോപണങ്ങളായിരുന്നു ഉയർന്നത്.

വി ഡി സതീശനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ സ്ഥിരീകരിക്കുന്ന നിലയിലാണ് പിന്നീട് കെ സുധാകരനും പ്രതികരിച്ചത്. അധികാരത്തില്‍ കൈകടത്തിയാല്‍ നിയന്ത്രിക്കാൻ അറിയാമെന്ന് കെ സുധാകരന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. പേര് പരാമർശിക്കാതെയാണ് സുധാകരന്‍ രംഗത്തെത്തിയതെങ്കിലും ഇത് വി ഡി സതീശനെതിരായ ഒളിയമ്പായിരുന്നു. ഇതിന് മറുപടിയുമായി പ്രതിപക്ഷ നേതാവും രംഗത്തെത്തിയതോടെ തര്‍ക്കം കൂടുതല്‍ പരസ്യമായി.

താന്‍ വിമര്‍ശനത്തിന് വിധേയനാണെന്നും തിരുത്തുമെന്നുമാണ് വി ഡി സതീശന്‍ പ്രതികരിച്ചത്. കെപിസിസി യോഗത്തിലേക്ക് വിളിക്കാത്തതില്‍ വി ഡി സതീശന് കടുത്ത അതൃപ്തിയുണ്ട്. യോഗത്തിലെ വിമര്‍ശനങ്ങള്‍ ഏകപക്ഷീയമെന്നാണ് ആക്ഷേപം. ഇതിനിടെ തിരുവനന്തപുരം ഡിസിസി ക്യാമ്പ് എക്സിക്യൂട്ടീവില്‍ നിന്നും വിഡി സതീശന്‍ വിട്ടു നില്‍ക്കുകയും ചെയ്തു. ഇന്ന് ചേരുന്ന കോട്ടയം ജില്ലയുടെ മിഷന്‍ പരിപാടിയിലും വി ഡി സതീശന്‍ പങ്കെടുത്തേക്കില്ല. ഇതോടെ തദ്ദേശ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള മിഷന്‍ 2025 ല്‍ നിന്നും വി ഡി സതീശന്‍ പൂർണ്ണമായും വിട്ടുനിന്നേക്കും.

നേരത്തെ വയനാട് ക്യാമ്പ് എക്സിക്യൂട്ടീവിൽ കെ സുധാകരനെതിരെ വി ഡി സതീശന്‍ കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കെപിസിസി ഭാരവാഹി യോഗത്തില്‍ വി ഡി സതീശനെതിരെ വിമര്‍ശനം. ഇരുവരും തമ്മിലുള്ള ഭിന്നത മൂര്‍ച്ചിച്ച സാഹചര്യത്തില്‍ പ്രശ്ന പരിഹാരത്തിന് മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടേക്കുമെന്നാണ് സൂചന. സതീശന്‍ സംഘടനാ കാര്യങ്ങളില്‍ ഇടപെടുന്നുവന്ന പരാതി ചര്‍ച്ച ചെയ്യാന്‍ കെപിസിസി ഭാരവാഹികളുടെ യോഗം വിളിച്ചതില്‍ വി ഡി സതീശന്‍ ക്യാമ്പിലും അതൃപ്തിയുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments