വീണ്ടും ജനിച്ചു വളർന്ന നാട്ടിലേയ്ക്ക്, ബന്ധുക്കളേയും നല്ലവരായ നാട്ടുകാരെയും ഒരിക്കൽക്കൂടി കാണാൻ കഴിയുമെന്നതിലുപരി, ജന്മനാട്ടിൻ്റെ പച്ചപ്പും ആ മനോഹാരിതയും അവിടത്തെ ശുദ്ധവായുവും വീണ്ടും ആവോളം ആസ്വദിക്കാൻ കഴിയുമല്ലോ എന്നോർത്തപ്പോൾ എത്രയും പെട്ടെന്ന് പിറന്ന നാട്ടിലെത്തിച്ചേരാനുള്ള ആവേശം അലതല്ലി, ഒപ്പം കുറെയേറെ നിറമുള്ള ഒർമ്മകൾ മനസ്സിലേയ്ക്ക് ഓടിയെത്തി. ബാല്യത്തിൽ കൂട്ടുകാരുമായി കളിച്ചുല്ലസിച്ചു നടന്നിരുന്നത്, പത്താം ക്ലാസ്സിൽ റാങ്കു കിട്ടിയപ്പോൾ നാട്ടുകാർ നടത്തിയ സന്തോഷപ്രകടനങ്ങൾ, ഒത്തിരി ഒത്തിരി ആഹ്ളാദനിമിഷങ്ങൾ.. ഉത്സവം, കല്യാണം, എവിടെയും എനിക്കൊരു സ്ഥാനമുണ്ടായിരുന്നു, എല്ലാ വീടുകളിലും പൂർണ സ്വാതന്ത്ര്യം. അവർക്കെല്ലാം ഞാൻ കൂടപ്പിറപ്പോ, മകനോ ഒക്കെയായിരുന്നല്ലോ! കൂടപ്പിറപ്പ്… എനിക്കും ഒരു കൂടപ്പിറപ്പ് ഉണ്ട്. അവനും ഈ നാടിൻ്റെ ഒരു ഭാഗമാണ്.
അധ്യാപക ദമ്പതികളായ അച്ഛനും അമ്മയ്ക്കും ഞങ്ങൾ രണ്ടാൺ മക്കൾ. എന്നെപ്പോലെ പഠിക്കാൻ അത്ര മിടുക്കനായിരുന്നില്ല അനിയൻ. എങ്കിലും സ്പോർട്ട്സിലും മറ്റും അവൻ മിടുക്കനായിരുന്നു. ഒത്തിരി ട്രോഫികൾ അവൻ്റെ പേരിൽ ഞങ്ങളുടെ വീടിൻ്റെ അലമാരയിൽ ഇരിപ്പുണ്ട്. എനിക്കും സ്പോർട്ട്സിലൊക്കെ താല്പര്യമുണ്ടായിരുന്നെങ്കിലും അതിനൊന്നും കഴിവില്ലായിരുന്നു. കുറച്ചുനേരം എന്തെങ്കിലും ചെയ്താൽത്തന്നെ വല്ലാതെ കിതയ്ക്കും. നല്ലതായിട്ട് വിയർക്കും. ഇക്കാരണത്താൽ നാട്ടിലെ മോഹനൻ വൈദ്യരുടെ കഷായം ഒത്തിരി കുടിക്കേണ്ടി വന്നിട്ടുണ്ട്. എങ്കിലും താല്പര്യവിഷയമായ ഇക്കണോമിക്സിൽ നല്ല മാർക്കോടെ ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും എടുത്ത്, കോളേജ് അധ്യാപകനാകുന്നതും സ്വപ്നം കണ്ട്, കഴിയുകയായിരുന്നു, എന്നിട്ടുമതി ലക്ഷ്മിയുടെ കഴുത്തിൽ താലികെട്ടുന്നതെന്ന് തീരുമാനമെടുത്തിരുന്നു.
ങാ, ലക്ഷ്മി, അവൾ, എൻ്റെ കളിക്കൂട്ടുകാരി, അയൽക്കാരി, ബന്ധത്തിലുള്ള ഒരമ്മാവൻ്റെ മകൾ, എനിക്കു വേണ്ടി പറഞ്ഞുറപ്പിച്ചിരുന്ന പെണ്ണ്. എൻ്റെ സ്വപ്നങ്ങളിലെ രാജകമാരി. എന്നിട്ടും അവളെ ഞാൻ നിഷ്കരുണം ഉപേക്ഷിക്കുകയായിരുന്നല്ലോ ! അതും എൻ്റെ ലക്ഷ്മിയോടുള്ള സ്നേഹക്കൂടുതൽ കൊണ്ടു മാത്രം
ഞാനും ലക്ഷ്മിയുമായുള്ള അടുപ്പം അറിയാത്തവർ നാട്ടിലാരുമില്ല. കല്യാണം കഴിഞ്ഞിരുന്നില്ലെങ്കിലും ഞങ്ങളെ ഭാര്യാ ഭർത്താക്കന്മാരായി എല്ലാവരും അംഗീകരിച്ചിരുന്നു. എന്താവശ്യത്തിനും അവളെ ഞാൻ ബൈക്കിൽ കയറ്റിക്കൊണ്ടു പോകണം. എനിക്കും അത് ഏറെ സന്തോഷകരമായിരുന്നു. ഇങ്ങനെയൊക്കെ ആയിട്ടും വിധി ഞങ്ങളെ പിരിച്ചു.
ഒരു ദിവസം ഞാൻ ബൈക്കിൽ യാത്ര ചെയ്തുകൊണ്ടിരുന്നപ്പോൾ പെട്ടെന്ന് ഒരു പാരവശ്യം വന്നു. ഭാഗ്യത്തിന് ബൈക്ക് സ്റ്റാൻ്റിട്ടുനിറുത്തി. വളരെ നേരം ഹാൻ്റിൽ തല വച്ച് മയങ്ങിക്കിടന്നു. ബോധം വന്നയുടൻ ഡോക്ടറെ കാണുകയായിരുന്നു. ടെസ്റ്റുകൾക്കു ശേഷം ഹൃദയത്തിനാണ് തകരാർ എന്ന് കണ്ടു പിടിച്ചു. വളരെ വൈകിപ്പോയി, ഇനി ഓപ്പറേഷൻ നടത്തിയാലും രക്ഷപ്പെടില്ലെന്ന് ഡോക്ടർ വിധി എഴുതി. യാതൊരു കാരണവശാലും വിവാഹത്തെക്കുറിച്ച് ചിന്തിക്കരുതെന്നും നന്നായി സൂക്ഷിച്ചാൽ, ഒരു രണ്ടു വർഷം വരെ ജീവിച്ചിരിക്കാമെന്നും ഡോക്ടർ പറഞ്ഞപ്പോൾ ഞാൻ ഞെട്ടി, മരവിച്ചു നില്ക്കുകയായിരുന്നു. അപ്പോൾ എൻ്റെ ജീവൻ്റെ പ്രതീക്ഷയെക്കാളുപരി ലക്ഷ്മിയുടെ മുഖമായിരുന്നു മനസ്സിൽ.
അന്നൊരു തീരുമാനമെടുത്തു. എൻ്റെ അസുഖത്തെപ്പറ്റി ആരോടും പറയണ്ട. ഇത് ലക്ഷ്മി അറിഞ്ഞാൽ അവൾ തകർന്നു പോകും അവൾ വേറൊരു ജീവിതത്തെപ്പറ്റി ആലോചിക്കില്ല. എനിക്കൊപ്പം അവളുടെ ജീവിതവും ഹോമിക്കപ്പെടും. അപ്പോഴാണ് വീണ്ടും ദൈവത്തിൻ്റെ കളി! കോളേജിൽ അസി.പ്രൊഫസറുടെ അപ്പോയ്ൻമെൻ്റ് ഓർഡർ. ഞാൻ അതിൻ്റെ ഇൻ്റർവ്യൂ കഴിഞ്ഞു നില്ക്കുകയായിരുന്നെങ്കിലും പ്രതീക്ഷയില്ലായിരുന്നു. വീട്ടുകാർക്ക് സന്തോഷം, അതിലേറെ നാട്ടുകാർക്ക്. ലക്ഷ്മിയുടെ അച്ഛൻ, ബാല (കൃഷ്ണ)മാമൻ അച്ഛനെ കാണാൻ വന്നു. രാഹുലിന് ജോലിയൊക്കെ ശരിയായ സ്ഥിതിക്ക് ഇനി കുട്ടികളുടെ കാര്യം നീട്ടിക്കൊണ്ടു പോകണോ എന്ന് അദ്ദേഹം ചോദിച്ചപ്പോൾ എത്രയും പെട്ടെന്ന് നടത്താമെന്ന് അച്ഛനും മറുപടി കൊടുത്തു. അപ്പോൾ ഞാനങ്ങോട്ട് ചെന്ന്, എനിക്കീ കല്യാണത്തിന് താല്പര്യമില്ലാ എന്നു പറഞ്ഞപ്പോൾ, ബാലമാമയോടൊപ്പം അച്ഛനും ഞെട്ടിത്തകർന്നിരിക്കുന്നതു കണ്ടു.
തുടരും…