പേര് കേട്ട തറവാട്, നാല് കെട്ടും നടു മുറ്റവുമുള്ള മരപ്പണികളും കൊത്തുപണികളുമുള്ള പഴയ തറവാട്, കിഴക്കേ മുറ്റത്ത് വലിയ തുളസിത്തറ, പടിഞ്ഞാറേ പറമ്പിൽ ഒരു സർപ്പക്കാവ് ,തെക്ക് വശം ഉരപ്പുരയിൽ നിറയെ നാളികേരം ,വടക്കേ മുറ്റത്ത് ഒരു തണ്ടിക ….. അതിൽ ഒരു അടുക്കള ….അത് പുറം പണിക്കാർക്ക് മാത്രമുള്ള വയ്പ്പ്പുര ….. നാല് കെട്ടിലെ അടുക്കളയിൽ പ്രവേശനം ജാനു വേടത്തിക്ക് മാത്രം. പണിക്കാർക്ക് സദാ സമയവും പണികളേൽപ്പിച്ച് തറവാട്ടമ്മ, ഏത് സമയവും പൊട്ടിച്ചിരികളും സംവാദങ്ങളും നിറഞ്ഞിരുന്ന നാല്കെട്ടിന്നകത്തളം, തൻ്റെ തറവാടിൻ്റെ പ്രൌഢമായ ഓർമ്മകളയവിറക്കി ദാമു ബോംബെയിലെ തൻ്റെ ഒറ്റ മുറി ഫ്ലാറ്റിലിരുന്ന് നെടുവീർപ്പിട്ടു .ഇന്ന് തറവാട് ക്ഷയിച്ചു, തെങ്ങിൻ പറമ്പുകൾ വിറ്റു, തറവാടിൻ്റെ പല ഭാഗങ്ങളും പൊളിഞ്ഞ് വീഴാറായി. അമ്മക്ക് കൂട്ട് ജാനുവേടത്തി മാത്രം. ജാനുവേടത്തിക്ക് പണിക്ക് കൂലി വേണ്ട, തല ചായ്ക്കാനൊരിടം അത്ര മാത്രം മതി. ആയ കാലം തറവാട്ടിൽ പണിത് കഷ്ടപ്പെട്ട് അച്ഛനില്ലാത്ത മക്കളെ വളർത്തി നല്ല നിലയിലെത്തിച്ചു ….. ഇന്ന് മക്കൾക്കും മരുമക്കൾക്കും ജാനു വേടത്തി കരിവേപ്പില: … മക്കളുടേയും മരുമക്കളുടേയും ശകാരത്തിൽ നിന്നും കുത്തുവാക്കുകളിൽ നിന്നുമുള്ള ഏക ആശ്രയമായിരുന്നു തറവാട്ടിലെ ഇപ്പോഴത്തെ ജോലിയും താമസവും ഭക്ഷണവും.
അത്യാവശ്യം വിദ്യാഭ്യാസം നേടിയത് കൊണ്ട് ദാമുവിന് ബോംബെയിൽ തരക്കേടില്ലാത്ത ജോലി നേടാനായി . ചെറിയ ഒരു മുറി ഫ്ലാറ്റ് വാങ്ങി, അമ്മയെ പലതവണ ബോംബെയിലേക്ക് വിളിച്ചെങ്കിലും വരാൻ കൂട്ടാക്കിയില്ല ……. അന്നും തിരക്ക് പിടിച്ചു ജോലി കഴിഞ്ഞ് ഫ്ലാറ്റിലെത്തി അന്ന് കിട്ടിയ മാസശമ്പളത്തിൽ നിന്ന് അമ്മക്ക് എല്ലാ മാസവും അയക്കാറുള്ള തുക, ഫ്ലാറ്റിൻ്റെ ലോണടവ്, കടയിലെ പറ്റ്, പാലിൻ്റെ പൈസ ഇവ മാറ്റി വച്ച ശേഷം ദാമു ഉറങ്ങാൻ കിടന്നു…… ഉറക്കത്തിലായിരുന്ന ദാമു മൊബൈലിൻ്റെ നിറുത്താതെയുള്ള ശബ്ദത്തിൽ ഞെട്ടിയെഴുന്നേറ്റു. നാട്ടിൽ നിന്ന് അമ്മയുടെ ഫോൺ,….. അങ്ങേത്തലയ്ക്കൽ മോനേ എന്നുള്ള അമ്മയുടെ ശബ്ദത്തിന് പകരം ജാനുവേടത്തിയുടെ ശബ്ദം, “മോനേ അമ്മയ്ക്ക് തീരെ വയ്യ, എത്രയും പെട്ടെന്നെത്തന്നേ “, ഇത്രയും പറഞ്ഞ് ഫോൺ കട്ടായി ….. ഏറ്റവും അടുത്ത ഫ്ലൈറ്റ് ടിക്കറ്റെടുത്ത് ദാമു നാട്ടിലെത്തിയെങ്കിലും വൈകിപ്പോയി. ഏക മകനായ ദാമു അമ്മയുടെ എല്ലാ കർമ്മങ്ങളും യഥാവിധി നടത്തി.
ലീവ് തീരാറായി ബോംബെയ്ക്ക് തിരിച്ച് പോകാൻ തയ്യാറാകുന്ന ദാമുവിന് ജാനുവേടത്തി പതിവ് പോലെ അച്ചാറും പലഹാരങ്ങളും കാച്ചെണ്ണയും തയ്യാറാക്കി . പാവം , അല്ലെങ്കിലും അവർ അങ്ങിനെയായിരുന്നു ,ദാമു ഓർത്തു ,….എന്നും തൻ്റെ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചിരുന്നത് ജാനു വേടത്തിയായിരുന്നു .അമ്മ എപ്പോഴും തിരക്കിലായിരുന്നു ,പുറം പണിക്കാർക്ക് നിർദ്ദേശങ്ങൾ നൽകിയും അച്ഛനുമായി സാഹിത്യ സംവാദനത്തിനെത്തുന്ന ആളുകൾക്ക് വിരുന്നൊരുക്കിയും മറ്റും. തന്നെ ഊട്ടിയതും ഉറക്കിയതും സ്കൂളിൽ കൊണ്ട് പോകുന്നതും പരീക്ഷയാകുമ്പോൾ തനിക്ക് വേണ്ടി വഴിപാടുകൾ നടത്തി പ്രാർത്ഥിക്കുന്നതും വയ്യാതാകുമ്പോൾ ഒരമ്മയുടെ വാത്സല്യത്തോടെ പരിചരിച്ചിരുന്നതും എല്ലാം ജാനുവേടത്തിയായിരുന്നു.
ബോംബെയ്ക്ക് പോകുന്നതിന് തലേന്ന് ജാനു വേടത്തിയോട് അവരുടെ സാധനങ്ങളെല്ലാം എടുത്ത് വക്കാൻ ദാമു ആവശ്യപ്പെട്ടു. നാളെ മുതൽ തറവാട് പൂട്ടിയിടുകയായതിനാൽ പുറംപണിക്കാരൻ നാണപ്പനെ വീട് നോക്കാൻ ഏൽപ്പിക്കുകയാണെന്നും കൂടി പറഞ്ഞപ്പോൾ ജാനുവേടത്തി ഞെട്ടി. താനിനി എങ്ങോട്ട് പോകും മക്കൾ തന്നെ എന്നേ ഉപേക്ഷിച്ചതാണല്ലോ, എന്നെങ്കിലും തനിക്ക് ഈ തറവാടിൻ്റെ തണൽ നഷ്ടപ്പെടുമെന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചതല്ല. തറവാട് നോക്കി അവിടെത്തന്നെ താമസിക്കുവാൻ ദാമു തന്നെ അനുവദിക്കുമെന്ന് അവർ ആശിച്ചിരുന്നു. ഇനി ദാമുവിനോട് അപേക്ഷിക്കുവാൻ വയ്യ. ആർക്കും ബുദ്ധിമുട്ടാവാതെ ഏതെങ്കിലും ഒരു അമ്പലത്തിണ്ണയിൽ ചുരുണ്ട് കൂടാം, അമ്പലത്തിലെ പടച്ചോറും പ്രസാദവും ആഹാരമായും കിട്ടുമല്ലോ, ജാനുവേടത്തി ദീർഘനിശ്വാസം വിട്ടു.
ദാമുവിന് എയർപോർട്ടിലേക്ക് പോകാനായി പിറ്റേന്ന് കാറെത്തി ,ദാമു തറവാട് പൂട്ടി താക്കോൽ നാണപ്പനെ ഏൽപ്പിച്ചു.തൻ്റെ ലഗേജുകൾ ദാമു കാറിൻ്റെ ഡിക്കിയിൽ വച്ചു.
അത്രയും നാൾ തനിക്കാശ്രയമായിരുന്ന തറവാടിനെ ഒരു നീറ്റലോടെ ജാനു വേടത്തി തിരിഞ്ഞ് നോക്കി. കയ്യിൽ ഒരു ചെറിയ കവറിൽ രണ്ടു മൂന്നു ജോഡി വേഷങ്ങളേ തനിക്കെടുക്കാനുണ്ടായിരുന്നുള്ളു. അതെല്ലാമടങ്ങിയ കവർ ജാനുവേടത്തി നെഞ്ചോട് ചേർത്ത് പിടിച്ച് ഗേറ്റിനെ ലക്ഷ്യമായി നടന്നു. ദാമുവിനോട് യാത്ര ചോദിക്കാനുള്ള മനോധൈര്യം അവർക്കുണ്ടായിരുന്നില്ല. വെറുതെ പൊട്ടിക്കരഞ്ഞ് ആരേയും വിഷമിപ്പിക്കേണ്ടതില്ലല്ലോ. തിരിഞ്ഞ് നോക്കാതെ നടന്ന ജാനുവേടത്തിയെ തടഞ്ഞ് നിർത്തി കയ്യിലെ കവർ വാങ്ങി ദാമു അവരെ കാറിൽ കയറ്റി .തന്നെ തൻ്റെ വീട്ടിലിറക്കുമ്പോൾ മക്കൾ ദാമുവിൻ്റെ മുന്നിൽ വച്ച് ഇറക്കിവിട്ടാലുള്ള അവസ്ഥയോർത്ത് അവർ വിഷണ്ണയായി. കാർ കുറേ ദൂരമോടി എയർപോർട്ടിന് മുന്നിലെത്തിയത് അവരറിഞ്ഞില്ല , ദാമു തൻ്റെ ലഗേജുകൾ കാറിൽ നിന്നിറക്കി, ജാനുവേടത്തിയോടിറങ്ങാൻ പറഞ്ഞു, ,അവർ തൻ്റെ കവർ നെഞ്ചോട് ചേർത്ത് കാറിൽ നിന്നിറങ്ങി. ഡ്രൈവർക്ക് ടാക്സിക്കൂലി കൊടുത്ത ശേഷം അന്തിച്ച് നിൽക്കുന്ന ജാനുവേടത്തിയുടെ കൈപിടിച്ച് ഡൊമസ്റ്റിക് നിഗമന കവാടത്തിലേക്ക് ദാമു നീങ്ങി. പകച്ച് നോക്കിയ അവരോട് “വരൂ അമ്മേ ” എന്ന് പറഞ്ഞ് ചേർത്ത് പിടിച്ചു. ജാനു വേടത്തിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി .ആർക്കും വേണ്ടാത്ത ഭാഗ്യം കെട്ടവളെന്ന് കരുതിയ തനിക്ക് കിട്ടിയ സുകൃതത്തിൽ അവർ ഈശ്വരനോട് നന്ദി പറഞ്ഞു.