Friday, October 18, 2024
Homeകഥ/കവിതകൊഴിഞ്ഞൊരു പൂവ്. (കഥ) ✍ബെന്നി സെബാസ്ററ്യന്‍, ഇടുക്കി

കൊഴിഞ്ഞൊരു പൂവ്. (കഥ) ✍ബെന്നി സെബാസ്ററ്യന്‍, ഇടുക്കി

ബെന്നി സെബാസ്ററ്യന്‍, ഇടുക്കി

വെറുതെ അലസമായി ചാരുകസേരയില്‍ കാലും നീട്ടി കണ്ണടച്ച് കിടക്കാനയാള്‍ക്ക് എന്നും ഇഷ്ടമായിരുന്നു.

ആ ഏകാന്ത നിമിഷങ്ങളിലെല്ലാമയാള്‍ ഒരിയ്ക്കലും നടക്കില്ലെന്നുറപ്പുള്ള കാര്യങ്ങള്‍ നടന്നതായും. ലഭിയ്ക്കാനിടയില്ലാത്ത പലതും ലഭിച്ചതായും, സ്വപ്നം കാണും. അവനല്‍കുന്ന അല്‍പ്പമനഃസുഖത്തില്‍ മുങ്ങി കിനാവിന്‍റെ സാമ്രാജ്യങ്ങളിലൂടെ അശ്വമേധം നടത്താറുമുണ്ടായിരുന്നു.

അങ്ങിനെയൊരു അവധി ദിവസം അതിന്‍റെ ഭംഗി ആസ്വദിച്ച് പതിവ് ദിവാസ്വപ്നങ്ങളില്‍ മുഴുകി കിടക്കുമ്പോളാണ് ഫോണ്‍ബല്ലടിച്ചത്.

ആരാണീ രസം കൊല്ലിയെന്നഭാവത്തില്‍ ഫോണ്‍ കൈയ്യിലെടുത്തു.
അവള്‍ , വളരെക്കാലങ്ങള്‍ക്ക് ശേഷം,

പത്തോ പതിനൊന്നോ വര്‍ഷങ്ങളായി കണ്ടിട്ട്, അവളെ മറന്നു തുടങ്ങിയിരുന്നോ..?

ആ..അറിയില്ല ചിലപ്പോള്‍ കുറേ നാളോര്‍ക്കുകയേയില്ല. ചിലപ്പോള്‍ കാല്‍വിരലിലുണ്ടാകുന്ന വിരല്‍ ചുററുപോലാണ് പഴുത്ത് വേദനിപ്പിച്ച്, നീററി നീററി..
ചിലപ്പോള്‍ അഞ്ചോ ആറോ വര്‍ഷം കഴിയുമ്പോള്‍ ഒരു ഫോണ്‍ കോള്‍ ആദ്യ ചോദ്യം തന്നെ

നീ ജീവനോടുണ്ടോയെന്നാണ്..
കൂടിപ്പോയാലൊരു അഞ്ച് മിനിററ് പെട്ടന്ന് ധൃതിയില്‍ ഫോണ്‍ കട്ടും ചെയ്യും.

എനിയ്ക്ക് നിന്നയൊന്നു കാണണമല്ലോ .

സമയമായില്ലടോ ആകുമ്പോള്‍ പറയാം.

ഇനി നീയെന്നു വിളിയ്ക്കും.

അറിയില്ല ഒരിയ്ക്കല്‍,
അപ്പോഴത്തേയ്ക്കും ഞാന്‍ ചത്തു പോയാലോ ?

പോയാല്‍ പോകട്ട്..
ഇന്നെന്താണോ കോള്…

നീ ജീവനോടുണ്ടോ.?
ഉണ്ടേല്‍.?
നമുക്കൊന്നു കണ്ടാലോ..?
ചാഞ്ഞിരുന്ന കസേരയില്‍ നിന്നും പെട്ടന്ന് നിവര്‍ന്നിരുന്നു..

എന്ന് എവിടെ വച്ച്.?

പരവേശം പിടിയ്ക്കാതെടോ…

അടുത്ത ബുധന്‍ ഉച്ച കഴിഞ്ഞ് ഒരു രണ്ടു മണിയ്ക്കും അഞ്ചു മണിയ്ക്കും ഇടയില്‍.

എവിടെ .?
എന്നോട് ആദ്യമായി ഇഷ്ടമാണെന്നു പറഞ്ഞ വാകച്ചോടില്ലേ..നമ്മുടെ സ്ക്കുള്‍ മുററത്തെ അതിന്‍റെ ചുവട്ടിലായിക്കോട്ടെ എന്താ..?

മതി. അതുമതി നീതന്നെയല്ലേ വരുന്നത്..?

ആരേലും കൂടയുണ്ടേല്‍ ഇയാള്‍ക്ക് പേടിയുണ്ടോ..?

ഇല്ല അപ്പോ അടുത്ത ബുധന്‍ ഓക്കെ..?

ഫോണ്‍ കട്ടായി..
ഇനി ഏഴു ദിവസം. ദിവസങ്ങള്‍ കടന്നു പോകാനെന്തൊരു താമസം…മിനിററുകളും മണിക്കൂറുകളും ഇഴയുകയാണോ പോലും..ചൊവ്വാഴ്ച്ച വൈകിട്ട് തന്നെ ഡ്രസ്സ് തേച്ചുവച്ചു. മുടിയൊക്കെ ഡൈ ചെയ്തു.

മീശ വെട്ടിയൊരുക്കി ഭാര്യചോദിച്ചു

എന്താണ് ഒരിളക്കം ഇന്നേവരെ കാണാത്ത ചില തിടുക്കം ങേ..?

ഒന്നുമില്ല നാളെ ഉച്ചകഴിഞ്ഞൊരു സുഹൃത്തിനെ കാണാന്‍ പോകണം

അതാര് ഞാനറിയാത്തൊരു സുഹൃത്ത്?

എല്ലാവരേയും നീയറിയണമെന്നുണ്ടോ.?

ഇല്ലേ​..!!

ആ രാത്രി ഉറങ്ങിയില്ലെന്നു വേണം പറയാന്‍. എത്രയോ കാലത്തിനു ശേഷം അവളെക്കാണുകയാണ്. അവള്‍ക്ക് തടിവെച്ചിട്ടുണ്ടാകുമോ ?കഴുത്തിനു പിറകിലെ പനങ്കുല പോലത്തെ മുടി പഴയതുപോലുണ്ടാകുമോ? ചിരിയ്ക്കുമ്പോള്‍ പണ്ടത്തെപ്പോലെ കണ്ണുകളിറുക്കുമോ.?സംസാരിയ്ക്കുന്നതിനിടയില്‍ കൈവിരലുകളിലെ ഞൊട്ടവിടുമോ.?

ആരും കൂടെ ഇല്ലാതിരുന്നാല്‍ മതിയായിരുന്നു കുറേനേരമടുത്തിരുന്നു, സംസാരിയ്ക്കണം.പഴയ പലകഥകളും പറയണം .

തിരിച്ചു വിളിച്ചു ഒന്നു കൂടി കണ്‍ഫോം ചെയ്യാമെന്നുവച്ചാല്‍ തന്‍റെ നമ്പര്‍ ബ്ളോക്ക് ചെയ്തേക്കുകയായിരിയ്ക്കും.

​ഓഫീസില്‍ നിന്നും ഒരു മണിയ്ക്കേ ഇറങ്ങി. ഇപ്പോളേ പോകേണ്ട കാര്യമില്ല. രണ്ടു മണിയായപ്പോളെ സ്ക്കുള്‍ ഗ്രൗണ്ടിലെത്തി. മധ്യവേനലവധിയായതുകൊണ്ട് സ്ക്കുള്‍ പരിസരം വിജനം. സ്ക്കുള്‍ വരാന്തയില്‍ രണ്ടോ മൂന്നോ ആടുകള്‍ വിശ്രമിയ്ക്കുന്നുണ്ട്. ഒരു ആട്ടിന്‍ കുട്ടി മാത്രം വരാന്തയിലൂടെ അലഞ്ഞ് നടപ്പുണ്ട്.​

മൈതാനത്തെ പുല്ലിലൂടെ മെലിഞ്ഞ് എല്ലുന്തിയ പശു നഷ്ടപ്പെട്ടു പോയതെന്തോ ഉണങ്ങിയ പുല്ലിനിടയില്‍ തിരഞ്ഞ് നടപ്പുണ്ട്.

സ്ക്കൂള്‍ തുറക്കാനിനി വിരലിലെണ്ണാവുന്ന ദിവസങ്ങളേയുള്ളൂ. പൈപ്പിന്‍ ചോട്ടില്‍ വളര്‍ന്ന പുല്ലും കൂട്ടം ആരോ ഒരാള്‍ മെഷിന്‍വെച്ച് വൃത്തിയാക്കുന്നുണ്ട്.

അയാള്‍ വാകയുടെ ചുവട്ടിലെ കല്‍പ്പടവിലിരുന്നു. ചുവട്ടിലാകെ ചുവന്നപ്പൂക്കള്‍ കരിഞ്ഞു കിടക്കുന്നു.

പൂക്കാലം കഴിയാറായി. പൂക്കളൊന്നും ഒററനോട്ടത്തില്‍ കാണാനില്ല.സമയം പോകുന്നില്ല വാച്ചില്‍ നോക്കി രണ്ടര.. എപ്പോള്‍ വരുമോ..? ആവോ .. അവള്‍ക്ക് തിരിച്ചു പോകേണ്ടേ..? മണി മൂന്നായി നാലായി അയാള്‍ക്ക് അരിശം വന്നു തുടങ്ങി അവള്‍ പററിച്ചു.

കൈചുരുട്ടി കല്‍പ്പടിയിലിടിച്ചു നല്ലപോലെ വേദനിച്ചു. കൊണ്ടു വന്ന വെള്ളം തീര്‍ന്നു കുപ്പി അയാള്‍ തറയിലിട്ടു ചവിട്ടി ദൂരേയ്ക്ക് തൊഴിച്ചെറിഞ്ഞു.

പെട്ടന്നൊരു വണ്ടിയുടെ ഇരമ്പല്‍. തുറന്നു കിടന്ന ഗേററ് കടന്ന് ഒരു ചെറിയ ആംബുലന്‍സ്. അത് പതിയെ ഗ്രൗണ്ട് മുറിച്ച് അയാളുടെ അടുത്തേയ്ക്ക് വന്നു. വണ്ടി തിരിച്ച് പിറകുവശം അയാളുടെ നേരെയാക്കി എഞ്ചിനോഫ് ചെയ്തു. അയാള്‍ എന്താണ് സംഭവമെന്നറിയാതെ ഒന്നും മനസ്സിലാകാതെ നിന്നു.

ഇനിയവള്‍ വരില്ല പോകാമെന്നു കരുതി പോകാനായി തിരിഞ്ഞു. അപ്പോള്‍ ആംബുലന്‍സിന്‍റെ പിറകിലെ വാതില്‍ തുറന്നു രണ്ട് പേര്‍പുറത്തിറങ്ങി. ഒന്നവളുടെ ഭര്‍ത്താവാണെന്നു തോന്നുന്നു മറെറാന്നു മകനും. അവനടുത്തേയ്ക്ക് വന്നു.

അങ്കിളേ മമ്മിയകത്തുണ്ട് കേറിച്ചെല്ലാമോ..?​

ങേ എന്താ.?​

ജോയി അങ്കിളല്ലേ..?​
അതേ​
എന്നാ ചെല്ല്.

​അയാള്‍ ആംബുലന്‍സിന്‍റെ വാതിലില്‍ പിടിച്ചകത്തേയ്ക്ക് കയറി. ഒരു ഇളം നീല ഷീററ് പുതച്ചവള്‍.അതോ വേറെ ആരേലുമാണോ..?

നീളന്‍ പാവാടയുമിട്ട് മുടിപിന്നി മുന്‍പിലേയ്ക്കെടുത്തിട്ട് എപ്പോളും തറുതലയും പറഞ്ഞ് ചിരിച്ചു നടന്നവള്‍ അവളല്ലേ ഇത് ?

മുടിയൊക്കെ പറെറ വെട്ടി മൂക്കിലൂടെ ട്യൂബിട്ട് കിടക്കുന്ന ഇവളാരാണ്.​​?

എന്താണ് മിസ്ററര്‍ ഇന്ദുചുഢന്‍ സ്തംഭിച്ചു നില്‍ക്കുന്നത്?

ഇത് താങ്കളുടെ പഴയ ജനക പുത്രി സീത തന്നെടോ..?
അവിടിരിയ്ക്ക്..

എടീ അയാളുടെ തൊണ്ട വിറച്ചു ..

ഒന്നുമില്ലടോ ജോയി മാപ്പിളേ.. അഞ്ചെട്ടു വര്‍ഷം മുന്‍പ് പശുവിന് പുല്ലുമായി വരുമ്പോള്‍ ഒന്നു വീണതാ..നട്ടെല്ലു പോയി ഇപ്പോള്‍ മെഡിക്കല്‍ കോളേജില്‍ പോയിട്ടു വരുവാ.. ഡോക്ടര്‍ പറഞ്ഞത് ഇനി അധികം വണ്ടി ഓടില്ലെന്നാ, ഇനി മരുന്നൊന്നുമില്ല. കരള്‍ രോഗവുമുണ്ട്..

തന്നെ പണ്ട് സൂക്ഷിക്കാനേല്‍പ്പിച്ച എന്‍റെ കരളെങ്ങനാ ദിനേശാ ചത്തു പോയത്?

അയാള്‍ കൈനീട്ടി പുതപ്പിന് പുറത്തു കണ്ട അവളുടെ വിളര്‍ത്തു വിളറിയ കൈത്തലം കൈപ്പത്തിയിലൊതുക്കി. മെലിഞ്ഞ് അസ്ഥിമാത്രമായ വിരലുകള്‍ അവ ആകൃതി നഷ്ടപ്പെട്ട് വളഞ്ഞും
ചെരിഞ്ഞു മിരിയ്ക്കുന്നു

​​​എന്താ ഒന്നും മിണ്ടാത്ത് ഒന്നും പറയാനില്ലേ..?
അയാളുടെ കണ്‍പീലികളില്‍ തങ്ങി നിന്ന നീല സമുദ്രം കരകള്‍ ഭേദിച്ച് മണ്‍ചിറകള്‍ തകര്‍ത്ത് താഴേയ്ക്ക്.. താഴേയ്ക്ക് …

ഇതാ ഞാന്‍ ഇക്കാര്യം നേരത്തെ പറയാതിരുന്നത് കാണണമെന്നു പറഞ്ഞിട്ടും സമ്മതിയ്ക്കാതിരുന്നത്..

​ഈ തവണ ഡോക്ടര്‍ പറഞ്ഞു ഇനി ചെല്ലേണ്ടന്ന്
​ആ…ഇനിയൊരു യാത്രയില്ല പിള്ളേച്ചാ..
​കട്ടിലില്‍ തന്നെ.. അവന്‍ വരുന്നതു കാത്ത്…അങ്ങിനെ ..അങ്ങിനെ …

എന്നോട് ​ഒന്നും പറഞ്ഞില്ലല്ലോ? ഇതേവരെ..

​അയാളൊന്നും മിണ്ടിയില്ല.

​ പുറത്തെ പൂവാകയില്‍പ്പൂവുണ്ടോ..?

​ഇല്ല അതെല്ലാം കൊഴിഞ്ഞു തീര്‍ന്നു

അതയോ..? എനിയ്ക്ക് വേണ്ടി ഒരു പൂവു പോലുമില്ലേ..?

​മമ്മീ പോയാലോ നമ്മളു വീട്ടില്‍ ചെല്ലുമ്പോള്‍ സമയം കുറേ ആകും.

​എന്നാ ഞങ്ങള് പോകട്ടെ..?

​അയാള്‍ക്ക് ഒന്നും പറയാന്‍ പററുന്നില്ല. എന്തേലും മിണ്ടിപ്പോയാല്‍ അടക്കി മുറക്കിവെച്ചിരിയ്ക്കുന്ന സങ്കടം ഒരു അലമുറയായോ അലറിക്കരച്ചിലോയോ മാറിയേക്കാം.

​​ഇച്ചായാ എന്തേലും ഒന്നെന്നോട് മിണ്ടാമോ.?

​അയാളവളുടെ വിളറിയ വിരലില്‍ ചുണ്ടമര്‍ത്തി ഷര്‍ട്ടിന്‍റെ കൈയ്യുയര്‍ത്തി മുഖം തുടച്ചു പുറത്തേയ്ക്കിറങ്ങി .

അവളുടെ മോന്‍ വണ്ടിയുടെ വാതിലടച്ചു. അയാളകത്തേയ്ക്കു നോക്കി.

അവള്‍ കിടന്നു കൊണ്ട് തലയുയര്‍ത്തി പുറത്തേയ്ക്ക് അയാളേയും നോക്കി.

വാതിലടഞ്ഞു. വണ്ടി സ്ററാര്‍ട്ടായി. പതുക്കെ അത് ഗ്രൗണ്ട് മുറിച്ച് കടന്ന് റോഡിലേയ്ക്ക് കയറി ഇടതേയ്ക്ക് തിരിഞ്ഞു പോയി.

താഴെ മലയടിവാരത്തില്‍ നിന്നും ഒരു കാററുവീശി. മരത്തിന്‍റെ ഇലകള്‍ക്കിടയിലെവിടയോ ഒളിച്ചിരുന്ന ഒരു പൂവ് താഴേയ്ക്ക് വീണു. താഴെ വീണ അത് ഇതളടര്‍ന്ന് ചെറിയ കാററില്‍ ചിലിച്ചുകൊണ്ടിരുന്നു. വെറുതെ …വെറുതെ കാററിലിളകികൊണ്ടിരുന്നു.

അയാളോ പാടിക്കൊണ്ടിരിയ്ക്കെ, വരികള്‍ മറന്നു പോയൊരു പാട്ടു പോലെ, മങ്ങിപ്പോയൊരു കാഴ്ച്ചപോലെ, ചൂളം കുത്തുന്ന കാററില്‍ മരുഭൂമിയിലൊററപ്പെട്ടു പോയൊരു തുണ്ടു കടലാസു പോലെ..

ആ പൂവില്ലാ പൂമരച്ചോട്ടില്‍ ഏകനായി…!!

✍ബെന്നി സെബാസ്ററ്യന്‍, ഇടുക്കി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments