തൃശൂർ: സ്പെയർ പാട്സ് ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ ഒരു മരണം. പാലക്കാട് സ്വദേശി നിബിനാണ് തൃശൂർ മുളങ്കുന്നത്തുക്കാവിലെ ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ മരിച്ചത്. വെൽഡിങ് തൊഴിലാളിയാണ് നിബിൻ. ഗോഡൗൺ പൂർണമായി കത്തിനശിച്ച അവസ്ഥയിലാണ്.
ചൊവ്വാഴ്ച രത്രി എട്ടുമണിയോടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തം ഉണ്ടാകുമ്പോൾ ഗോഡൗണിൽ അഞ്ചുപേർ ഉണ്ടായിരുന്നു. തീപിടിത്തമുണ്ടായതോടെ നാലുപേർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. വെള്ളമെടുക്കാൻ മറ്റൊരു മുറിയിലേക്ക് പോയതിനാൽ നിബിൻ തീ പടർന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. തീ പടർന്നതോടെ ഇയാൾ ഉള്ളിൽ കുടുങ്ങിപ്പോകുകയായിരുന്നു. ശുചിമുറിയിൽ നിന്നാണ് നിബിൻ്റെ മൃതദേഹം കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്.
കോഴിക്കുന്ന് സ്വദേശികളായ സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള ഓട്ടോനിറ്റി എന്ന സ്ഥാപനത്തിലാണ് തീപിടിച്ചത്. തീ പടർന്നതോടെ നാട്ടുകാരാണ് ശ്രദ്ധിച്ചത്. തുടർന്ന് ഫയർഫോഴ്സിനെയും പോലീസിനെയും അറിയിക്കുകയായിരുന്നു. വടക്കാഞ്ചേരിയിൽ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘം ആദ്യം സ്ഥലത്തെത്തി. പിന്നാലെ കൂടുതൽ യൂണിറ്റുകൾ എത്തുകയായിരുന്നു.രാത്രി പത്തുമണിക്ക് ശേഷമാണ് തീ പൂർണമായും അണച്ചത്. തീ വ്യാപിക്കാതിരിക്കാനുള്ള ശ്രമമാണ് നടത്തിയത്. പ്രദേശത്ത് മഴ പെയ്തത് തീ വ്യാപിക്കുന്നത് തടയാൻ സഹായിച്ചു. വലിയ നാശനഷ്ടമാണ് ഉണ്ടായത്. നിരവധി തൊഴിലാളികൾ ജോലി ചെയ്യുന്ന ഗോഡൗൺ പൂർണമായും കത്തിനശിച്ചു.
ഒഴിഞ്ഞ ഒറ്റപ്പെട്ട പ്രദേശമായതിനാൽ വൻ അപകടം ഒഴിവായി. സ്ഥാപനം പൂർണമായി കത്തി നശിച്ചു. അഗ്നിബാധയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഗോഡൗണിൽ മതിയായ സുരക്ഷാ സംവിധാനങ്ങളും ഉണ്ടായിരുന്നില്ല.