ന്യൂഡൽഹി: നീറ്റ് പരീക്ഷാ വിവാദം അടക്കമുള്ള വിവിധ വിഷയങ്ങളിൽ മോദിക്കെതിരെയും ബിജെപിക്കെതിരെയും ആഞ്ഞടിച്ച് കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. രാജ്യസഭയിലായിരുന്നു ഭരണ-പ്രതിപക്ഷ കക്ഷികളുടെ പോരിന് ഇടയാക്കിയ ഖർഗെയുടെ പ്രസംഗം.
നെറ്റ്, നീറ്റ് എക്സാം വിവാദങ്ങളിൽ ബിജെപിക്കെതിരെ ഖർഗെ തുറന്നടിച്ചു. ‘നിരവധി ബിജെപി നേതാക്കളാണ് ക്രമക്കേടിൽ ആരോപണം നേരിട്ടത്. എന്നാൽ വിദ്യാഭ്യാസ മന്ത്രി ഇതിനെതിരെയെല്ലാം മൗനം പാലിച്ചു. പിന്നീട് പ്രതിപക്ഷം വിഷയം ഏറ്റെടുത്തപ്പോളാണ് മന്ത്രി ഉണരുന്നതും പ്രതികരിക്കൻ തയ്യാറായതും’; വിഷയത്തിൽ സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഖർഗെ പറഞ്ഞു.
വിവിധ വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഖാർഗെ വിമർശിച്ചു. പ്രതിപക്ഷം എപ്പോഴും സാധാരണക്കാരെക്കുറിച്ച് പറഞ്ഞു കൊണ്ടിരിക്കുമ്പോൾ പ്രധാനമന്ത്രി മൻ കി ബാത്തിൽ മാത്രമാണ് സംസാരിക്കുന്നത്. മണിപ്പൂർ ഒരു വർഷമായി കത്തിക്കൊണ്ടിരിക്കുന്നു, എന്നാൽ പ്രധാനമന്ത്രി അവിടെവരെ ഒന്ന് പോകാനെങ്കിലും തയ്യാറായോ?’; ഖർഗെ ചോദിച്ചു.
നേരത്തെ, ലോക്സഭാ നടപടികൾ ബഹിഷ്കരിച്ച് പാർലമെന്റിന് പുറത്ത് പ്രതിഷേധവുമായി ‘ഇൻഡ്യ’ സഖ്യം രംഗത്തെത്തിയിരുന്നു. കേന്ദ്ര ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം. ഇന്നത്തെ ലോക്സഭ നടപടികൾ ആരംഭിച്ചതും നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുകളിൽ പ്രതിപക്ഷം ചർച്ച ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ് നേതാക്കളായ കെ സി വേണുഗോപാൽ വിഷയത്തിൽ അടിയന്തരപ്രമേയ ചർച്ച ആവശ്യപ്പെട്ടപ്പോൾ മാണിക്കം ടാഗോർ സഭ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇവയ്ക്ക് അനുമതി ലഭിച്ചില്ല.