കളമശ്ശേരി: കൊച്ചി സർവകലാശാലയിൽ ജീവനക്കാരന് തെരുവുനായുടെ കടിയേറ്റതിനു പിന്നാലെ കാമ്പസിൽ രണ്ടിടത്ത് തെരുവുനായ്ക്കളെ ചത്തനിലയിൽ കണ്ടെത്തിയത് ആശങ്കയുയർത്തി.മൂന്നുദിവസം മുമ്പാണ് ജീവനക്കാരന് നായുടെ കടിയേറ്റത്. ഇതിനുപിന്നാലെയാണ് രണ്ടിടത്തായി നായ്ക്കളെ ചത്തനിലയിൽ കണ്ടത്.സംഭവമറിഞ്ഞ് നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ കാമ്പസിൽ പരിശോധനക്കെത്തിയെങ്കിലും നായ്ക്കളെ ആരോ മറവ് ചെയ്തിരുന്നു.
പോസ്റ്റ്മോർട്ടത്തിനാണ് ഉദ്യോഗസ്ഥർ കാമ്പസിലെത്തിയത്. മറവുചെയ്ത ഭാഗത്ത് തിരച്ചിൽ നടത്തിയെങ്കിലും മൂന്നുദിവസം പിന്നിട്ടതിനാൽ ദുർഗന്ധം ഉയർന്നതിനെത്തുടർന്ന് ദൗത്യം ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു.24 മണിക്കൂറിനകം പരിശോധിച്ചാലേ മരണകാരണം കണ്ടെത്താൻ കഴിയൂ.
സർവകലാശാല കാമ്പസിൽ തെരുവുനായ് ശല്യം രൂക്ഷമാണ്.ക്ലാസുകൾക്കും ഓഫിസുകൾക്കും മുന്നിൽ നായ്ക്കളെ കാണാം. ഇത് നിയന്ത്രിക്കാൻ നഗരസഭക്ക് പലവട്ടം കത്ത് നൽകിയിട്ടും പരിഹാരം ഉണ്ടായില്ലെന്ന് സർവകലാശാല അധികൃതർ പറയുന്നു.