കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ലഭിക്കാറുള്ള സാധാരണ ശിക്ഷയാണ് ജയില്‍ ശിക്ഷ. ചെയ്ത കുറ്റത്തിന്റെ സ്വഭാവവും ആഘാതവും മറ്റ് ഘടകങ്ങളും കണക്കിലെടുത്താണ് ജയില്‍ ശിക്ഷയുടെ കാലാവധി തീരുമാനിക്കപ്പെടുന്നത്. ഭാവിയില്‍ കുറ്റവാളികള്‍ക്ക് ദൈര്‍ഘ്യമേറിയ ജയില്‍ ശിക്ഷ ചിലപ്പോള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ അനുഭവിച്ച് തീര്‍ക്കാന്‍ സാധിച്ചേക്കും. നൂതനമായ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ.
തലച്ചോറില്‍ ഒരു പ്രത്യേക ഉപകരണം സ്ഥാപിക്കാന്‍ അനുവദിച്ചാല്‍ മതി. കുറ്റവാളികളുടെ മനസിനെ സ്വാധീനിക്കാനാവുന്ന സിന്തറ്റിക് മെമ്മറി അടങ്ങുന്ന ബ്രെയിന്‍ ഇംപ്ലാന്റ് ആയിരിക്കും ഇത്. വിആര്‍ ഹെഡ്‌സെറ്റുകള്‍ക്ക് സമാനമായ ഹെഡ്‌സെറ്റും ബ്രെയിന്‍ ചിപ്പും അടങ്ങുന്നതാണ് ആശയം. കുറ്റകൃത്യത്തിന് ഇരയായവരും അവരുടെ കുടുംബവും അനുഭവിക്കുന്ന കഷ്ടതകളും വേദനയും കുറ്റവാളിയുടെ തലച്ചോറില്‍ നിറയ്ക്കുകയാണ് ഈ ബ്രെയിന്‍ ഇപ്ലാന്റിന്റെ ചുമതല. എഐ നിര്‍മിത ഓര്‍മകളാവും ഇവ.
‘കൊഗ്നിഫൈ’ എന്നാണ് ഈ ആശയത്തിന് പേര് നല്‍കിയിരിക്കുന്നത്. കുറ്റവാളികളുടെ മാനസാന്തര പ്രക്രിയയും പുനരധിവാസവും അതേവേഗമാക്കാന്‍ ഈ സാങ്കേതിക വിദ്യയിലൂടെ സാധിക്കുമെന്ന് പ്രൊജക്ടിന് നേതൃത്വം നല്‍കുന്ന ബയോ ടെക്‌നോളജിസ്റ്റായ ഹാഷിം അല്‍-ഗൈലിയെ ഉദ്ധരിച്ച് ദി സണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
എഐ നിര്‍മിതമായ ഓര്‍മകള്‍ വളരെ പതിയെയാണ് കുറ്റവാളികളുടെ തലച്ചോറില്‍ കാണിക്കുക. വര്‍ഷങ്ങളെടുത്ത് അനുഭവിക്കുന്ന സുപ്രധാനമായ നിമിഷങ്ങള്‍ ഇതുവഴി നിമിഷങ്ങള്‍ക്കുള്ളില്‍ അനുഭവിക്കാന്‍ അവര്‍ക്ക് സാധിക്കും.
ചെയ്ത കുറ്റകൃത്യത്തിന് അനുസരിച്ചാവും സിന്തറ്റിക് ഓര്‍മകള്‍ നിര്‍മിക്കുക. തലച്ചോറിന്റെ വിശദമായ പരിശോധനകള്‍ക്ക് ശേഷമാവും കോഗ്നിഫൈ ഉപകരണങ്ങള്‍ സ്ഥാപിക്കുക. ഇത് ആ വ്യക്തിയുടെ തലച്ചോറിന്റെ ന്യൂറല്‍ നെറ്റ് വര്‍ക്കുകളുമായി ബന്ധം സ്ഥാപിക്കുകയും
ഉദാഹരണത്തിന് അതിക്രൂരമായ കൊലപാതകം നടത്തിയ ഒരു വ്യക്തിയുടെ തലച്ചോറില്‍ അയാള്‍ ചെയ്ത കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങള്‍ കാണിക്കും. ഇരയുടെ വീക്ഷണത്തിലുള്ള ദൃശ്യങ്ങളായിരിക്കും അത്. ആ കുറ്റകൃത്യത്തില്‍ ഇര അനുഭവിച്ച ഭയവും വേദനയുമെല്ലാം കുറ്റവാളിക്കും അനുഭവപ്പെടും. കുറ്റവാളികളില്‍, ഭയം, ആശങ്ക, സഹതാപം, കുറ്റബോധം എന്നിവ വളര്‍ത്തിയെടുക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
എന്തായാലും ഇത്തരം ഒരു ആശയം എത്രത്തോളം യാഥാര്‍ത്ഥ്യമാവുമെന്ന് കാത്തിരുന്ന് കാണാം. ഹാഷിം അല്‍-ഗൈലി ചില വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഈ ആശയത്തില്‍ സോഷ്യല്‍ മീഡിയയില്‍ പലരും ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.