തിരുവനന്തപുരം; പുനരുപയോഗിക്കാൻ കഴിയുന്ന റോക്കറ്റ് സാങ്കേതികവിദ്യയിൽ ഒരുചുവടുകൂടിവച്ച് ഐഎസ്ആർഒ. പതിറ്റാണ്ടിലേറെ നീണ്ട ഗവേഷണങ്ങൾക്കൊടുവിൽ വികസിപ്പിച്ച ആർഎൽവിയുടെ ലാൻഡിങ് പരീക്ഷണം വിജയം. കർണാടകത്തിലെ ചിത്രദുർഗ എയ്റോനോട്ടിക്കൽ ടെസ്‌റ്റ് റേഞ്ചിൽ ഞായർ രാവിലെ 7.10ന് ആർഎൽവി ലക്‌സ് -03 എന്ന പുഷ്‌പക് പറന്നിറങ്ങി.
നേരത്തെ വ്യോമസേനയുടെ ചിനുക്ക് ഹെലികോപ്റ്റർ പുഷ്പകുമായി നിശ്ചിത സ്ഥലത്തേക്ക് പറന്നുയർന്നു. ടെസ്‌റ്റ് റേഞ്ചിന് നാലര കിലോമീറ്റർ അകലെവച്ച് പുഷ്പക് വേർപെട്ടു. തുടർന്ന് സ്വയംനിയന്ത്രിത സംവിധാനങ്ങൾ പ്രവർത്തിപ്പിച്ച് റൺവേയിലേക്ക് കുതിച്ചു. മണിക്കൂറിൽ 320 കിലോമീറ്റർ വേഗത്തിലായിരുന്നു യാത്ര. റൺവേയിലേക്ക് എത്തിയപ്പോൾ വേഗനിയന്ത്രണ സംവിധാനങ്ങൾ സ്വയംപ്രവർത്തിച്ചു. മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽ നിശ്ചിത സമയത്ത് സുഗമമായ ലാൻഡിങ്. സെൻസറുകളും ബ്രേക്കിങ് സംവിധാനങ്ങളും കൃത്യമായി പ്രവർത്തിച്ചു.
ബഹിരാകാശദൗത്യങ്ങൾക്കുശേഷം മടങ്ങി എത്താൻ കഴിയുന്ന ടാക്‌സി റോക്കറ്റിന്റെ കുഞ്ഞൻപതിപ്പാണിത്. ഇനി ഓർബിറ്റൽ റീ എൻട്രി വെഹിക്കിൾ (ഒആർവി) പരീക്ഷിക്കും. തിരുവനന്തപുരം വിഎസ്എസ്‌സി തദ്ദേശീയമായാണ് ഈ സാങ്കേതിക വിദ്യയും വാഹനവും വികസിപ്പിച്ചത്. ആർഎൽവിയുടെ ഒന്നും രണ്ടും പരീക്ഷണം നേരത്തെ നടത്തിയിരുന്നു. ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ്, വിഎസ്‌സി ഡയറക്ടർ ഡോ. എസ് ഉണ്ണികൃഷ്ണൻനായർ, മിഷൻ ഡയറക്ടർ മുത്തുപാണ്ഡ്യൻ, വെഹിക്കിൾ ഡയറക്ടർ ബി കാർത്തിക് എന്നിവർ ചിത്രദുർഗയിൽ എത്തി.