തിരുവനന്തപുരം ; സത്യവാചകം ചൊല്ലി മന്ത്രിയായ ഉടൻ ഒ ആർ കേളു, വയനാട്ടുകാരുടെ കേളുവേട്ടൻ ആദ്യമെത്തിയത് വേദിക്കിപ്പുറം കാത്തുനിന്ന പ്രിയപ്പെട്ടവർക്കിടയിലേക്കാണ്. നാട്ടുകാർക്ക് കേളുവേട്ടൻ എത്ര പ്രിയപ്പെട്ടവനാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ചുരമിറങ്ങിയെത്തിയ നൂറുകണക്കിനാളുകൾ. മന്ത്രി എത്തിയതോടെ കേളുവേട്ടാ വിളികളോടെ എല്ലാവരും ചുറ്റുംകൂടി. തനിക്കുനേരെ നീണ്ട കരങ്ങൾ പിടിച്ച് ചിരിയോടെ അദ്ദേഹം അഭിനന്ദനമേറ്റുവാങ്ങി. ഒപ്പം നിന്നൊരു സെൽഫിയെടുക്കാനും തിരക്കേറി.
ഏറെ പ്രതീക്ഷയോടെയാണ് കേളുവേട്ടന്റെ സത്യപ്രതിജ്ഞ കഴിഞ്ഞ് മടങ്ങുന്നതെന്ന് വയനാട് തിരുനെല്ലിയിൽനിന്നെത്തിയ ഷീലയും ബിന്ദുവും പറഞ്ഞു. മാനന്തവാടി ലിറ്റിൽ ഫ്ലവർ സ്‌കൂളിലെ റിട്ട. പ്രിൻസിപ്പൽ സിസ്റ്റർ റോഷ്‌നയും മന്ത്രിയെ അഭിനന്ദിക്കാനെത്തി. ‘ഞങ്ങളുടെ സ്വന്തം ആളല്ലേ’ എന്നായിരുന്നു സിസ്റ്ററുടെ പ്രതികരണം. സ്‌കൂളിന്റെ ഓരോ ആവശ്യങ്ങൾക്കും ഓടിയെത്തുന്ന കേളുവേട്ടൻ തങ്ങൾക്ക് പ്രിയപ്പെട്ടവനെന്നും സിസ്റ്റർ പറഞ്ഞു.
ഫോട്ടോയെടുക്കുന്നതിനിടെ ഉദ്യോഗസ്ഥരെത്തി സെക്രട്ടറിയറ്റിലേക്ക് പോകാൻ സമയമായെന്ന് അറിയിച്ചു. സെക്രട്ടറിയറ്റ് നോർത്ത് ബ്ലോക്കിലെ ഓഫീസിലേക്ക് പോകാൻ 75–-ാം നമ്പർ സ്റ്റേറ്റ് കാറിൽ കയറുമ്പോഴും കൈപിടിക്കാനും സ്‌നേഹം കൈമാറാനും ആളുകൾ ചുറ്റും കൂടി. എല്ലാവരെയും ചേർത്തുപിടിച്ചും കൈവീശിയും മന്ത്രി ഒ ആർ കേളു ഔദ്യോഗിക തിരക്കുകളിലേക്ക്.