ആലപ്പുഴ; ചെങ്ങന്നൂർ പുലിയൂരിലെ സെൻട്രൽ ഹാച്ചറിയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഭോപാൽ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിലേക്ക് അയച്ച സാമ്പിളുകളുടെ പരിശോധനയിലാണ് സ്ഥിരീകരണം. ഞായറാഴ്ച വരെ 600 കോഴികളാണ് പുലിയൂരിൽ ചത്തത്. കോഴികൾ കൂടുതലായി ചത്തപ്പോൾ മുതൽ മുട്ട വിതരണവും മുട്ട വിരിയിക്കുന്നതും നിർത്തിവച്ചിരുന്നു.
പുലിയൂർ, മെയിൻ ഹാച്ചറികളിലായി കോഴികളും, അലങ്കാര കോഴികളും, കാടയുമടക്കം 12,000 വളർത്തുപക്ഷികളുണ്ട്. പരിശോധനാഫലം വന്നതോടെ ഹാച്ചറിയുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ വളർത്തുപക്ഷികളെ മുഴുവനായി നശിപ്പിക്കും. കോഴികൾ, കാടകൾ, തീറ്റ, വളം എന്നിവ നശിപ്പിക്കൂന്നതിലൂടെ ഹാച്ചറിയ്ക്ക് മാത്രം 51 ലക്ഷം രൂപയുടെ നഷ്‌ടം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഫലം അറിഞ്ഞതോടെ കലക്‌ടറുടെ നേതൃത്വത്തിൽ തിങ്കളാഴ്ച യോഗം ചേരും. ഇതിനുശേഷമായിരിക്കും കള്ളിങ്, അണുനശീകരണം എന്നിവയുണ്ടാവുക.
കഴിഞ്ഞ ഞായറാഴ്ചയാണ് ആദ്യമായി ഹാച്ചറിയിൽ കോഴികൾ ചത്തത്. ചൊവ്വാഴ്ചയോടെ നാലു കോഴികൾ ചത്തു. തുടർന്നാണ് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചത്. നിലവിൽ 11 ജീവനക്കാർ ലേബറർ ക്യാമ്പിലും ക്വാർട്ടേഴ്‌സിലുമായി ഹാച്ചറിയ്ക്കുള്ളിലുണ്ട്. അണുനശീകരണത്തിനും നിരീക്ഷണത്തിനും ശേഷമായിരിക്കും ഇവരെ പുറത്തേക്ക് പോകാൻ അനുവദിക്കുക. വരുംദിവസങ്ങളിൽ ജീവനക്കാരുടെ സാമ്പിളുകൾ ആരോഗ്യപ്രവർത്തകർ ശേഖരിക്കും.
“ഹാച്ചറിയിലെ എയർ സാമ്പിളുകളിലും അണുബാധ ഇല്ലെന്ന് സ്ഥിരീകരിച്ചശേഷം മാത്രമായിരിക്കും തുറന്നുപ്രവർത്തിക്കുക. ഇത് പ്രാദേശികമായി സ്ഥിരീകരിച്ച ശേഷം ഭോപാലിൽ സാമ്പിൾ അയച്ച് ഉറപ്പിക്കും. വീണ്ടും തുറക്കാൻ കുറഞ്ഞത് നാലുമാസമെങ്കിലും എടുക്കും. ഏറിയാലും 11ഉം. കോഴികളെ കത്തിക്കുന്നതിന് ചെലവ് അധികമാകുന്നതിനാൽ ആഴത്തിൽ കുഴിച്ചുമൂടുമെന്ന് അധികൃതർ പറഞ്ഞു.
അഞ്ചംഗങ്ങളാണ് ഒരു ദ്രുതകർമസേനയിലുണ്ടാവുക (ആർആർടി). ഒരു ഡോക്‌ടർ, രണ്ട് ലൈഫ്‌സ്‌റ്റോക്ക് ഇൻസ്‌പെക്‌ടർമാർ, രണ്ട് അറ്റൻഡർമാർ എന്നിവരാണ് സംഘത്തിൽ. കള്ളിങ് നടപടികൾക്ക് ശേഷം 10 ദിവസം നിരീക്ഷണത്തിൽ തുടരേണ്ടതിനാൽ ജില്ലാ മൃഗാശുപത്രികളിൽ ഡോക്‌ടർമാരില്ല എന്ന വാർത്ത വസ്‌തുതാ വിരുദ്ധമാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസ് അധികൃതർ അറിയിച്ചു. ജില്ലയിൽ പക്ഷിപനി നിയന്ത്രണവിധേയം ആയിട്ടില്ലാത്തിനാൽ മറ്റ് ജില്ലകളിൽ(എറണാകുളം, കോട്ടയം, പത്തനംതിട്ട) നിന്നാണ് ആർആർടി അംഗങ്ങളെ തെരെഞ്ഞടുക്കുന്നത്.
ചേർത്തല മുനിസിപ്പാലിറ്റി വാർഡ് –-4, ചേന്നംപള്ളിപ്പുറം വാർഡ് –- 11,3,5, തണ്ണീർമുക്കം വാർഡ് –- 18 എന്നിവിടങ്ങളാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ തണ്ണീർമുക്കത്തും പുന്നപ്ര സൗത്തിലും ചത്തുവീണ കാക്കകൾക്കും പക്ഷിപ്പനി സ്ഥിരീകരിച്ചു. കൈനകരിയിൽ ചത്ത കൊക്കിന്റെ ഫലവും പോസിറ്റീവായി.