കണ്ണൂര്‍: ശിക്ഷയിളവിനു മുന്നോടിയായി സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് പോലീസിനു കത്തുനല്‍കിയത് 56 പ്രതികളെക്കുറിച്ചുള്ള റിപ്പോര്‍ട്ടാവശ്യപ്പെട്ട്. കേന്ദ്രസര്‍ക്കാരിന്റെ ആസാദി കാ അമൃത് പദ്ധതിയുടെ ഭാഗമായി തടവുകാര്‍ക്ക് പ്രത്യേകയിളവ് അനുവദിക്കാന്‍ നിര്‍ദേശമുണ്ടായിരുന്നു. ഇതുപ്രകാരമാണ് കണ്ണൂരില്‍ 56 പേരുടെ പട്ടിക തയ്യാറാക്കിയത്.
ഇക്കൂട്ടത്തിലാണ് 20 വര്‍ഷം തടവിനുശിക്ഷിക്കപ്പെട്ട ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ നാല്, അഞ്ച്, ആറ് പ്രതികളും ഉള്‍പ്പെട്ടത്. പ്രതികളുടെ സ്വഭാവചരിത്രം, പുറത്തിറങ്ങിയാല്‍ ക്രമസമാധാനപ്രശ്നങ്ങളുണ്ടാവുമോ തുടങ്ങിയ കാര്യങ്ങളൊക്കെയാണ് റിപ്പോര്‍ട്ടില്‍ നല്‍കേണ്ടത്.
ടി.പി. കേസ് പ്രതികള്‍ പട്ടികയില്‍ ഉള്‍പ്പെട്ടത് സൂപ്രണ്ടിനുപറ്റിയ പിശകാണെന്ന് സംഭവം വിവാദമായപ്പോള്‍ വിശദീകരിച്ച ജയില്‍ വകുപ്പ് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ എം.കെ. വിനോദ് കുമാര്‍, സെന്‍ട്രല്‍ ജയിലില്‍നിന്നു ലഭിച്ച പുതുക്കിയ പട്ടികയില്‍ ഈ പേരുകളില്ലെന്നും പറഞ്ഞു.
‘ടി.പി. കേസിലെ പ്രതികള്‍ക്ക് 20 വര്‍ഷത്തേക്ക് ഇളവുനല്‍കരുെതന്ന് ഹൈക്കോടതി വിധിയില്‍ പറഞ്ഞിട്ടുണ്ട്. ജയിലുകളില്‍നിന്നും ഇളവിനായിനല്‍കുന്ന തടവുകാരുടെ പട്ടിക വിദഗ്ധസമിതി പരിശോധിക്കും. തുടര്‍ന്നുമാത്രമേ പരിഗണിക്കാറുള്ളൂ.’ റെമിഷന് എന്നത് ഇളവുമാത്രമാണ്. തടവുശിക്ഷയില്‍നിന്ന് വിട്ടയക്കലല്ലെന്നും പത്രക്കുറിപ്പില്‍ പറഞ്ഞു.