ഫിലഡൽഫിയ: ഭാരതഅപ്പസ്തോലനും ഇടവക മദ്ധ്യസ്ഥനുമായ വിശുദ്ധ തോമ്മാശ്ലീഹായുടെ ദുക്റാന (ഓർമ്മ) തിരുനാളിന് സെന്റ് തോമസ് സീറോമലബാർ ഫൊറോനാ ദേവാലയത്തിൽ ജൂൺ 28 വെള്ളിയാഴ്ച്ച കൊടിയേറ്റത്തോടെ തുടക്കമാകും. ഇടവക വികാരി റവ. ഡോ. ജോർജ് ദാനവേലിൽ, ചിക്കാഗോ സീറോമലബാർ രൂപതാവികാരി ജനറാൾ റവ. ഫാ. ജോ മേലേപ്പുറം എന്നിവർ സംയുക്തമായി വെള്ളിയാഴ്ച്ച വൈകുന്നേരം ആറരക്ക് തിരുനാൾ കൊടി ഉയർത്തി പതിനൊന്നുദിവസം നീണ്ടുനിൽക്കുന്ന തിരുനാൾ ആഘോഷങ്ങൾക്ക് ആരംഭം കുറിക്കും. 7 മണിക്ക് ദിവ്യബലി, തിരുസ്വരൂപങ്ങളുടെ വെഞ്ചരിപ്പ്, ലദീഞ്ഞ് എന്നിവ വെള്ളിയാഴ്ച്ചയിലെ തിരുക്കർമ്മങ്ങളിൽപ്പെടും. പ്രധാന തിരുനാൾ ദിവസങ്ങൾ ജൂലൈ 5, 6, 7 ആയിരിക്കും.
ജൂലൈ 5 വെള്ളിയാഴ്ച്ച വൈകുരേം 7 മണിക്ക് മുൻ വികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കിൽ മുഖ്യകാർമ്മികനായി ദിവ്യബലി, തിരുനാൾ സന്ദേശം, നൊവേന.
ജുലൈ 6 ശനിയാഴ്ച്ച വൈകുന്നേരം നാലര മുതൽ റവ. ഫാ. ജോബി ജോസഫ് (സെ. മേരീസ് സീറോമലബാർ, ലോംഗ് ഐലൻ്റ്) കാർമ്മികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാനയും, ലദീഞ്ഞും, പ്രദക്ഷിണവും. തുടർന്ന്, 7 മണിമുതൽ ഇടവകയിലെ കലാപ്രതിഭകൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ.
പ്രധാന തിരുനാൾ ദിവസമായ ജൂലൈ 7 ഞായറാഴ്ച്ച രാവിലെ ഒമ്പതര മണിക്ക് റവ. ഫാ. ലിജോ കൊച്ചുപറമ്പിലിൻ്റെ (ഫിലഡൽഫിയ സെ. ന്യൂമാൻ ക്‌നാനായ കത്തോലിക്കാ മിഷൻ) മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ തിരുനാൾ റാസ കുർബ്ബാന. തിരുനാൾ സന്ദേശം നൽകുന്നത് റവ. ഫാ. ജോസഫ് അലക്‌സ് (കാത്തലിക് യൂണിവേഴ്‌സിറ്റി, വാഷിംഗ്‌ട ഡി. സി.), നൊവേനക്കും ലദീഞ്ഞിനുശേഷം വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ സംവഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, യുവജനങ്ങൾ തയാറാക്കുന്ന കാർണിവൽ, തുടർന്ന് സ്നേഹവിരുന്ന്.