Friday, October 18, 2024
Homeലോകവാർത്തഇസ്രായേല്‍,ഹമാസ് പോരാട്ടം തുടരുന്നു :- എട്ട് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു

ഇസ്രായേല്‍,ഹമാസ് പോരാട്ടം തുടരുന്നു :- എട്ട് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു

റഫ: ഇസ്രായേല്‍ സൈന്യത്തിന്റെ നേരെ ഹമാസ് നടത്തിയ ആക്രമണത്തില്‍ എട്ട് സൈനികര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ രൂക്ഷമായ ആക്രമണം. അധിനിപടിഞ്ഞാറന്‍ റഫ നഗരമായ താല്‍ അസ്‌സുല്‍ത്താനു സമീപം ഇസ്രായേല്‍ സൈനിക വാഹനത്തിനു നേരെ പതിയിരുന്ന് ആക്രമണം നടത്തിയതായി ഹമാസിന്റെ സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്‌സ് പ്രസ്താവനയില്‍ പറഞ്ഞു. ഒരു ഡി9 മിലിട്ടറി ബുള്‍ഡോസറിന് നേരെ യാസിന്‍ 105 ആര്‍പിജികള്‍ വെടിവച്ചതായും നിരവധി ഇസ്രായേലി സൈനികര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തതായി അല്‍ഖസ്സാം അറിയിച്ചു.

ഇതിനു ശേഷവും ഇസ്രായേല്‍ സൈന്യത്തിന്റെ വാഹനം ആക്രമിച്ചതായും അതിലുണ്ടായിരുന്ന എല്ലാവരും മരണപ്പെട്ടതായും ഖസ്സാം ബ്രിഗേഡ്‌സ് അതേസമയം, തെക്കന്‍ ഗസയില്‍ എട്ട് സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചു. ആക്രമണം എങ്ങനെ സംഭവിച്ചുവെന്ന് അന്വേഷിക്കുമെന്ന് ഇസ്രായേലി സൈനിക വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു. ഇതോടെ, ഒക്‌ടോബര്‍ 27ന് ഗസയില്‍ കരയുദ്ധം തുടങ്ങിയ ശേഷം കുറഞ്ഞത് 307 ഇസ്രായേലി സൈനികര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഒക്ടോബര്‍ ഏഴിനു ശേഷം ഇസ്രായേല്‍ നടത്തിയ കൂട്ടക്കൊലയില്‍ കുറഞ്ഞത് 37,296 ഫലസ്തീനികളാണ് കൊല്ലപ്പെട്ടതെന്ന് ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ശനിയാഴ്ച എട്ട് സൈനികര്‍ കൊല്ലപ്പെട്ടതോടെ ഇസ്രായേലില്‍ പൊതുജനരോഷം വര്‍ധിക്കുമെന്നും വെടിനിര്‍ത്തലിനുള്ള ആഹ്വാനം ശക്തമാവുമെന്നുമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ജനുവരിയില്‍ മധ്യ ഗസയില്‍ ഫലസ്തീന്‍ പോരാളികള്‍ നടത്തിയ ഒറ്റ ആക്രമണത്തില്‍ 21 ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. അതിനിടെ, അന്താരാഷ്ട്രതലത്തിലുള്ള എതിര്‍പ്പുകളൊന്നും വകവയ്ക്കാതെ റഫ അധിനിവേശം ഇസ്രായേല്‍ സൈന്യം കൂടുതല്‍ രൂക്ഷമാക്കി. ശനിയാഴ്ച മാത്രം കുറഞ്ഞത് 19 ഫലസ്തീനികളെയാണ് ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയത്. ഭക്ഷണവും വെള്ളവും മരുന്നും ഇല്ലാതെ ലക്ഷക്കണക്കിന് സാധാരണക്കാരാണ് നഗരത്തില്‍ കുടുങ്ങിക്കിടക്കുന്നത്. നുവരിക്കു ശേഷം ഇസ്രായേല്‍ സേനയ്ക്ക് സംഭവിച്ച ഏറ്റവും ശക്തമായ തിരിച്ചടിയാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. കൊല്ലപ്പെട്ടവരെല്ലാം കോംബാറ്റ് എന്‍ജിനീയറിംഗ് കോര്‍പ്‌സിന്റെ 601ാം ബറ്റാലിയന്‍ അംഗങ്ങളാണ്. ഡെപ്യൂട്ടി കമ്പനി കമാന്‍ഡര്‍ ഉള്‍പ്പെടെയാണ് കൊല്ലപ്പെട്ടത്.

നേരത്തെ സ്ഥാപിച്ച ബോംബാണോ അതോ സ്‌ഫോടകവസ്തുവുമായി ഹമാസ് പ്രവര്‍ത്തകര്‍ വാഹനത്തിന് സമീപമെത്തി നേരിട്ട് സിഇവിയില്‍ വച്ചതാണോയെന്ന് വ്യക്തമല്ലെന്നാണ് ഇസ്രായേല്‍ സൈന്യത്തിന്റെ വിശദീകരണം. അതേസമയം കവചിത വാഹനത്തിനു പുറത്ത് സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കള്‍ സ്‌ഫോടനത്തിന് കാരണമായിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതായും സൈന്യം അറിയിച്ചു. സാധാരണയായി, ഒരു സിഇവിയുടെ പുറത്ത് സൂക്ഷിച്ചിരിക്കുന്ന മൈനുകളും മറ്റ് സ്‌ഫോടക വസ്തുക്കളും പൊട്ടിത്തെറിച്ചാല്‍ ഉള്ളിലുള്ള സൈനികര്‍ക്ക് പരിക്കേല്‍ക്കില്ല. അതിനിടെ, റഫയില്‍ ഗുരുതരമായി പരിക്കേറ്റ ഒരു ഇസ്രായേല്‍ സൈനികന്‍ കൂടി മരണപ്പെട്ടതായി സൈന്യം അറിയിച്ചു. ഗിവാറ്റി ബ്രിഗേഡിന്റെ രഹസ്യാന്വേഷണ വിഭാഗത്തിലെ 19 കാരനായ സാര്‍ജന്റ് യര്‍ റോയിറ്റ്മാന്‍ ആണ് കൊല്ലപ്പെട്ടത്. ജൂണ്‍ 10 ന് ബോബിട്രാപ്പ്ഡ് കെട്ടിടത്തില്‍ സ്‌ഫോടനത്തിലാണ് ഇയാള്‍ക്ക് പരിക്കേറ്റത്. സംഭവത്തില്‍ മറ്റ് നാല് സൈനികര്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments