തിരുവനന്തപുരം: ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കുവൈത്തിലേക്ക് പോകാൻ ആരോഗ്യമന്ത്രി വീണാജോർജിന് അനുമതി നിഷേധിച്ച കേന്ദ്രസർക്കാർ നടപടി ദൗർഭാഗ്യകരമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. കുവൈത്തിലേക്ക് പോകാനായി ആരോഗ്യമന്ത്രിക്ക് പൊളിറ്റിക്കൽ ക്ലിയറൻസ് നൽകാതിരുന്നത് വളരെ ദൗർഭാഗ്യകരമായ സംഭവമാണെന്നും സതീശൻ വിമർശിച്ചു.
‘ഇത്തരം സംഭവങ്ങൾ വിദേശരാജ്യങ്ങളിൽ ഉണ്ടാകുമ്പോൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രതിനിധികൾ അവിടെയുണ്ടാകുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. കേന്ദ്രത്തിന്റെ പ്രതിനിധി നേരത്തേ പോയി. സംസ്ഥാനത്തിന്റെ പ്രതിനിധികൂടി ഉണ്ടെങ്കിൽ അവിടെയുള്ള മലയാളി സംഘടനകളെയെല്ലാം ഏകോപിപ്പിച്ചുകൊണ്ട് കൂറേക്കൂടി ഭംഗിയായി കാര്യങ്ങൾ ചെയ്യാൻ കഴിയുമായിരുന്നു.
സംസ്ഥാന സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തപ്പോൾതന്നെ ഒരു മണിക്കൂറിനുള്ളിൽ പൊളിറ്റിക്കൽ ക്ലിയറൻസ് നൽകി ആരോഗ്യമന്ത്രിക്ക് ആവിടെ എത്താനുള്ള സൗകര്യമൊരുക്കുകയായിരുന്നു കേന്ദ്രസർക്കാർ ചെയ്യേണ്ടിയിരുന്നത്. സംസ്ഥാന ആരോഗ്യമന്ത്രിക്ക് സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് പോകാൻ കഴിയാഞ്ഞത് വളരെ ദൗർഭാഗ്യകരമാണ്. കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും തെറ്റായ സന്ദേശമാണ് ഇത് നൽകുന്നത്’, അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രത്തിന്റേത് ആവശ്യമില്ലാത്ത സമീപനമാണെന്നും ഒരുകാരണവശാലും അതിനോട് യോജിക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.