കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഭാരത് ഭവന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഫ്രൈഡേ ഫിലിം സ്‌ക്രീനിംഗിന്റെ ഭാഗമായി 2024 ജൂണ്‍ 14 വെള്ളിയാഴ്ച സ്പാനിഷ് ചിത്രം ‘നെരൂദ'(2016) പ്രദര്‍ശിപ്പിക്കും. വൈകിട്ട് 6 മണിക്ക് തൈക്കാട് ഭാരത് ഭവനില്‍ നടക്കുന്ന പ്രദര്‍ശനത്തിന് പ്രവേശനം സൗജന്യമായിരിക്കും. 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ.
കാന്‍, ബെര്‍ലിന്‍, ടൊറൻ്റോ മേളകളിലെ പുരസ്‌കാര ജേതാവായ പാബ്ലോ ലറൈന്‍ സംവിധാനം ചെയ്ത ഈ ചിത്രം ചിലി, അര്‍ജന്റീന, ഫ്രാന്‍സ്, സ്‌പെയിന്‍, അമേരിക്ക എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമാണ്.
നോബല്‍ സമ്മാനജേതാവായ ചിലിയന്‍ കവി പാബ്ലോ നെരുദയുടെ ജീവിതത്തിലെ സംഘര്‍ഷഭരിതമായ ഒരു കാലഘട്ടത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. 1946ല്‍ ചിലിയന്‍ പ്രസിഡന്റ് ഗബ്രിയേല്‍ ഗോണ്‍സാലസ് വിതേല കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരോധിക്കുകയും പ്രവര്‍ത്തകരെ കൂട്ട അറസ്റ്റിനു വിധേയമാക്കുകയും ചെയ്തപ്പോള്‍ സെനറ്റ് അംഗവും മുന്‍ അംബാസഡറുമായ നെരൂദ ഭരണകൂട നടപടിക്കെതിരെ ശക്തമായി പ്രതികരിക്കുന്നു. അതോടെ നെരൂദയെ അറസ്റ്റ് ചെയ്യാന്‍ ഭരണകൂടം ഉത്തരവിടുന്നു.
ഭാര്യ ഡെലിയക്കൊപ്പം അര്‍ജന്റീനയിലേക്കു പലായനം ചെയ്യാനൊരുങ്ങിയ നെരൂദയെ പിടിക്കാന്‍ ഓസ്‌കാര്‍ പെല്യുഷോന്യൂ എന്ന പൊലീസുകാരന്‍ നിയോഗിക്കപ്പെടുന്നു. ആ ദൗത്യം നിറവേറ്റുന്നതിനായി നെരൂദയുടെ ജീവിതവും കവിതകളും പഠിക്കാന്‍ തീരുമാനിക്കുകയാണ് പോലീസുകാരന്‍. 107 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.