കുവൈറ്റ്: കുവൈറ്റ് ദുരന്തത്തിൽ മരിച്ചത് 24 മലയാളികൾ; മരിച്ച മലയാളികളിൽ 16 പേരെ തിരിച്ചറിഞ്ഞു. ചികിത്സയിൽ കഴിയുന്ന ഏഴു മലയാളികളുടെ നില അതീവ ഗുരുതരം; മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് നോർക്ക റൂട്ട്സ് സിഇഒ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം വിദേശകാര്യമന്ത്രി സഹമന്ത്രി കീർത്തി വർധൻസിങ് കുവൈത്തിൽ എത്തിയിട്ടുണ്ട്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനായി ആരോഗ്യമന്ത്രി വീണാ ജോർജ് കുവൈത്തിലേക്ക് പോകും. ഇന്ന് ചേർന്ന അടിയന്തരമന്ത്രിസഭായോഗത്തിന്റെതാണ് തീരുമാനം. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ അടിയന്തര ധനസഹായം നൽകും. പരിക്കേറ്റവരുടെ കുടുംബത്തിന് ഒരുലക്ഷം രൂപയും ധനസഹായമായി നൽകാനാണ് തീരുമാനം. തീപിടിത്തത്തില്‍ മരണമടഞ്ഞ പത്തനംതിട്ട സ്വദേശികളുടെ വീടുകള്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിക്കും.
അൻപതിലേറെ പേർ പരിക്കേറ്റ് വിവിധ ആശുപ്രതികളിൽ ചികിത്സയിലാണ്. മലപ്പുറം തിരൂർ കൂട്ടായി സ്വദേശി കോതപ്പറമ്പ് കുപ്പൻ്റെ പുരയ്ക്കൽ നൂഹ് (40), മലപ്പുറം പുലാമന്തോൾ തിരുത്ത് സ്വദേശി എംപി ബാഹുലേയൻ (36), ചങ്ങനാശേരി ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടിൽ പ്രദീപ് -ദീപ ദമ്പതികളുടെ മകൻ ശ്രീഹരി പ്രദീപ് (27) എന്നിവരുടെ മരണമാണ് പുതുതായി സ്ഥിരീകരിച്ചത്.
കാസർകോട് തൃക്കരിപ്പൂർ എളമ്പച്ചി സ്വദേശി കേളു പൊന്മലേരി, ചെർക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത് (34), പാമ്പാടി സ്വദേശി സ്റ്റെഫിൻ ഏബ്രഹാം സാബു(29), പന്തളം മുടിയൂർക്കോണം സ്വദേശി ആകാശ് എസ്.നായർ, കൊല്ലം സ്വദേശി ഷമീർ ഉമറുദ്ദീൻ, പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി. മുരളീധരൻ (54, കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയിൽ ലൂക്കോസ് (സാബു48), പുനലൂർ നരിക്കൽ വാഴവിള സ്വദേശി സാജൻ ജോർജ്, കോന്നി അട്ടച്ചാക്കൽ സ്വദേശി ചെന്നിശ്ശേരിയിൽ സജു വർഗീസ്(56), തിരുവല്ല മേപ്ര സ്വദേശി തോമസ് ഉമ്മൻ, കണ്ണൂർ ധർമടം സ്വദേശി വിശ്വാസ് കൃഷ്ണൻ എന്നിവരുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു. മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ ടെസ്റ്റ് നടത്തും.
തിരുവല്ല നിവാസിയായ കെ ജി എബ്രഹാമിന്റെ ഉടമസ്ഥതയില്‍ ഉള്ള കമ്പനിയുടെ ജീവനക്കാര്‍ താമസിച്ചിരുന്ന ഫ്ലാറ്റിനു ആണ് തീ പിടിച്ചത് . കെ ജി എബ്രഹാമിന്റെ ബന്ധുക്കള്‍ ആണ് കോന്നി അട്ടച്ചാക്കൽ ചെന്നശ്ശേരിൽ സജു വർഗീസ് (56),കോട്ടയം പാമ്പാടി വിശ്വഭാരതി കോളേജിനു സമീപം ഇടിമണ്ണിൽ സാബു ഫിലിപ്പിന്റെ മകൻ സ്റ്റെഫിൻ ഏബ്രഹാം സാബു എന്നിവര്‍.
പത്തനംതിട്ട തിരുവല്ല നിവാസിയായ കെ ജി എബ്രഹാം എന്ന മലയാളി വ്യവസായിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി കമ്പനി ജീവനക്കാരുടെ ഫ്ലാറ്റിലാണ് ഇന്നലെ പുലർച്ചെ തീ പിടിച്ചത് . സ്വദേശി പൗരന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. കെട്ടിട ഉടമയെയും സുരക്ഷാ ജീവനക്കാരനെയും അറസ്റ്റു ചെയ്തു. കെട്ടിട ഉടമയുടെ അത്യാഗ്രഹമാണ് അപകടത്തിലേക്ക് നയിച്ചതെന്ന് ഉപപ്രധാനമന്ത്രി ഷെയ്ക് ഫഹദ് യൂസുഫ് സൗദ് അൽ സബാഹ് പറഞ്ഞു. തീപിടിത്തത്തിൽ മരിച്ചവരുടെ ആശ്രിതർക്കും പരുക്കേറ്റവർക്കും എല്ലാ സഹായവും ഉറപ്പാക്കുമെന്ന് എൻബിടിസി കമ്പനി പറയുന്നു . പരുക്കേറ്റ ഇന്ത്യക്കാർക്ക് മികച്ച ചികിൽസ ഉറപ്പു വരുത്തിയതായി ഇന്ത്യൻ സ്ഥാനപതി പറഞ്ഞു.